ജീവിതം പഠിപ്പിക്കാന്‍ വെബ്‌സൈറ്റുമായി

Wednesday 6 June 2018 1:50 am IST
ഭാവിതലമുറയുടെ വാഗ്ദാനമായ കുട്ടികള്‍ മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വരണം. അതിന് പാഠപുസ്തകത്തിലെ അറിവു മാത്രം പോരാ. ജീവിതമാകുന്ന പാഠപുസ്തകത്തിലെ അറിവുകൂടി വേണമെന്ന് ഓമന പറയുന്നു

ജീവിത ബോധവത്കരണ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുമായി പി.വി. ഓമനാ സതീഷ് ശ്രദ്ധേയയാകുന്നു. ജീവിത ബോധവത്കരണ പാഠശാല എന്ന പേരില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി, മലയാളമറിയാവുന്ന എല്ലാവര്‍ക്കുമായി ആരംഭിച്ച ആദ്യ വെബ്‌സൈറ്റ് എന്ന പ്രത്യേകതയുമുണ്ട്. www.gvsc hooloflife.com എന്ന വെബ്‌സൈറ്റ് ജീവിത ബോധവത്കരണത്തിന് സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. 

ഈ തിരിച്ചറിവില്‍നിന്നാണ് വെബ്‌സൈറ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പി.വി. ഓമനാ സതീഷ് സമൂഹത്തിലേക്ക് ഇറങ്ങിയത്. ഭാവിതലമുറയുടെ വാഗ്ദാനമായ കുട്ടികള്‍ മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വരണം. അതിന് പാഠപുസ്തകത്തിലെ അറിവു മാത്രം പോരാ. ജീവിതമാകുന്ന പാഠപുസ്തകത്തിലെ അറിവുകൂടി വേണമെന്ന് ഓമന പറയുന്നു. 

കോളജ് അദ്ധ്യാപകനും നിഘണ്ടുകാരനും ഭാഷാ പണ്ഡിതനും വ്യാഖ്യാതാവും ആധ്യാത്മികാചാര്യനുമായ ഡോ. ബി.സി. ബാലകൃഷ്ണന്റെ  നേതൃത്വത്തിലാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം. കലാലയങ്ങളിലെ ഗുരുശിഷ്യബന്ധത്തിന്റെ പവിത്രതയും കുടുംബബന്ധങ്ങളുടെ ദൃഢതയും സുതാര്യതയുമാണ് നാടിന്റെ ശക്തിയും  ചൈതന്യവും. നാടിന്റെ ഈ മുഖച്ഛായ മാറാതിരിക്കാന്‍ കുട്ടിക്കാലം മുതല്‍ ഓരോ കുട്ടിയും ഉണര്‍ന്നെഴുന്നേല്‍ക്കണം. കുഞ്ഞുമനസ്സുകളുടെ ബോധതലത്തിലേക്ക് പ്രകാശം പകരാന്‍ ജിവി സ്‌കൂള്‍ ഓഫ് ലൈഫ് അവയര്‍നസ്  ആരംഭിച്ച വെബ്‌സൈറ്റിലൂടെ സാധിക്കും. ജാതിമത രാഷ്ട്രീയ ഭേദങ്ങള്‍ക്കതീതമായ സ്‌നേഹത്തിന്റെ കൂട്ടായ്മയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.

അധ്യാപികയായി ഔദ്യോഗികജീവിതമാരംഭിച്ച ഓമന നിഘണ്ടുക്കളിലൂടെയും ഭഗവത്ഗീതാ വ്യാഖ്യാനങ്ങളിലൂടെയും സമൂഹത്തില്‍ സജീവമാണ്. ഭഗവത്ഗീതയെ ആധാരമാക്കി ഓമന രചിച്ച 'ഭഗവത്ഗീത പ്രായോഗിക ജീവിതത്തില്‍' എന്ന പുസ്തകം ജീവിത ബോധവത്കരണ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലയാള സാഹിത്യത്തിലെ ആദ്യത്തെ കൃതിയാണ്. മലയാളികള്‍ പോകാത്ത രാജ്യങ്ങളില്ല. നേടാത്ത വിജ്ഞാനത്തിന്റെ മെഖലകളില്ല. കീഴടക്കാത്ത ഔദ്യോഗിക രംഗങ്ങളില്ല. എന്നാല്‍ കാലം ചെല്ലുന്തോറും ജീവിതമെന്ന മഹത്തായ വിഷയത്തില്‍നിന്ന് അകന്നുപോകുകയാണ്. എന്താണ് ജീവിതം, എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി ജീവിക്കണം എന്ന് നമ്മള്‍ അറിയണം. അതിനുള്ള ഉത്തരങ്ങള്‍ നല്‍കാനുള്ള ശ്രമമാണ് ഈ വെബ്‌സൈറ്റിലൂടെ ഓമനാ സതീഷ് നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.