''കരിപ്പുള്ളി കഴുകിക്കളയണം''

Wednesday 6 June 2018 1:15 am IST

അറുപത് പിന്നിട്ട അവശരായവര്‍ക്ക് ആശ്വാസമരുളുക എന്ന പരിപാവന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, അത്യുന്നത ധനകാര്യസ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ ഒരുപാട് പ്രതീക്ഷകളോടെ ''പ്രധാനമന്ത്രി വയോവന്ദന യോജന'' എന്ന പെന്‍ഷന്‍ പ്ലാന്‍ ആസൂത്രണം ചെയ്ത് അവതരിപ്പിച്ചത്. 

മാറിയ കാലഘട്ടത്തില്‍ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഉയര്‍ന്ന പലിശയാണ് പെന്‍ഷന്‍ രൂപേണ പ്രസ്തുത പോളിസിയില്‍ നല്‍കപ്പെടുന്നത്! ഇതേ സമയം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തനിയെയായി ''ജീവന്‍ അക്ഷയ്'' എന്ന പെന്‍ഷന്‍ പോളിസി മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുണ്ട്. വയസ്സിന്റെ നിബന്ധനകളില്ലാത്ത പ്രസ്തുത പോളിസിയുടെ വരുമാനം വ്യത്യസ്തവും!

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ വില്‍പ്പന മാര്‍ഗം പ്രധാനമായും അവരുടെ ഏജന്റുമാരാണല്ലോ! അവരുടെ സന്ദേശം വര്‍ഷങ്ങളായി ജനകോടികളിലെത്തിക്കുന്നത് ഏജന്റുമാരാണ്. ടിവിയും പത്രങ്ങളും മറ്റും രംഗത്ത് വന്നത് ഇന്നലെകളിലാണല്ലോ.

എല്‍ഐസി അവരുടെ പെന്‍ഷന്‍ പോളിസി വില്‍പ്പനയില്‍ നല്‍കപ്പെടുന്ന കമ്മീഷന്റെ നൂറിലൊരംശം പോലും പ്രധാനമന്ത്രിയുമായി യോജിച്ചുള്ള പ്രസ്തുത പെന്‍ഷന്‍ പോളിസി വില്‍പ്പനയ്ക്ക് അനുവദിക്കാത്തതിന്റെ പൊരുളെന്താണ്? രഹസ്യമെന്താണ്? അവരുടെ പോളിസി വില്‍പ്പനയ്ക്ക് കുറവ് വരരുതെന്ന് കരുതിയോ? പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാനോ, തകര്‍ക്കാനോ? 

                      സി.പി ഭാസ്‌കരന്‍, 

                       നിര്‍മ്മലഗിരി

ആരോഗ്യ രംഗത്തെ അരക്ഷിതാവസ്ഥ

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ആരോഗ്യരംഗത്തെ അരക്ഷിതാവസ്ഥയാണ്. ആഴത്തില്‍ പരിശോധിച്ചാല്‍ അതിന്റെ മുഖ്യകാരണം മാലിന്യപ്രശ്‌നമാണെന്ന് കാണാം. ഇവിടെയാണ് നാം നമ്മുടെ പൂര്‍വികരുടെ ബുദ്ധിശക്തിയെ ആദരിക്കേണ്ടത്.

പണ്ടൊക്കെ മിഥുനമാസം മുപ്പതാം തിയതി ആവുമ്പോഴേക്കും കാലവര്‍ഷം തുടങ്ങുമ്പോഴേക്കും വീടും പരിസരവും അടിച്ചുവാരി മാലിന്യങ്ങളെല്ലാം കത്തിച്ചിരിക്കും. ഇന്ന് അവയെല്ലാം പതുക്കെ, അയല്‍പക്കത്തേക്ക് ഒഴിവാക്കും. 

അവ അവിടെക്കിടന്ന് കൊതുകുകളുടേയും വൈറസുകളുടേയും ഈറ്റില്ലവും പോറ്റില്ലവുമായി പരിണമിക്കുകയും ഇടതടവില്ലാതെ പലവിധ രോഗങ്ങളേയും മാനവരാശിക്ക് നല്‍കിക്കൊണ്ടേയിരിക്കുന്നു. കര്‍ക്കിടക സംക്രാന്തിയും അതിനോടനുബന്ധിച്ച ആചാരാനുഷ്ഠാനങ്ങളും ഹൈന്ദവമായതിനാല്‍ ഹറാമായി പരിഗണിക്കുന്നു. ആത്യന്തികഫലമോ ജനങ്ങള്‍ക്ക് തീരാവ്യാധികളും ജീവനാശവും സര്‍ക്കാരിന് ധനനഷ്ടവും.

