അമിത് ഷാ ഇന്ന് ഉദ്ധവിനെ കാണും

Wednesday 6 June 2018 1:23 am IST
പാല്‍ഗഡില്‍ ശിവസേനയുടെ ശ്രീനിവാസ് വനഗയെ മുപ്പതിനായിരത്തിനടുത്തു വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയിലെ രാജേന്ദ്ര ഗവിത് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഭാന്ദ്ര-ഗോണ്ടിയ സീറ്റില്‍ കോണ്‍ഗ്രസ് - എന്‍സിപി സഖ്യത്തിനായിരുന്നു ജയം.

മുംബൈ: ബിജെപിയുടെ സമ്പര്‍ക്ക് ഫോര്‍ സമര്‍ധന്‍(പിന്തുണയ്ക്കായി സമ്പര്‍ക്കം) പരിപാടിയുടെ ഭാഗമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ കാണും. മുംബൈയില്‍ ഉദ്ധവിന്റെ വീട്ടില്‍ വൈകിട്ടാണ് കൂടിക്കാഴ്ച. പാല്‍ഗഡ്  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയതിനു തൊട്ടു പിന്നാലെയുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ വൃത്തങ്ങള്‍ വലിയ പ്രാധാന്യമാണ് കാണുന്നത്. 

പാല്‍ഗഡില്‍ ശിവസേനയുടെ ശ്രീനിവാസ് വനഗയെ മുപ്പതിനായിരത്തിനടുത്തു വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയിലെ രാജേന്ദ്ര ഗവിത് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഭാന്ദ്ര-ഗോണ്ടിയ സീറ്റില്‍ കോണ്‍ഗ്രസ് - എന്‍സിപി സഖ്യത്തിനായിരുന്നു ജയം. 

സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി പ്രമുഖരുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ചകള്‍ തുടരുകയാണ്. മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി-ശിവസേനാ സഖ്യം സജീവമാകണം എന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് അമിത് ഷാ- ഉദ്ധവ് ചര്‍ച്ച.  ഏറ്റവും കടുത്ത രാഷ്ട്രീയ ശത്രു ബിജെപിയാണെന്നു പറഞ്ഞ് കഴിഞ്ഞ ദിവസമാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. പാര്‍ട്ടി എംപി സഞ്ജയ് റൗത്ത് എഴുതിയ ലേഖനത്തിലായിരുന്നു ഈ പരാമര്‍ശം.  ഉദ്ധവിനെ കാണാന്‍ അമിത് ഷാ സമയം ചോദിച്ചു, ബുധനാഴ്ച വൈകിട്ട് അനുവദിച്ചിട്ടുണ്ട് എന്ന സഞ്ജയ് റൗത്ത് പറഞ്ഞതും വിവാദമായിരുന്നു. നാലു വര്‍ഷത്തിനു ശേഷം ഉദ്ധവിനെ അമിത് ഷാ കാണുന്നതെന്തിന് എന്നും റൗത്ത് ചോദിച്ചു. റൗത്തിന് മറുപടിയുമായി ബിജെപി നേതാവ് സുധീര്‍ മുഗന്തിവര്‍ രംഗത്തു വന്നു. ദേശീയതലത്തില്‍ ബിജെപി സംഘടിപ്പിക്കുന്ന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് ഉദ്ധവിനെ അമിത് ഷാ കാണുന്നതെന്ന് സുധീര്‍ പറഞ്ഞു.

 ഉദ്ധവിനെ കാണണം എന്നു നേരത്തേ തീരുമാനിച്ചിരുന്നു. മഹാരാഷ്ട്രയില്‍ മറ്റു പല പ്രമുഖരേയും അമിത് ഷാ കാണുന്നുണ്ടെന്നും സുധീര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.