പനിച്ചൂട് കുറയ്ക്കാന്‍ അത്തിപ്പഴം

Wednesday 6 June 2018 1:51 am IST

തൊട്ടാല്‍ പൊള്ളുന്ന പനിക്കാലത്ത് കഴിക്കാന്‍ ഏറ്റവും നല്ല പഴമാണ് അത്തിപ്പഴം. പനി പാടെ മാറുമെന്നല്ല. ചൂടിന് ശമനമുണ്ടാവും. ഉണങ്ങിയ അത്തിപ്പഴത്തിന് സ്വര്‍ണനിറമാണ്. ഇതിനെ നാണയ വട്ടത്തില്‍ രൂപംമാറ്റി നാരുകള്‍ പിണച്ച് മാലപോലെ കോര്‍ത്തെടുത്താണ്  വില്‍പ്പനയ്‌ക്കെത്തുക. വില പക്ഷേ തൊട്ടാല്‍ പൊള്ളും. അക്കാര്യത്തില്‍ ബാദാമിനും കശുവണ്ടിപ്പരിപ്പിനും ഒപ്പം നില്‍ക്കും ഉണങ്ങിയ അത്തിപ്പഴവും.

വണ്ണം കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം അത്തിപ്പഴവും ശീലമാക്കാം. ഇത് സ്തനാര്‍ബുദത്തെ ചെറുക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറയ്ക്കും. ഹൃദയാരോഗ്യത്തിനും  ദഹനത്തിനും നല്ലതാണ്. 

അത്തിപ്പഴം ചേര്‍ത്തുണ്ടാക്കുന്ന എത്രയോ മധുരപലഹാരങ്ങളുമുണ്ട്. ഉത്തരേന്ത്യക്കാരുടെ പ്രിയ വിഭവമാണ് അന്‍ജീര്‍ ഹല്‍വ. അത്തിപ്പഴത്തിന് ഹിന്ദിയിലെ വിളിപ്പേരാണ് അന്‍ജീര്‍. ബാദാമിനാപ്പം ചേര്‍ത്തുണ്ടാക്കുന്ന, മുഗള്‍ പാചക പരമ്പരയില്‍പ്പെട്ട  ഈ ഹല്‍വയൊന്നു  പരീക്ഷിച്ചു നോക്കൂ.

അന്‍ജീര്‍ ഹല്‍വ

ഉണങ്ങിയ അത്തിപ്പഴം: 200 ഗ്രാം അല്ലെങ്കില്‍ 24  എണ്ണം.

കുതിര്‍ത്ത് തൊലികളഞ്ഞെടുത്ത ബാദാം 20 എണ്ണം.

നെയ്യ്: അഞ്ച് ടേബിള്‍ സ്പൂണ്‍

പാല്‍പ്പൊടി::  1/3 കപ്പ്   

പഞ്ചസാര: നാല് ടേബിള്‍ സ്പൂണ്‍

ഏലയ്ക്കാപ്പൊടി:  കാല്‍ ടീസ്പൂണ്‍

ബദാം നീളത്തില്‍ കീറിയത,് 

അലങ്കരിക്കാന്‍ രണ്ട് ടേബിള്‍ സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം

കുതിര്‍ത്ത് തൊലികളഞ്ഞെടുത്ത ബാദാം ഒരു തുണിയല്‍ പൊതിഞ്ഞ് ഈര്‍പ്പം കളഞ്ഞശേഷം മിക്‌സിയില്‍ പൊടിക്കുക. അത്തിപ്പഴം രണ്ട് കപ്പ് വെള്ളത്തില്‍ അഞ്ചു മിനിട്ട് വേവിച്ചെടുക്കുക. വെള്ളം ഊറ്റിയെടുത്ത ശേഷം നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. ചുവട് കട്ടിയായ പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക് ബാദാം പൊടിച്ചത് ഇട്ട ശേഷം കുറഞ്ഞ ചൂടില്‍ രണ്ടു മിനുട്ട് വഴറ്റുക. അതിലേക്ക് അടിച്ചു വച്ച അത്തിപ്പഴവും പാല്‍പ്പൊടിയും പഞ്ചസാരയും ഇട്ട് അരക്കപ്പ് വെള്ളമൊഴിച്ച് അഞ്ചു മിനുട്ട് നന്നായി ഇളക്കി ഹല്‍വ പരുവത്തില്‍ വരട്ടിയെടുക്കുക. ഇറക്കിവെച്ച് ഏലയ്ക്കാപ്പൊടി ചേര്‍ത്ത്  ഇളക്കി ഒരു ബൗളിലേക്ക് മാറ്റി ബദാംകൊണ്ട് അലങ്കരിക്കുക. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.