മുമ്പൊക്കെ വീടുകളില്‍ രണ്ടുനേരവും അകവും പുറവും അടിച്ചുവാരി നല്ല പുതിയ പശുവിന്‍ ചാണകം കലക്കി തളിക്കുന്നതാണ്. ചാണകത്തെപ്പോലെ വൈറസുകളെ നശിപ്പിക്കാന്‍ കഴിവുള്ള അണുനാശിനികളെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. 

ചുരുക്കിപ്പറഞ്ഞാല്‍ ഒറ്റ പൈസപോലും ചിലവില്ലാതെ വീടും പരിസരവും ശുചിയാക്കിവെക്കാനും തദ്വാരാ പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്താനും ആവശ്യമായ ലളിതമായ മാര്‍ഗ്ഗങ്ങള്‍ പൂര്‍വ്വികര്‍ കണ്ടെത്തിതന്നത് ഉപേക്ഷിച്ച് മഴക്കാലപൂര്‍വ്വശുചീകരണത്തിന്റെ പേരില്‍ കോടികള്‍ പൊടിച്ചിട്ടും രോഗങ്ങള്‍ മാനവരാശിയെ വിടാതെ കൂടുന്നതൂം കാണുമ്പോള്‍ നിഷ്‌കളങ്കതകൊണ്ട് ചോദിക്കാന്‍ തോന്നുന്നു 'നമുക്ക് പഴയതിലേക്ക് തിരിച്ചു പൊയ്ക്കൂടെ'?

                      ക്യാപ്റ്റന്‍ കെ.വേലായുധന്‍ 

                         കോഴിക്കോട് 

സാറന്മാെരന്ത്യേ?

കൊടിതോരണമില്ല. പ്രവേശനോത്സവമില്ല, മന്ത്രിയുടെ എഴുന്നള്ളത്തില്ല, വാര്‍ഡ് മെമ്പറുടെ താരാട്ടുപാട്ടില്ല, ആരും പ്രവേശനത്തിനെത്താതെ അരുവിക്കര മണ്ഡലത്തിലെ ബോണക്കാട് യു.പി സ്‌കൂള്‍.

ഇവിടെന്താ ഹൈടെക്കില്ലേ, സ്മാര്‍ട്ട് ക്‌ളാസ് റൂം? പൊതു വിദ്യാഭ്യാസ പ്രോക്താക്കള്‍ എന്ത്യേ, പിള്ളാരെ പിടുത്തക്കാരായ സാറന്മാര്‍ എവിടെപ്പോയി?

                               കെ.എ. സോളമന്‍

                               എസ്. എല്‍. പുരം

ബംഗാളില്‍ കാണുന്നത് സിപിഎം ഭരണത്തിന്റെ ബാക്കിപത്രം

ബംഗാളിലെ ജനസംഖ്യയുടെ പത്തുശതമാനത്തില്‍ കുറയാതെ കൊടും ക്രിമിനലുകളുടെ കൂട്ടായ്മയാണിന്ന്. 1977ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി 35 വര്‍ഷത്തെ ഭരണംകൊണ്ടു ബംഗാളിനെ ഏതുവിധത്തില്‍ ഈ അവസ്ഥയിലെത്തിച്ചു എന്നു ചിന്തിക്കണം.

