തപാല്‍ സമരം പിന്‍‌വലിച്ചു; ബി‌എം‌എസിന് നന്ദി അറിയിച്ച് ബിപി‌ഇ‌എഫ്

Wednesday 6 June 2018 5:22 pm IST

കൊച്ചി: തുച്ഛമായ വേതനം പറ്റുന്ന ഗ്രാമീണ ഡാക് ‌സേവക് (ജി‌ഡി‌എസ്) ജീവനക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസകരമായ വേതനം നല്‍കണമെന്ന കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ ബിപി‌ഇ‌എഫ് കേരളത്തില്‍ നടത്തിവന്നിരുന്ന സമരം പിന്‍‌വലിച്ചതായി സംസ്ഥാന കണ്‍‌വീനര്‍ കെ.നാരായണന്‍ അറിയിച്ചു.

സമരത്തിന് പൂര്‍ണ പിന്തുണ നല്‍കിയ ബി‌എം‌എസ് അഖിലേന്ത്യ നേതൃത്വത്തിനും ബിജെപി നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നുവെന്നും കെ.നാരായണന്‍ വ്യക്തമാക്കി. വേതനം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയ് 14 മുതല്‍ ബി‌എം‌എസിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ തലത്തില്‍ സമരം നടന്നുവരികയായിരുന്നു. ഈ സമരത്തിന് പിന്തുണ നല്‍കി കേരളത്തില്‍ ബിപി‌ഇ‌എഫ് സംഘടനയില്‍പ്പെട്ട സ്ഥിരം ജീവനക്കാരും സമര പാതയിലായിരുന്നു.

തപാല്‍ മേഖല ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും ശക്തവും ജനപിന്തുണയും ആര്‍ജിച്ച സമരമായിരുന്നു ബി‌എം‌എസിന്റെ നേതൃത്വത്തില്‍ ബിപി‌ഇ‌എഫ് നടത്തിയ ഐതിഹാസിക സമരമെന്ന്  കെ.നാരായണന്‍ അറിയിച്ചു. ബി‌എം‌എസ് കേന്ദ്ര നേതൃത്വം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും, അദ്ദേഹത്തിന്റെ നിര്‍ദേശം കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര മന്ത്രിസഭയെ സ്വാധീനിക്കുകയും ചെയ്തു. ബി‌എം‌എസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സജി നാരായണന്‍ സെക്രട്ടറി സുരേന്ദ്ര ജി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും സമരം വിജയിക്കുന്നതിന് സഹായകമായി. 

മെയ് 22 മുതല്‍ സമര രംഗത്തുണ്ടയിരുന്ന എഫ്‌എന്‍പി‌ഒ/എന്‍‌എഫ്‌പി‌ഇ സംഘടനയിലുള്ള സ്ഥിരം ജീവനക്കാര്‍ മെയ് 31ന് രാത്രി സമരം പിന്‍‌വലിച്ച് തൊഴിലാളി വഞ്ചന കാണിച്ചപ്പോഴും ബി‌എം‌എസ് സമരം രംഗത്ത് ജിഡി‌എസ് ജീവനക്കാര്‍ക്ക് താങ്ങും തണലുമായി ഉറച്ചു നിന്നു. തൊഴിലാളി വഞ്ചന കാണിച്ച ഇത്തരം സംഘടനകളെ ഒറ്റപ്പെടുത്തണമെന്നും നാരായണന്‍ ആവശ്യപ്പെട്ടു.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.