ശ്രീജിത്തിന്റെ കസ്റ്റഡി കൊല; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍

Wednesday 6 June 2018 1:29 am IST
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കുന്നെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഡിവൈഎസ്പിയുടെ വിശദീകരണത്തില്‍ പറയുന്നു. ഈ കേസില്‍ സാക്ഷികളുടെയും പ്രതികളുടെയും ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു.

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ .ശ്രീജിത്തിനെ പോലീസ് മര്‍ദിച്ചു കൊന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് അധികൃതര്‍ വിശദീകരണം നല്‍കിയത്.

 കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു റൂറല്‍ എസ്പി എ.വി. ജോര്‍ജിന്റെ ഭാഗത്തുണ്ടായ വീഴ്ച കണക്കിലെടുത്താണ് അദ്ദേഹത്തെ അന്വേഷണ വിധേയമായി  സസ്‌പെന്‍ഡ് ചെയ്തതെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ 11 പോലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാണെന്നും ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെ  പ്രതിചേര്‍ത്തിട്ടുണ്ടെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.  വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കുന്നെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഡിവൈഎസ്പിയുടെ വിശദീകരണത്തില്‍ പറയുന്നു. ഈ കേസില്‍ സാക്ഷികളുടെയും പ്രതികളുടെയും ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു.

വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സിസിടിവി പിടിച്ചെടുത്ത് പരിശോധനയ്ക്കായി ഫോറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കൃത്യനിര്‍വഹണത്തിലുള്ള വീഴ്ച കണക്കിലെടുത്ത് മുന്‍ സിഐ ക്രിസ്പിന്‍ സാം ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എറണാകുളം റൂറല്‍ എസ്പിയുടെ കീഴില്‍ 2017 ഫെബ്രുവരി 24 നാണ് അനൗദ്യോഗിക വിഭാഗമായ ആര്‍ടിഎഫിന് രൂപം നല്‍കിയത്.  ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസില്‍ എട്ട് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തൊണ്ടി മുതലും രേഖകളും പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചെന്നും വിശദീകരണത്തില്‍ പറയുന്നു. 

കഴിഞ്ഞ മേയ് രണ്ട്, ഒമ്പത്, 15 തീയതികളിലായി മൂന്നു തവണ റൂറല്‍ എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്തു. നിയമവിരുദ്ധമായി ആര്‍ടിഎഫിന് രൂപം നല്‍കിയതിനു പുറമേ റൂറല്‍ എസ്പി ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച് മെയ് 11 ന് ഉത്തരവിറങ്ങിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഹര്‍ജി ജൂണ്‍ 13 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.