ഇതാണ് പിണറായി പറഞ്ഞ നമ്പർ 1; തുടരുന്നു പോലീസ് പേക്കൂത്ത്; യുവാവിൻ്റെ കവിളെല്ല് തകർത്തു

Wednesday 6 June 2018 11:37 am IST
പോലീസ്​വാഹനവുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ആലുവ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ മഫ്തിയിലുള്ള പോലീസ് മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

കൊച്ചി: ആലുവ എടത്തലയില്‍ യുവാവിനെ മര്‍ദിച്ച് താടിയെല്ല് തല്ലിത്തകര്‍ത്ത സംഭവത്തില്‍ നാലു പോലീസുകാര്‍ക്കെതിരെ കേസെടുത്തു. എടത്തല പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ പുഷ്പരാജ്, സീനിയര്‍ സിപിഒ ജലീല്‍, സിപിഒ അഫ്‌സല്‍, സസ്‌പെന്‍ഷനിലായ എഎസ്‌ഐ ഇന്ദുചൂഡന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 

എഎസ്‌ഐ ഉള്‍പ്പെടെ നാലു പോലീസുകാരെയും കളമശേരി എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എസ്‌ഐ ജി. അരുണിനെതിരെ വകുപ്പ് തല നടപടിയെടുക്കും. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.ജി. രവീന്ദ്രനാഥിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി രാഹുല്‍ ആര്‍.നായരാണ് നടപടിയെടുത്തത്. 

മര്‍ദനത്തില്‍ പരിക്കേറ്റ കുഞ്ചാട്ടുകര മരുത്തുംകടി ഉസ്മാന്റെ കവിളെല്ലിനു പൊട്ടലുണ്ട്. ശസ്ത്രക്രിയ നടത്തി. ഉസ്മാന്റെ മുഖം ഉള്‍പ്പെടെ ദേഹത്തു പലയിടത്തും മര്‍ദനത്തില്‍ ക്ഷതമേറ്റ പാടുകളുണ്ട്. ജില്ലാ ആശുപത്രിയില്‍നിന്നു പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വൈകിട്ട് അഞ്ചരയോടെ കുഞ്ചാട്ടുകര കവലയ്ക്കു സമീപത്തുനിന്നാണു സ്വകാര്യ കാറില്‍ മഫ്തിയില്‍ എത്തിയ പോലീസ് സംഘം ഉസ്മാനെ പിടികൂടിയത്. എടത്തല എസ്‌ഐ ജി. അരുണിന്റേതാണു കാര്‍. എന്നാല്‍ എസ്‌ഐ കാറില്‍ ഉണ്ടായിരുന്നില്ല.

സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ വീട്ടിലേക്കു പോവുകയായിരുന്നു ഉസ്മാന്‍. അമിത വേഗത്തിലെത്തിയ സ്വകാര്യ കാര്‍ ഉസ്മാനെ ഇടിച്ചിട്ടു. റോഡില്‍ വീണ ഉസ്മാന്‍ എഴുന്നേറ്റു കാറിലുണ്ടായിരുന്നവരോടു തട്ടിക്കയറി. ഒറ്റനോട്ടത്തില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണു കരുതിയത്. കാറിലുള്ളവര്‍ പുറത്തിറങ്ങി ഉസ്മാനെ റോഡിലിട്ടു തല്ലിച്ചതയ്ക്കുകയായിരുന്നു. തുടര്‍ന്നു കാറിലേക്കു വലിച്ചുകയറ്റി കൊണ്ടുപോവുകയും ചെയ്തു.

ഉസ്മാനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയെന്നു പരാതിപ്പെടാന്‍ ആളുകള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണു കാര്‍ എസ്‌ഐയുടേതാണെന്നും അകത്തുണ്ടായിരുന്നവര്‍ പോലീസുകാരാണെന്നും അറിഞ്ഞത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെ പോലീസ് ഭീഷണി മുഴക്കി. ഏറെ നേരം അസഭ്യവര്‍ഷം നടത്തി. പരിക്കേറ്റ ഉസ്മാനെ ആശുപത്രിയിലെത്തിക്കാതെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ ശ്രമിച്ചത് ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി. നാട്ടുകാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നു ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍ പോലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് ഉസ്മാനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

മുതിരക്കാട്ടുമുകളില്‍നിന്നു പോക്‌സോ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു കാറില്‍ വരികയായിരുന്നു പോലീസുകാരായ അഫ്‌സല്‍, ജലീല്‍, പുഷ്പരാജ് എന്നിവര്‍. ഉസ്മാന്‍ ഓടിച്ചിരുന്ന ബൈക്കും കാറും തമ്മില്‍ ഉരസിയതിനെത്തുടര്‍ന്ന് ബൈക്ക് റോഡിനു കുറുകെയിട്ടു കാര്‍ തടയുകയും സിപിഒ അഫ്‌സലിനെ മര്‍ദിക്കുകയും ചെയ്തതായി പോലീസ് ആരോപിക്കുന്നു. പോലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും സിപിഒ അഫ്‌സലിനെ മര്‍ദിച്ചതിനും ഉസ്മാനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.