പ്രയോജനം 50 കോടി തൊഴിലാളികള്‍ക്ക്

Wednesday 6 June 2018 1:55 am IST
വയോജന പെന്‍ഷന്‍ പദ്ധതി, ആയുഷ്മാന്‍ ഭാരത്, പ്രസവാനുകൂല്യ പദ്ധതി എന്നിവയ്ക്ക് പിന്നാലെയാണ് രാജ്യത്തെ പകുതിയോളം ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന വന്‍ പദ്ധതി ഒരുങ്ങുന്നത്. തൊഴില്‍രഹിതര്‍, കുട്ടികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവരെ കോര്‍ത്തിണക്കുന്ന പദ്ധതിയെന്നാണ് സൂചന.

ന്യൂദല്‍ഹി:  രാജ്യത്തെ അന്‍പതുകോടി തൊഴിലാളികള്‍ക്ക് സംരക്ഷണ കവചമൊരുക്കുന്ന ബൃഹത് പദ്ധതിയുമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേമപദ്ധതിയുടെ രൂപരേഖ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുകയാണ്. ജൂണില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. 

വയോജന പെന്‍ഷന്‍ പദ്ധതി, ആയുഷ്മാന്‍ ഭാരത്, പ്രസവാനുകൂല്യ പദ്ധതി എന്നിവയ്ക്ക് പിന്നാലെയാണ് രാജ്യത്തെ പകുതിയോളം ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന വന്‍ പദ്ധതി ഒരുങ്ങുന്നത്. തൊഴില്‍രഹിതര്‍, കുട്ടികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവരെ കോര്‍ത്തിണക്കുന്ന പദ്ധതിയെന്നാണ് സൂചന. 

അസംഘടിത മേഖലയെ അടക്കം സംഘടിത തൊഴില്‍ മേഖലകളിലേക്ക്  ചേര്‍ക്കുന്ന തരത്തില്‍ പതിനഞ്ചോളം കേന്ദ്രതൊഴില്‍ നിയമങ്ങള്‍ ഒന്നാക്കി മാറ്റുന്നതിനുള്ള നിയമനിര്‍മ്മാണത്തിനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ജൂലൈയില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ബില്ലവതരിപ്പിക്കാനാണ് തൊഴില്‍ മന്ത്രാലയ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴില്‍മേഖലയെ സമഗ്രമായി പരിഷ്‌കരിക്കുന്ന മാറ്റങ്ങള്‍ ബില്ലിലുണ്ടാകുമെന്ന സൂചന കേന്ദ്രതൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍ നല്‍കിയിട്ടുണ്ട്. 

ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച മോദികെയര്‍ എന്ന് വിശേഷിക്കപ്പെട്ട പുതിയ ആരോഗ്യപദ്ധതി പത്തുകോടി ജനങ്ങള്‍ക്കാണ് പ്രയോജനകരമായത്. ഇതിന് പിന്നാലെയാണ് അമ്പതു കോടി തൊഴിലാളികള്‍ക്ക് പ്രയോജനകരമായ വന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. ഇതിന്റെ പൈലറ്റ് പദ്ധതി രാജ്യത്തെ ആറു ജില്ലകളില്‍ ഈ മാസം ആരംഭിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.