കവാനിയും സുവാരസും പിന്നെ സലയും

Wednesday 6 June 2018 1:40 am IST
ആതിഥേയരായ റഷ്യയും ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയുമാണ് ഉദ്ഘാടന പോരാട്ടത്തില്‍ ഏറ്റുമുട്ടുക. 11 നഗരങ്ങളിലെ 12 വേദികളിലാണ് ലോകപോരാട്ടങ്ങള്‍. 32 ടീമുകളാണ് ലോകകപ്പില്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഈ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിനെയും പരിചയപ്പെടാം.

ലോകം റഷ്യയിലേക്ക് ചുരുങ്ങാന്‍ ഇനി എട്ട് നാളുകള്‍. ജൂണ്‍ 14ന് 21-ാമത് ഫിഫ ലോകകപ്പിന് മോസ്‌കോയിലെ ലുഷ്‌നിക് സ്‌റ്റേഡിയത്തില്‍ കിക്കോഫ് ആകുന്നതോടെ കായികലോകം ഒരുപന്തിന് പിന്നാലെ നീങ്ങും. ആതിഥേയരായ റഷ്യയും ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയുമാണ് ഉദ്ഘാടന പോരാട്ടത്തില്‍ ഏറ്റുമുട്ടുക. 11 നഗരങ്ങളിലെ 12 വേദികളിലാണ് ലോകപോരാട്ടങ്ങള്‍. 32 ടീമുകളാണ് ലോകകപ്പില്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഈ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിനെയും പരിചയപ്പെടാം.

ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യക്ക് പുറമെ സൗദി അറേബ്യ, ഈജിപ്ത്, ഉറുഗ്വെ ടീമുകളാണ് കളിക്കുന്നത്. 

ഉറുഗ്വെ

ഗ്രൂപ്പ് എയില്‍ കരുത്തര്‍ ഫിഫ റാങ്കിങ്ങില്‍ 17-ാം സ്ഥാനത്തുള്ള ഉറുഗ്വെ തന്നെ. എതിരാളികള്‍ താരതമ്യേന ദുര്‍ബ്ബലരായതിനാല്‍ അനായാസം പ്രീ ക്വാര്‍ട്ടറില്‍ കടക്കാമെന്ന പ്രതീക്ഷയിലാണ് ഉറുഗ്വെ കോച്ച് ഓസ്‌കര്‍ ടബേരസ്. 2006 മുതല്‍ ടീമിനെ പരിശീലിപ്പിക്കുന്ന ടബേരസ് യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ ടീമിനെയാണ് റഷ്യയില്‍ അണിനിരത്തുന്നത്. രണ്ട് തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ഉറുഗ്വെ (1930, 1950) 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ നാലാം സ്ഥാനം നേടി. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയോട് തോറ്റു പുറത്തായി. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും ടീമിനെ പരിശീലിപ്പിക്കുന്നത് എഴുപതുകാരനായ ടബരേസ് തന്നെ. അസുഖബാധിതനായി വീല്‍ചെയറിലായിട്ടും ഉറുഗ്വെ ടബരേസിനെ മാറ്റിയില്ല. പതിമൂന്നാം തവണയാണ് ലോകകപ്പിനെത്തുന്നത്.

 തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനു മാത്രം പിന്നിലായി രണ്ടാമതായാണ് ഉറുഗ്വെ ലോകകപ്പിനു ടിക്കറ്റെടുത്തത്. യോഗ്യതാ റൗണ്ടിലെ 18 കളികളില്‍ 9 എണ്ണം ജയിച്ചപ്പോള്‍ നാലില്‍ സമനില. അഞ്ചെണ്ണത്തില്‍ തോറ്റു. യോഗ്യതാ റൗണ്ടില്‍ കവാനിയായിരുന്നു ടോപ് സ്‌കോറര്‍ 10 ഗോളുകള്‍. സുവാരസ് അഞ്ചെണ്ണം അടിച്ചു.

