റംസാന്‍ വ്രത ഉത്തരവിന്റെ മറവില്‍ കെഎസ്ആര്‍ടിസിയില്‍ ട്രിപ്പുകള്‍ മുടക്കുന്നു

Wednesday 6 June 2018 1:22 am IST
സമയക്രമീകരണം നടത്തിയാല്‍ ട്രിപ്പുകള്‍ മുടങ്ങുന്നത് ഒഴിവാക്കാമെന്നിരിക്കെ കോര്‍പ്പറേഷന്റെ ഉത്തരവിനെ ദുരുപയോഗം ചെയ്യുന്നതാണ് നഷ്ടം വരുത്തുന്നത്. അതത് യൂണിറ്റുകളിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറാണ് സമയ ക്രമീകരണം നടത്തേണ്ടത്. യുക്തിപൂര്‍വ്വം സമയക്രമീകരണം നടത്തിയാല്‍ നഷ്ടം ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ ഇത് കണക്കിലെടുക്കാതെ സര്‍വീസുകള്‍ മുടക്കി ട്രിപ്പുകള്‍ വെട്ടിക്കുറയ്ക്കുകയാണ്.

കോട്ടയം: റംസാന്‍ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ടുള്ള കെഎസ്ആര്‍ടിസിയിലെ ഉത്തരവിന്റെ മറവില്‍ വ്യാപകമായി ഷെഡ്യൂളുകള്‍ അട്ടിമറിക്കുന്നു. ഇതുമൂലം കോര്‍പ്പറേഷന് ലക്ഷങ്ങളുടെ നഷ്ടം. 

റംസാന്‍ വ്രതമനുഷ്ഠിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നോമ്പ് തുറക്കലിന് സമയം അനുവദിക്കണമെന്നാണ് ഉത്തരവ്. മെയ് 11ന് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) ആണ് ഉത്തരവ് ഇറക്കിയത്. നോമ്പ് തുറക്കലിന് സമയം ആവശ്യമുള്ളവര്‍ വ്യക്തിഗത അപേക്ഷ യൂണിറ്റ് അധികാരികള്‍ക്ക് നല്‍കണമെന്ന ഉത്തരവിലെ നിബന്ധനയും മിക്ക ഡിപ്പോകളിലും പാലിക്കപ്പെടുന്നില്ല. 

സമയക്രമീകരണം നടത്തിയാല്‍ ട്രിപ്പുകള്‍ മുടങ്ങുന്നത് ഒഴിവാക്കാമെന്നിരിക്കെ കോര്‍പ്പറേഷന്റെ ഉത്തരവിനെ ദുരുപയോഗം ചെയ്യുന്നതാണ് നഷ്ടം വരുത്തുന്നത്. അതത് യൂണിറ്റുകളിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറാണ് സമയ ക്രമീകരണം നടത്തേണ്ടത്. യുക്തിപൂര്‍വ്വം സമയക്രമീകരണം നടത്തിയാല്‍ നഷ്ടം ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ ഇത് കണക്കിലെടുക്കാതെ സര്‍വീസുകള്‍ മുടക്കി ട്രിപ്പുകള്‍ വെട്ടിക്കുറയ്ക്കുകയാണ്.

കോട്ടയം ജില്ലയിലെ പാലാ, പൊന്‍കുന്നം, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് വ്യാപകമായി ഷെഡ്യൂളുകള്‍ താളം തെറ്റുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമാന സ്ഥിതിവിശേഷമാണ് . ഉത്തരവിന്റെ മറവില്‍ ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് 6.30ന് പുറപ്പെടുന്ന കട്ടപ്പന-കോട്ടയം സര്‍വീസിന്റെ വൈകിട്ട് കോട്ടയത്ത് എത്തി തിരികെ ഈരാറ്റുപേട്ടയില്‍ അവസാനിക്കുന്ന ഷെഡ്യൂള്‍ വെട്ടിക്കുറച്ചു. കോട്ടയത്ത് എത്താതെ സര്‍വീസ് ഏറ്റുമാനൂരില്‍ നിര്‍ത്തുന്നു. തുടര്‍ന്ന് സമയക്രമം തെറ്റിച്ച് ഈരാറ്റുപേട്ടയിലേക്ക് തിരികെ പോകുമ്പോള്‍ വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടാകുന്നത്. ഈ സര്‍വീസ് കോട്ടയത്ത് നിന്ന് വൈകിട്ട് 6.20നാണ് ഈരാറ്റുപേട്ടയിലേക്ക് മടങ്ങേണ്ടത്. കോട്ടയം ഡിപ്പോയില്‍ തന്നെ ജീവനക്കാര്‍ക്ക് നോമ്പ്തുറക്കുന്നതിന് സൗകര്യം കൊടുത്താല്‍ വരുമാന നഷ്ടവും ഷെഡ്യൂള്‍ മാറ്റുന്നതും ഒഴിവാക്കാം. 

ഒരു ഡിപ്പോയില്‍ നിന്ന് തന്നെ നിരവധി ജീവനക്കാര്‍ നോമ്പ് തുറക്കലിന് സമയം ആവശ്യപ്പെടുമ്പോള്‍ അവരെ പല സര്‍വീസില്‍ വിടാതെയുള്ള ക്രമീകരണം നടത്തിയാല്‍ മുടങ്ങുന്ന സര്‍വീസുകളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും. സ്‌കൂളുകള്‍ തുറന്നതോടെ കെഎസ്ആര്‍ടിസിയുടെ ഇത്തരം നടപടികള്‍ മൂലം പല സ്ഥലങ്ങളിലും യാത്രാക്ലേശം രൂക്ഷമായിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.