ശമ്പളം പരിഷ്‌കരിച്ചു, തപാല്‍ സമരം തീരുന്നു; ബിഎംഎസിന്റെ നേട്ടം

Wednesday 6 June 2018 4:16 pm IST
ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പളത്തിന്റെ 53 ശതമാനം വരെ വര്‍ധന ചില തസ്തികകളില്‍ ലഭിക്കും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നിങ്ങനെ രണ്ടു തസ്തികകള്‍ തിരിച്ചാണ് ശമ്പള പരിഷ്‌കാരം.

ന്യൂദല്‍ഹി: തപാല്‍ സമരം തീരുന്നു. പതിനാലു വര്‍ഷത്തിനു ശേഷം ഗ്രാമീണ തപാല്‍ ജീവനക്കാരുടെ ശമ്പള ഘടനയും ആനുകൂല്യങ്ങളും പരിഷ്‌കരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭ്യമാക്കും. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

മൂന്നു ലക്ഷത്തി ഏഴായിരം തപാല്‍ ജീവനക്കാര്‍ക്ക് നേട്ടമുണ്ടാകും. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് സുഷമാ സ്വരാജ് തപാല്‍ വകുപ്പ് മന്ത്രിയായിരിക്കെയാണ് മുമ്പ് ഈ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ തീരുമാനം വന്നത്. തുടര്‍ന്നുവന്ന രണ്ട് യുപിഎ സര്‍ക്കാരുകളും തപാല്‍ വകുപ്പിനെ ഗൗനിച്ചില്ല. മോദി സര്‍ക്കാര്‍ വന്ന ശേഷം തപാല്‍ വകുപ്പിനെ കരകയറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ തീരുമാനം. 

ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പളത്തിന്റെ 53 ശതമാനം വരെ വര്‍ധന ചില തസ്തികകളില്‍ ലഭിക്കും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നിങ്ങനെ രണ്ടു തസ്തികകള്‍ തിരിച്ചാണ് ശമ്പള പരിഷ്‌കാരം. ബ്രഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 12,000 രൂപയും അസിസ്റ്റന്റിന് 10,000 രൂപയുമായിരിക്കും ഇനികുറഞ്ഞ ശമ്പളം. ഇതിനു പുറമേ റിസ്‌റക് ആന്‍ഡ് ഹാര്‍ഡ്ഷിപ് അലവന്‍സ് എന്ന പുതിയൊരു ബത്തയുമുണ്ട്. കൂടാതെ ഒട്ടേറെ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ട്.

തപാല്‍ ജീവനക്കാര്‍ മെയ് 14 മുതല്‍ സമരത്തിലായിരുന്നു. ഇടതുപക്ഷ യൂണിയനുകളും കോണ്‍ഗ്രസ് യൂണിയനുകളും സമരം അവസാനിപ്പിച്ചിരുന്നു. ബിഎംഎസ് നയിക്കുന്ന ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷനാണ് സമരം ദേശവ്യാപകമായി മുന്നോട്ടു കൊണ്ടുപോയത്. 

ബിഎംഎസ് നേതാക്കളും ഫെഡറേഷന്‍ ഭാരവാഹികളും ബിജെപി ദേശീയാധ്യന്‍ അമത് ഷായും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യിച്ചതിനെ തുടര്‍ന്നാണ് ഇന്നത്തെ കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചരിത്രപരമെന്ന് ബിഎംഎസ് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനെയും സഹന സമരം നടത്തിയ ജീവനക്കാരേയും ബിഎംഎസ് അഭിനന്ദിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.