ഹിമാലയത്തിലെ നന്ദാദേവി പര്‍വത നിരകള്‍ക്കിടയില്‍ പൂക്കള്‍ക്കായി ഒരു താഴ്വരയുണ്ട്. നിറക്കൂട്ടുകളും മോഹിപ്പിക്കുന്ന ഗന്ധങ്ങളും കൊണ്ട് മത്തുപിടിപ്പിക്കുന്ന നൈസ്സര്‍ഗിക ഉദ്യാനം. ബദരീനാഥിലേയ്ക്കുള്ള യാത്രയില്‍ ഹരിദ്വാറില്‍ നിന്ന് 299 കിലോമീറ്റര്‍ അകലെ, 4570 അടി ഉയരത്തില്‍ ഗോവിന്ദ്ഘട്ട്. അവിടെ നിന്ന് 20 കിലോമീറ്റര്‍ ചെങ്കുത്തായ ദുര്‍ഘടപാത താണ്ടിയാല്‍ ഈ താഴ്വരയിലെത്താം.
ഹിമവാന്റെ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്നതു കാണാം. പുരാണകഥകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നൊരു പശ്ചാത്തലമുണ്ടതിന്. മൃതസഞ്ജീവനിയും കല്യാണസൗഗന്ധികവും കദളീവനവും മനസ്സിലേയ്ക്കു കടന്നു വരും.
ആ താഴ്വരയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങാറായി. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളാണ് അവിടുത്തെ പൂക്കാലം. പ്രകൃതി പുഞ്ചിരിച്ചു നില്ക്കുന്ന കാലം.
കസവുമുണ്ടുടുത്ത് പച്ചിലക്കുമ്പിളില്‍ പൂക്കളുമായി വരുന്ന നാടന്‍ പെണ്ണ്. പുഷ്പങ്ങളുടെ താഴ്വരയിലേയ്ക്കു കടക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന രൂപം അതായിരിക്കും. നന്ദാദേവി പര്‍വത നിരകളുടെ മോഹിപ്പിക്കുന്ന പച്ചപ്പിനുമേല്‍ തെളിവെയിലിന്റെ തിളക്കം.
ആ പച്ചപ്പിനു താഴെയാണ് പൂക്കള്‍ തീര്‍ക്കുന്ന വര്‍ണപ്രപഞ്ചം. ചെടികള്‍ക്കിടയിലൂടെ ഒഴുകുന്ന പുഷ്പവതി എന്ന നീരൊഴുക്ക് .
ഫ്രാങ്ക്.എസ്.സ്മിത്ത് എന്ന സായിപ്പ് ആണ് ഇതിനെ പൂക്കളുടെ താഴ്വര എന്ന് വിളിച്ചത് . ഹിമവാന്റെ പൂക്കുമ്പിള്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പറഞ്ഞാല്‍ തീരാത്തത്ര വര്‍ണങ്ങളും പൂക്കളും കൊണ്ട് ഹിമവാന് ആ കുമ്പിള് നിറച്ചുപിടിച്ചിരിക്കുന്നു. പത്തു കിലോമീറ്റര്‍ നീളത്തിലും രണ്ടു കിലോമീറ്റര്‍ വീതിയിലും നിറങ്ങള്‍ വാരി വിതറിയിരിക്കുന്നു .
മഞ്ഞുമല ഉരുകുന്ന സമയത്താണു ചെടികള്‍ മണ്ണിനടിയില്‍ നിന്നു തലയുയര്‍ത്തുക. അത് ഏതാണ്ട് ഏപ്രില്‍ മാസത്തോടെയായിരിക്കും. ജൂലൈ അവസാനത്തോടെ പൂക്കള്‍ വിരിയാന്‍ തുടങ്ങും. ഓഗസ്റ്റ് സെപ്റ്റംബര്‍ പൂക്കാലമാണ്. ഓക്ടോബറോടെ കൊഴിയും.
സസ്യ സ്നേഹികളുടെ സ്വര്‍ഗമാണിവിടം. ജൈവവൈവിധ്യത്തിന്റെ വന്‍ കലവറ. ഇവര്‍ കയ്യില്‍ കരുതിവച്ചിരിക്കുന്ന ഔഷധഗുണങ്ങള്‍ അമൂല്യം. മിക്കവയും കൊടും തണുപ്പില്‍ കാടിന്റെ വിജനതയില്‍ വിരിയും. ഈ കാലാവസ്ഥയിലേ വിരിയൂ. പ്രകൃതിയെ നോക്കി ചിരിക്കും. പിന്നെ കൊഴിയും. വിത്തുകള്‍ മഞ്ഞിനടിയില്‍ സമാധിയിരിക്കുകയായി, അടുത്ത സീസണില്‍ ചെടികളായി ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള തപസ്സ്.
ജി.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: