നിപ ഭീതിയില്‍ നിന്നും കരകയറാതെ കായല്‍ ടൂറിസം

Wednesday 6 June 2018 1:43 am IST

ആലപ്പുഴ: നിപ വൈറസ് ഭീതി കായല്‍ ടൂറിസം മേഖലയെ  ബാധിക്കുന്നു.  പനിയെക്കുറിച്ചുള്ള അനാവശ്യ ആശങ്കയാണു വിനോദസഞ്ചാര മേഖലയെ പിന്നോട്ടടിക്കുന്നത്.  ഹൗസ്‌ബോട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയുടെ ബുക്കിങ്ങുകള്‍ കൂടുതലായി റദ്ദ് ചെയ്യപ്പെടുന്നതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. 

  മഴക്കാലം ലക്ഷ്യമാക്കി അവതരിപ്പിക്കാറുള്ള മണ്‍സൂണ്‍ ടൂറിസവും പ്രതിസന്ധി നേരിടുകയാണ്. വേനലവധി അവസാനിക്കുന്ന ആഴ്ചയില്‍ നടന്ന  ജീവനക്കാരും ഹൗസ് ബോട്ടുടമകളും തമ്മിലുള്ള ശീതസമരം മൂലം പ്രതിസന്ധി നേരിട്ട കായല്‍ടൂറിസം മേഖല കരകയറുന്നതിനിടെയാണ് നിപ വൈറസ് പ്രചരണം വില്ലനായി മാറിയത്.   മുന്‍കാലങ്ങളില്‍ മണ്‍സൂണ്‍ കാലയളവില്‍ ഹൗസ്‌ബോട്ടുകള്‍ക്ക് മാസം 20 ദിവസമെങ്കിലും ശരാശരി ഓട്ടം ലഭിച്ചിരുന്നു. ഇത്തവണ ബുക്കിങുകള്‍ റദ്ദ് ചെയ്യപ്പെടുന്നതിനാല്‍ പത്ത് ദിവസം പോലും ഓട്ടം ലഭിക്കാനിടയില്ലെന്ന് ഉടമകള്‍ പറയുന്നു. 

ഓണ്‍ലൈനുകളിലും സമൂഹമാധ്യമങ്ങളിലും വിദേശ മാധ്യമങ്ങളിലും നിപ പനിയെ കുറിച്ച് വ്യാപകമായി അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടക്കുന്നത്. ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളം മുഴുവന്‍ പനിയെന്ന ഭയം വിദേശികളെ മാത്രമല്ല ആഭ്യന്തര ടൂറിസ്റ്റുകളെയും അകറ്റുന്നു. 

ആലപ്പുഴയുടെ ഈ പ്രതിസന്ധി സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങള്‍ക്കാണ് ഗുണകരമാകുന്നത്. കഴിഞ്ഞ വര്‍ഷം കേരളം വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ 5.15 ശതമാനവും ആഭ്യന്തര യാത്രികരുടെ വരവില്‍ 11.39 ശതമാനവും വളര്‍ച്ച കൈവരിച്ചിരുന്നു. ഈ നേട്ടം ഈ വര്‍ഷവും തുടരുമെന്ന പ്രതീക്ഷയും നിപ വൈറസ് തകര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.