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് സ്‌ട്രൈക്കര്‍മാരെ അണിനിരത്തിയാണ് അവര്‍ എത്തുന്നത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ എഡിസണ്‍ കവാനിയും ബാഴ്‌സലോണയുടെ ലൂയി സുവാരസുമാണ് അവരുടെ ഗോളടിയന്ത്രങ്ങള്‍. ഇവരെ തടഞ്ഞുനിര്‍ത്താന്‍ എതിര്‍ ടീമുകള്‍ക്ക് അങ്ങേയറ്റം പ്രയത്‌നിക്കേണ്ടി വരും. അര്‍ദ്ധാവസരങ്ങള്‍പോലും ഗോളാക്കാന്‍ കഴിവുള്ളവരാണ് ഇവര്‍. പ്രതിരോധത്തിലെ കരുത്തന്‍ ഡീഗോ ഗോഡിനാണ് ടീം നായകന്‍. ദേശീയ ടീമിനായി 115 മത്സരങ്ങളുടെ അനുഭവസമ്പത്തുമായാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ താരമായ ഗോഡിന്‍ ടീമിനെ നയിക്കാനിറങ്ങുന്നത്. 125 മത്സരങ്ങള്‍ കളിച്ച പോര്‍ട്ടോയുടെ മാക്‌സി പെരേരയും ലാസിയോയുടെ മാര്‍ട്ടിന്‍ കസേര്‍സും അത്‌ലറ്റികോയുടെ ജോസ് ഗിമിനെസും ഗോഡിന് കൂട്ടായി പ്രതിരോധത്തിലുണ്ട്. ക്രിസ്റ്റിയന്‍ റോഡ്രിഗസാണ് മധ്യനിരയിലെ പ്രശസ്തന്‍. കാര്‍ലോസ് സാഞ്ചസ്, മാത്യസ് വെസിനോ, ലൂക്കാസ് ടോറിയേറ,  റോഡ്രിഗോ ബെന്റാന്‍കര്‍ എന്നിവരാണ് മധ്യനിരയിലെ മറ്റു പ്രമുഖര്‍. എങ്കിലും മധ്യനിരയിലാണ് അവര്‍ക്ക് ചില പോരായ്മകളുള്ളത്. പന്ത് നിയന്ത്രിച്ചുനിര്‍ത്തി കളിമെനയുന്നതില്‍ ഏറെ ഉത്സാഹം കാണിക്കുന്നവരല്ല ഉറുഗ്വെയ്ന്‍ താരങ്ങള്‍. യോഗ്യതാ റൗണ്ടില്‍ അവര്‍ അതിന് കനത്ത വില നല്‍കേണ്ടിയും വന്നു. തുടര്‍ച്ചയായ മൂന്ന് തോല്‍വി നേരിട്ടതോടെയാണ് അവര്‍ പൊസഷന്‍ ഫുട്‌ബോളിലേക്കു മാറിയത്. 

റഷ്യ

ഫിഫ റാങ്കിങ്ങില്‍ 66-ാം സ്ഥാനത്താണ് 21-ാം ലോകകപ്പിന്റെ ആതിഥേയരായ റഷ്യ. ആതിഥേയരെന്നതിനാല്‍ യോഗ്യതാ റൗണ്ട് കളിക്കാതെ തന്നെ അവര്‍ യോഗ്യത നേടി. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോകാന്‍ റഷ്യക്ക് കഴിഞ്ഞില്ല. ഇത്തവണ ആതിഥേയരെന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനം നടത്താനുറച്ചാണ് സ്റ്റാനിസ്ലാവ് ചെര്‍ഷസോവിന്റെ പരിശീലനത്തില്‍ ആതിഥേയര്‍ സ്വന്തം മണ്ണില്‍ ലോകകപ്പിനിറങ്ങുന്നത്. എന്നാല്‍ സമീപകാലത്തെ അവരുടെ പ്രകടനം അത്ര മികച്ചതല്ല. 14 സൗഹൃദ മത്സരങ്ങള്‍ കളിച്ചതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. നാലെണ്ണം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഏഴെണ്ണത്തില്‍ തോറ്റു. ഈ വര്‍ഷം കളിച്ച മൂന്ന് സൗഹൃദ മത്സരത്തിലും ദയനീയ തോല്‍വിയായിരുന്നു റഷ്യക്ക്. ബ്രസീലിനോട് 3-0നും ഫ്രാന്‍സിനോട് 3-1നും ആസ്ട്രിയയോട് 1-0നും തോറ്റു. 105 തവണ ദേശീയ ജേഴ്‌സിയണിഞ്ഞ ഗോള്‍കീപ്പര്‍ ഇഗര്‍ അകിന്‍ഫീവാണ് അവരുടെ ക്യാപ്റ്റന്‍. പ്രതിരോധത്തിലെ കരുത്തന്‍ 121 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള സെര്‍ജി ഇഗ്‌നാഷെവിക്ക്. 26 തവണ ദേശീയ ജേഴ്‌സി അണിഞ്ഞ ഇഗര്‍ സ്‌മോള്‍നിക്കോവാണ് മറ്റൊരു പ്രധാന താരം. എങ്കിലും പ്രതിരോധം താരതമേ്യന ദുര്‍ബ്ബലമാണ്. യുവത്വത്തിന് മുന്‍തൂക്കമുള്ള മിഡ്ഫീല്‍ഡര്‍മാരാണ് ടീമിലുള്ളത്. സഹോദരങ്ങളും 22 കാരന്മാരുമായ അലക്‌സി മിറാന്‍ചുക് മധ്യനിരയിലും സഹോദരന്‍ ആന്റണ്‍ മിറാന്‍ചുക് സ്‌ട്രൈക്കറായും കളത്തിലെത്തുമെന്ന് ഉറപ്പാണ്. യൂറി ഷിര്‍കോവും അലന്‍ സഗയേവും അലക്‌സാണ്ടര്‍ സമദേവുമാണ് മധ്യനിരയിലെ പരിചയസമ്പന്നര്‍.

