മൊറോക്കോയ്ക്ക് ജയം ഇറ്റലിക്ക് സമനില

Wednesday 6 June 2018 1:32 am IST

സൂറിച്ച്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ മൊറോക്കോയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്ലൊവാക്യയെയാണ് ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോ തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ ഇറ്റലിയെ നെതര്‍ലന്‍ഡ്‌സ് 1-1ന് സമനില പിടിച്ചപ്പോള്‍ ചിലി 1-0ന് സെര്‍ബിയയെ കീഴടക്കി. അര്‍മേനിയ-മൊള്‍ഡോവ കൡയും സമനിലയില്‍ പിരിഞ്ഞു.

സ്ലൊവാക്യയ്‌ക്കെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് മൊറോക്കോ വിജയം നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 59-ാം മിനിറ്റില്‍ സ്ലൊവാക്യയുടെ യാന്‍ ഗ്രിഗസ് ആദ്യ ഗോള്‍ നേടി. എന്നാല്‍ 64-ാം മിനിറ്റില്‍ അയൂബ് എല്‍ കാബിയിലൂടെ മൊറോക്കോ സമനില പിടിച്ചു. 10 മിനിറ്റിനുശേഷം യൂനസ് ബെല്‍ഹാന്‍ഡയിലൂടെ അവര്‍ വിജയഗോളും നേടി.

ടൂറിനില്‍ നടന്ന മത്സരത്തില്‍ നഥാന്‍ അകെയുടെ ഗോളാണ് ഇറ്റലിക്കെതിരെ നെതര്‍ലന്‍ഡ്‌സിന് സമനില നേടിക്കൊടുത്തത്. രണ്ടു ടീമുകളും ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 67-ാം മിനിറ്റില്‍ സിമോണെ സാസയിലൂടെ ഇറ്റലി ലീഡ് നേടി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച നെതര്‍ലന്‍ഡ്‌സ് 88-ാം മിനിറ്റില്‍ സമനില കണ്ടെത്തുകയായിരുന്നു. 71-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അകെയാണ് ടീമിന്റെ സമനില ഗോള്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിനുവേണ്ടി അകെയുടെ ആദ്യ രാജ്യാന്തര ഗോളാണിത്. 

അതേസമയം ലോകകപ്പിന് തയ്യാറെടുക്കുന്ന സെര്‍ബിയ ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയോട് തോറ്റു. കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഗ്വില്ലര്‍മോ മാരിയാനാണ് ചിലിയുടെ വിജയഗോള്‍ നേടിയത്. 9ന് ബൊളീവിയക്കെതിരെയാണ് സെര്‍ബിയയുടെ അവസാന സന്നാഹ മത്സരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.