ഇടുക്കി പദ്ധതിയില്‍ നിന്നുള്ള ഉത്പാദനം, 95000 ദശലക്ഷം യൂണിറ്റാകുന്നു

Wednesday 6 June 2018 1:34 am IST

ഇടുക്കി: 1976 ഫെബ്രുവരി 16ന് പ്രവര്‍ത്തനമാരംഭിച്ച ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 95,000 ദശലക്ഷം യൂണിറ്റിനോട് അടുക്കുന്നു. ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം 94973.118 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്ന് ഉത്പാദിപ്പിച്ചത്. 

2322.78 അടി (24.86 %)യാണ് നിലവിലെ ജലനിരപ്പ്. മുന്‍വര്‍ഷമിത് 10.99 ആയിരുന്നു. 2.881 ദശലക്ഷം യൂണിറ്റ് വൈദ്യുതി തിങ്കളാഴ്ച ഉത്പാദിപ്പിച്ചപ്പോള്‍ 2.622 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. പൂര്‍ണമായും മല തുരന്ന് അതിനകത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി ഉത്പാദന യൂണിറ്റ് കനേഡിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മിച്ചിരിക്കുന്നത്. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി സംഭരണി.

ചെറുതോണിക്ക് സമീപത്തെ കുറവന്‍, കുറത്തി മലകളെ സംയോജിപ്പിച്ച് പെരിയാറിന് കുറുകെയും ഇതിന്റെ പോഷക നദിയായ ചെറുതോണിയാറിന് കുറുകെ ചെറുതോണിയിലും അണകെട്ടി സംഭരിക്കുന്ന ജലം ചെറിയ തോട്ടിലൂടെ കുളമാവില്‍ എത്തിക്കും. ഇടുക്കി, ചെറുതോണി ഡാമുകള്‍ അടുത്തടുത്താണെങ്കിലും കുളമാവ് ഡാം ഇവിടെ നിന്ന് 22.5 കിലോ മീറ്റര്‍ അകലെയാണ്. 

കുളമാവ് ഡാമില്‍ നിന്നാണ് ബട്ടര്‍ഫ്‌ളൈ വാല്‍വ് വഴി നാടുകാണി മലനിരകള്‍ക്ക് താഴെയിരിക്കുന്ന മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തില്‍ വെള്ളമെത്തുന്നത്. കുളമാവില്‍ നിന്ന് 1.5 കിലോമീറ്റര്‍ ദൂരം ചെറിയ ചെരുവില്‍ ഇതിനായി പാറ തുരന്നിട്ടുണ്ട്. ശേഷം 953 മീറ്റര്‍ ദൂരം കുത്തനെ പാറ തുരന്നാണ് വെള്ളം ജനറേറ്ററുകളില്‍ എത്തിക്കുന്നത്. രണ്ട് സെക്ഷനുകളായുള്ള ജനറേറ്ററുകളില്‍ വെള്ളം എത്തിക്കുന്നതിന് ഈ പാറ രണ്ട് തവണ സമാനമായി തുരന്നിട്ടുണ്ട്. 

ആറ് മണിക്കൂര്‍ വീതമുള്ള നാല് ഷിഫ്റ്റുകളായാണ് ഭൂഗര്‍ഭ നിലയത്തില്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. പ്രാണവായുവിന്റെ അളവ് പോലും കുറഞ്ഞ ഇവിടെ അതീവ ശ്രദ്ധയോടെ ഓരോ നിമിഷവും അപകടം മുന്നില്‍ക്കണ്ടാണ് ജോലി. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഉണ്ടായ ഇവിടെ 2011ലെ പൊട്ടിത്തെറിയില്‍ വനിതയടക്കം രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ചിരുന്നു.

ടണലുകള്‍ ഉപയോഗിക്കാത്ത നിര്‍മാണത്തില്‍ പാറപൊട്ടിച്ച് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചാണ് വെള്ളമെത്തിക്കുന്നതിനുള്ള പാത നിര്‍മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വരുന്ന വെള്ളം വീണ്ടും മലങ്കര അണക്കെട്ടില്‍ സംഭരിച്ച് വൈദ്യുതി നിര്‍മിക്കുന്നുണ്ട്. ഇതാണ് പിന്നീട് തൊടുപുഴ, മൂവാറ്റുപുഴ ആറുകളായി ഒഴുകുന്നത്. 

ഉയരംകൊണ്ട് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടത്ര ശ്രദ്ധ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.