സൗദി അറേബ്യ

ഫിഫ റാങ്കിങ്ങില്‍ 67-ാം സ്ഥാനത്തുള്ള സൗദി അറേബ്യ ഏഷ്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് നിറംപകരാനുറച്ചാണ് റഷ്യയില്‍ പന്തുതട്ടാനിറങ്ങുന്നത്. ഉറുഗ്വെ ഒഴികെയുള്ള എതിരാളികള്‍ താരതമ്യേന ദുര്‍ബ്ബലരാണെന്നതിനാല്‍ നോക്കൗട്ട് റൗണ്ടില്‍ സൗദി ഇടം പ്രതീക്ഷിക്കുന്നുണ്ട്. 2006നുശേഷം ആദ്യമായാണ് സൗദി ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത്. 1994-ലെ അമേരിക്കന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ കളിച്ചതാണ് സൗദിയുടെ മികച്ച നേട്ടം. ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത് അഞ്ചാം തവണ. മുന്‍ സ്പാനിഷ് താരം യുവാന്‍ അന്റോണിയോ പിസ്സെയാണ് സൗദിയുടെ പരിശീലകന്‍. 2017ലാണ് പിസ്സെ പരിശീലകനായി ചുമതലയേറ്റത്. ലോകകപ്പിന് യോഗ്യത നേടിയ ശേഷം പരിശീലകരെ മാറ്റുന്നതായിരുന്നു സൗദിയുടെ ഹോബി. യോഗ്യത നേടിക്കൊടുത്ത ഹോളണ്ടുകാരന്‍ ബെര്‍ട്ട്‌വാന്‍ മാര്‍വികിനെ 2017 സെപ്തംബറില്‍ പുറത്താക്കി മുന്‍ അര്‍ജന്റീന പരിശീലകന്‍ എഡ്വേര്‍ഡോ ബൗസയെ നിയമിച്ചു. രണ്ട് മാസത്തിനുശേഷം ബൗഷയെയും പുറത്താക്കിയാണ് പിസ്സെയെ നിയമിച്ചത്.

യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ജപ്പാന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സൗദി റഷ്യന്‍ ടിക്കറ്റ് നേടിയത്. യോഗ്യതാ റൗണ്ടില്‍ ജപ്പാനൊപ്പം ഏറ്റവുമധികം ഗോളുകള്‍ നേടിയ ടീമാണ് സൗദി. 17 ഗോളുകള്‍. അല്‍ ഹിലാല്‍ സ്‌ട്രൈക്കര്‍ നവാഫ് അല്‍ അബദ് അഞ്ചു ഗോളുകളോടെ സംയുക്ത ടോപ് സ്‌കോററുമായി. എന്നാല്‍ റഷ്യയിലേക്കുള്ള 23 അംഗ സ്‌ക്വാഡില്‍ താരം ഇടംപിടിച്ചിട്ടില്ല. 134 മത്സരങ്ങള്‍ കളിച്ച പ്രതിരോധനിരതാരം ഒസാമ ഹൊസാവിയാണ് ടീമിലെ ഏറ്റവും പരിചയസമ്പന്നന്‍. ഒമര്‍ ഹൊസാവി, മന്‍സൂര്‍ അല്‍ ഹര്‍ബി, യാസീര്‍ അല്‍ ഷഹര്‍റാനി എന്നിവരാണ് മറ്റ് പ്രമുഖര്‍. 33കാരനായ മധ്യനിരതാരം തായ്‌സിര്‍ അല്‍ ജാസിം 131 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. യഹിയ അല്‍ ഷെഹ്‌റി, ഫഹദ്അല്‍ മുവല്ലദ്, സല്‍മാന്‍ അല്‍ ഫറാജ് തുടങ്ങിയവര്‍ മധ്യനിരയിലെ കരുത്തര്‍. മുഹമ്മദ് അല്‍ സഹ്‌ലവി, മുഹമ്മദ് അസ്സീരി എന്നിവരാണ് ടീമിലെ സ്‌ട്രൈക്കര്‍മാര്‍.