സിപിഎം ഭരണത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുകള്‍ നോക്കൂ. 1997ല്‍ നിയമസഭയില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞത്; 1977നും 1996നും മദ്ധ്യേ 28,000ത്തോളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു എന്നാണ്. തൊണ്ണൂറുകളുടെ അവസാനത്തോടെ കൊലപാതകങ്ങളുടെ തോത് പിന്നെയും ഉയര്‍ന്നു. 97ലെ കണക്കുകള്‍ കേട്ട് മുഖ്യമന്ത്രി പരക്കെ വിമര്‍ശിക്കപ്പെട്ടതിനാല്‍, കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാത്ത കൊലപാതകങ്ങള്‍ ആയിരുന്നു പിന്നീട് നടന്നത്. 2009ലെ കണക്ക്: കൊലപാതകങ്ങള്‍-2284, ബലാത്സംഗങ്ങള്‍-2516, മാനഭംഗം-3013, സ്ത്രീപീഡനങ്ങള്‍-17,571. കൂടാതെ മാവോയിസ്റ്റ് നേതൃത്വത്തില്‍ 134 കൊലപാതകങ്ങള്‍.

1977നും 2009നുമിടയില്‍ 55,408 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടും ഈ കാലയളവില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഒരു കൊലയ്ക്ക് ഒരാള്‍ വച്ച് കണക്കാക്കിയാലും 55,000ലധികം കൊലയാളികള്‍ ഉണ്ടാകണമല്ലോ.

മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ എതിരാളിയായി ഉദയം ചെയ്ത മമത ബാനര്‍ജി, മുന്‍ഗാമികളേക്കാള്‍ ക്രൂരതയും അധാര്‍മ്മികതയും നിറഞ്ഞ തേര്‍വാഴ്ച നടത്തിയാണു  ഭരണം പിടിച്ചത് .  മാര്‍ക്‌സിസ്റ്റു ഭരണത്തിലെ ക്രിമിനലുകള്‍ ഭരണമാറ്റത്തോടെ ഭരണഭാഗത്തേക്ക് ചുവടുമാറുകയും ചെയ്തു. 

ദശാബ്ദങ്ങളായി ബംഗ്ലാദേശില്‍ നിന്ന് അഭയാര്‍ഥികളായി കടന്നു വന്ന മുസ്ലീം തീവ്രവാദികളുടേയും അനധികൃത കുടിയേറ്റക്കാരുടെയും എണ്ണം തിട്ടപ്പെടുത്താവുന്നതല്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ആശീര്‍വാദത്തോടെ അവര്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു നല്‍കിയിട്ടുമുണ്ട്. മമത ബാനര്‍ജി അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമേ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളും. ഇവരെല്ലാം കൂടിച്ചേര്‍ന്ന് ബംഗാളിനെ നാസിക്യാമ്പിനെ വെല്ലുന്ന തരത്തിലാക്കി. 

ഇതിനെതിരെ മനുഷ്യാവകാശ കമ്മിഷനോ, സദാചാര കമ്മിഷനോ, ന്യൂനപക്ഷ കമ്മിഷനോ, പട്ടികജാതി കമ്മിഷനോ ഒന്നും ശബ്ദിക്കാനില്ലേ? ബംഗാളിനെ രക്ഷിക്കാന്‍ ഇനി അവിടെ രാഷ്ട്രപതി ഭരണം തന്നെ വരണം. നല്ലൊരു ശുദ്ധീകരണ പ്രക്രിയ നടക്കണം. 

ജി.മോഹനന്‍ നായര്‍

                               കീരിക്കോട്

ബിനാമി സ്വത്ത് വിവരം നല്‍കിയാല്‍ നടപടി: ശക്തമായ തീരുമാനം

ബിനാമി സ്വത്ത് വിവരം നല്‍കിയാല്‍ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനം ഏറെക്കുറെ പ്രശംസനീയമാണ്. ബിനാമി പേരില്‍  സ്വത്തും വസ്തുവകകളും സമ്പാദിച്ച് കൂട്ടിയവര്‍ക്ക് ഉറക്കം നഷ്ടപ്പെടുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഒരു പരിധിവരെ സഹായിച്ചേക്കും. 

വിദേശത്തുള്ള ബിനാമി ആസ്തികളിലൂടെയും മറ്റും കോടികളുണ്ടാക്കുന്നവര്‍ക്ക് ഭീഷണിയാകുന്ന ഈ നീക്കം ഒരു പരിധിവരെ കള്ളപ്പണവേട്ടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉജ്വല കാല്‍വെയ്പ്പാകും. ഇതിലൂടെ സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തില്‍ വരുത്തിയിരിക്കുകയാണ്.

                                   കൃഷ്ണകുമാര്‍

                                      പരവൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.