കെഎസ്ആര്‍ടിസിയില്‍ അണികള്‍ തെക്കുവടക്ക് നെട്ടോട്ടം

Wednesday 6 June 2018 1:37 am IST
കെഎസ്ആര്‍ടിസിയിലെ ഇടത് വലത് യൂണിയനില്‍പ്പെട്ട 222 ജീവനക്കാരാണ് സ്ഥലംമാറ്റം തങ്ങള്‍ക്ക് ബാധകമല്ല എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യൂണിയന്‍ നേതാക്കളെന്ന പരിരക്ഷയിലാണ് ഇല്ലാത്ത നിയമത്തിന്റെ പേരില്‍ ഇവര്‍ സ്ഥാനചലനം ഇല്ലാതെ ജോലി നോക്കുന്നത്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മുഖം നോക്കാതെ സ്ഥലം മാറ്റം നടപ്പിലാക്കും എന്ന പ്രഖ്യാപനം നേതാക്കള്‍ക്ക് വേണ്ടി മരവിപ്പിച്ചു.  അണികളെ തെക്കുവടക്ക് എല്ലാ ഡിപ്പോകളിലേക്കും സ്ഥലം മാറ്റിയപ്പോള്‍ നേതാക്കളുടെ ഇരിപ്പിടങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.  

കെഎസ്ആര്‍ടിസിയിലെ  ഇടത് വലത് യൂണിയനില്‍പ്പെട്ട 222 ജീവനക്കാരാണ് സ്ഥലംമാറ്റം തങ്ങള്‍ക്ക് ബാധകമല്ല എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  യൂണിയന്‍ നേതാക്കളെന്ന പരിരക്ഷയിലാണ് ഇല്ലാത്ത നിയമത്തിന്റെ പേരില്‍ ഇവര്‍ സ്ഥാനചലനം ഇല്ലാതെ ജോലി നോക്കുന്നത്.

ടോമിന്‍ ജെ. തച്ചങ്കരി എംഡിയായി ചുമതലയേറ്റടുത്തതോടെ മുഖംനോക്കാതെ മുന്‍ഗണനാ പട്ടിക പ്രകാരം സ്ഥലംമാറ്റം നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ചുള്ള പട്ടികയും പുറത്തിറക്കി. മലബാര്‍ മേഖലയില്‍ ജീവനക്കാര്‍ കുറവായതിനാല്‍ സര്‍വീസുകള്‍ മുടങ്ങുന്നു എന്ന പരാതി കണക്കിലെടുത്ത് വിദൂര ഡിപ്പോകളിലേക്കായിരുന്നു സ്ഥലംമാറ്റം. യൂണിയന്‍ നേതാക്കളല്ലാത്ത എല്ലാവിഭാഗത്തില്‍പ്പെട്ട ജീവനക്കാരും ഉത്തരവ് പ്രകാരം അതത് ഡിപ്പോകളില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ നേതാക്കളായ 222 പേര്‍ സ്ഥലം മാറ്റ ഉത്തരവ് കൈപ്പറ്റാന്‍ പോലൂം കൂട്ടാക്കിയില്ല. യൂണിയന്‍ നേതാക്കളായതിനാല്‍  സ്ഥലം മാറ്റ പട്ടികയ്ക്ക് തങ്ങള്‍ പുറത്തെന്നായിരുന്നു വാദം. ഇതോടെ എംഡി ഇടപെട്ടു. നൂറ് പേര്‍ക്ക് മാത്രമേ പരിരക്ഷ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും അതനുസരിച്ചുള്ള നേതാക്കളുടെ പട്ടിക നല്‍കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. 

  ഇത് അംഗീകരിക്കാന്‍ ഇടത് വലത് യൂണിയനുകള്‍ തയാറായില്ല. സിഐടിയു സംഘടനയായ കെഎസ്ആര്‍ടിസിഇഎ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്ഥലംമാറ്റ പട്ടിക മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഡിപ്പോയ്ക്കുള്ളില്‍ പ്രകടനവും പൊതുയോഗവും പാടില്ലെന്ന് എംഡി ഉത്തരവ് ഇറക്കി. 

എംഡിക്കെതിരെ പ്രതികരിക്കാനുള്ള സുവര്‍ണാവസരം കണക്കിലെടുത്ത്  കെഎസ്ടി സംഘ് ഒഴികെയുള്ള യൂണിയനുകള്‍ ചീഫ് ഓഫീസിനകത്ത്   ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ഇതിനെതിരെ പോലീസ് കേസെടുത്തിരുന്നു. യൂണിയന്‍ പ്രവര്‍ത്തനം തടയുന്നതിന് എംഡി നീക്കം നടത്തുന്നതായി പാര്‍ട്ടി നേതൃത്വത്തെ  ധരിപ്പിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ 222 പേരുടെ സ്ഥലംമാറ്റം നടപ്പിലാക്കണ്ട എന്ന നിര്‍ദേശം സര്‍ക്കാരില്‍ നിന്നു കെഎസ്ആര്‍ടിസി ആസ്ഥാനത്ത് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഡിപ്പോകളില്‍ നേതാക്കള്‍ ജോലിക്ക് കയറി. 

 ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്ഥലംമാറ്റം ഏതു നിമിഷവും നടപ്പിലാക്കാം എന്ന സ്ഥിതി വന്നതോടെ എംഡിയെ മാറ്റാനുള്ള നീക്കത്തിലായി സിഐടിയു യൂണിയന്‍. ഇതിലേക്കായി, എംഡി ചുമതലയേറ്റെടുത്തപ്പോള്‍ ഉണ്ടായ കട്ടപ്പനയിലെ ചങ്ക് ബസ് വിഷയം തച്ചങ്കരിയുടെ പ്രശസ്തിക്കുവേണ്ടി സൃഷ്ടിച്ചതാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. 

കോര്‍പ്പറേഷന്‍ നിയമപ്രകാരം എല്ലാവര്‍ക്കും സ്ഥലമാറ്റത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, യൂണിയനുകള്‍ തമ്മിലുള്ള ധാരണ പ്രകാരം സംസ്ഥാന നേതാക്കള്‍ക്കു മാത്രമേ സ്ഥലം മാറ്റ പരിരക്ഷ ലഭിക്കുകയൂള്ളൂ. സ്ഥലംമാറ്റം ഇല്ലാതെ തുടരുന്ന 222 പേരില്‍ 111 പേര്‍ കോണ്‍ഗ്രസ് യൂണിയനില്‍പ്പെട്ടവരാണ്. സിഐടിയുവില്‍ പെട്ട 11 പേര്‍ക്ക്  യൂണിയന്‍ ചുമതല ഇല്ല. ഇവര്‍ സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാര്‍ എന്ന നിലയിലാണ് സ്ഥലംമാറ്റം ഇല്ലാതെ തുടരുന്നത്. 

  രോഗാവസ്ഥയിലുള്ളവര്‍ക്കു വരെ മറ്റ് ഡിപ്പോകളിലേക്ക് സ്ഥലംമാറ്റം  ലഭിക്കുകയും തിരികെ സ്വന്തം സ്ഥലത്തേക്ക് മാറ്റിത്തരണമെന്ന അപേക്ഷയുമായി ചീഫ് ഓഫീസിലും നേതാക്കളുടെ വീടുകളിലും കയറിയിറങ്ങുമ്പോഴാണ് ആര് ഭരിച്ചാലും ഏത് എംഡി വന്നാലും തങ്ങള്‍ മാറില്ല എന്ന നിലപാടില്‍ നേതാക്കള്‍ ജോലി നോക്കുന്നത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.