ഇൗജിപ്ത്

1990നുശേഷം ആദ്യ ലോകകപ്പിനെത്തുന്ന ഈജിപ്ത് ഫിഫ റാങ്കിങ്ങില്‍ 46-ാം സ്ഥാനത്താണ്. കരുത്തരായ ഘാന, കോംഗോ ടീമുകളെ പിന്തള്ളിയാണ് ഇൗജിപ്ത് റഷ്യന്‍ ടിക്കറ്റ് നേടിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ഈജിപ്ത് ഫൈനല്‍ റൗണ്ടില്‍ കളിക്കാനിറങ്ങുന്നത്.

എന്നാല്‍ ലോകകപ്പിന് മുന്നേ ഈജിപ്തിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി കിട്ടി. അവരുടെ മുഴുവന്‍ പ്രതീക്ഷയായ മുഹമ്മദ് സല എന്ന സൂപ്പര്‍താരം പരിക്കിന്റെ പിടിയിലായി. റയല്‍ മാഡ്രിഡുമായുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെയാണ് ലിവര്‍പൂള്‍ താരമായ സലയ്ക്ക് തോളെല്ലിന് പരിക്കേറ്റത്. ഇതോടെ സലയുടെ ലോകകപ്പ് സ്വപ്‌നം തുലാസിലായി. ലോകകപ്പിനുള്ള 23 അംഗ ടീമില്‍ സലയെ ഉള്‍പ്പെടുത്തിയുണ്ടെങ്കിലും കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. സലയില്ലെങ്കില്‍ ഈജിപ്തിന്റെ കാര്യം കഷ്ടത്തിലാകും. എന്നാല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡ് ടോപ് സ്‌കോററായ സല ടീമിലുണ്ടായിട്ടും ഈജിപ്ത് കോച്ച് ഹെക്ടര്‍ കൂപ്പറുടെ തന്ത്രം പ്രതിരോധമാണ്. ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടില്‍ ഉഗാണ്ട മാത്രമാണ് ഈജിപ്തിനെ തോല്‍പ്പിച്ചത്.  യോഗ്യതാ റൗണ്ടില്‍ അഞ്ച് ഗോളുകളുമായി സലയായിരുന്നു ടോപ് സ്‌കോറര്‍. എന്നാല്‍ പിന്നീടുള്ള രണ്ട് സൗഹൃദ മത്സരങ്ങള്‍ തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില പാലിച്ചു. പോര്‍ച്ചുഗലിനെതിരെയും ഗ്രീസിനെതിരെയുമായിരുന്നു തോല്‍വി. കുവൈറ്റിനെയും കൊളംബിയയെയും സമനിലയില്‍ തളച്ചു.

157 തവണ ദേശീയ ജേഴ്‌സിയണിഞ്ഞ ഇസ്സാംഎല്‍ ഹദാരിയാണ് ടീം ക്യാപ്റ്റന്‍. ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയതാരവും ഈ 45 കാരന്‍ തന്നെ. 125 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ അഹമ്മദ് ഫാത്തിയാണ് വൈസ് ക്യാപ്റ്റന്‍. പ്രതിരോധത്തിലെ കരുത്തനും ഇയാളാണ്. അലി ഗബര്‍, അഹമ്മദ് എല്‍മൊഹമ്മദി, അഹമ്മദ് എഗാസി, മുഹമ്മദ് അബ്‌ദെല്‍ ഷാഫി തുടങ്ങിയവരും പ്രതിരോധത്തില്‍ കോട്ടകെട്ടും. മധ്യനിരയില്‍ ആഴ്‌സണലിന്റെ മുഹമ്മദ് എല്‍നെനി, സ്‌റ്റോക്ക് സിറ്റിയുടെ റമദാന്‍ സൊബി, വീഗന്റെ സാം മോര്‍സി തുടങ്ങിയവര്‍. താരതമേ്യന ദുര്‍ബ്ബലരാണ് ഗ്രൂപ്പിലുള്ളതെന്നതിനാല്‍ നോക്കൗട്ട് റൗണ്ടാണ് ഈജിപ്തിന്റെ ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.