തപാല്‍ ജീവനക്കാര്‍ക്ക് നേട്ടമെന്നും എന്‍ഡിഎ സര്‍ക്കാരുകളില്‍ നിന്നു മാത്രം

Wednesday 6 June 2018 6:07 pm IST
അച്ച് അവധി അവകാശം കിട്ടി, ഇന്ന് തൊഴില്‍ മാന്യതയും ആത്മവിശ്വാസവും. അഭിമാനിക്കാന്‍ ഏറെ ബിഎംഎസിന്

കൊച്ചി: പോസ്റ്റല്‍ ജീവനക്കാര്‍ക്ക് നേട്ടമുണ്ടായിരിക്കുന്നത് എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ ഉള്ളപ്പോള്‍മാത്രം. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഗ്രാമീണ തപാല്‍ ജീവനക്കാര്‍ക്ക് ആദ്യമായി അവധി അനുവദിച്ചത് സുഷമാ സ്വരാജ് തപാല്‍ വകുപ്പു ചുമതലയുള്ള മന്ത്രിയായിരിക്കെ, വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഇപ്പോള്‍ മറ്റൊരു ചരിത്ര തീരുമാനത്തിലൂടെ 3.07 ലക്ഷം ജീവനക്കാര്‍ക്ക് കുറഞ്ഞ 'ശമ്പളം' നിശ്ചയിച്ചു. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തോടെ 23 ദിവസംപിന്നിട്ട തപാല്‍ സമരം തീര്‍ന്നുവെന്നു മാത്രമല്ല, ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി. 

ഈ ചരിത്ര നേട്ടങ്ങള്‍ക്ക് നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദിനും സര്‍ക്കാരിനും പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസിന്. ഭാരതീയ മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തിലുള്ള ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷനാണ് സമരം നയിച്ചത്. സര്‍ക്കാര്‍ നയിക്കുന്ന ബിജെപിയുടെയും എന്‍ഡിഎയുടെയും നേതാക്കളുമായി ചര്‍ച്ച നടത്തിയതും സര്‍ക്കാര്‍ തലത്തിലുള്ള കൂടിയാലോചനകളില്‍ പങ്കെടുത്തതും ഈ സംഘടനാ ഭാരവാഹികള്‍. നേടിയാതോ തപാല്‍വകുപ്പിനും ജീവനക്കാര്‍ക്കും മികച്ച നേട്ടങ്ങള്‍. 

തപാല്‍ വകുപ്പ് കൂടുതല്‍ കാര്യക്ഷമമാകുമെന്നതും ഗ്രാമീണ മേഖലയിലെ സാമ്പത്തിക നിക്ഷേപ സമാഹരണ പദ്ധതികള്‍ക്ക് ശക്തികൂടുമെന്നതാണ് രാജ്യത്തിന്റെ നേട്ടം. ഗ്രാമ മേഖലയില്‍ തപാല്‍ വകുപ്പിലെ നിക്ഷേപങ്ങള്‍ കൂടും. ബാങ്ക് സേവനമില്ലാത്തിടത്ത്, എന്നല്ല വീട്ടുമുറ്റത്ത് ബാങ്കിങ് സൗകര്യങ്ങളും സംവിധാനങ്ങളും എത്തും. 

150 വര്‍ഷം മുമ്പ്, ബ്രീട്ടീഷ് ഭരണകാലത്ത് മുതലുള്ള സംവിധാനമാണ് ഗ്രാമീണ തപാല്‍ സേവക് (ജിഡിഎസ്) മാരുടെ ജോലി. താല്‍ക്കാലിക ജീവനക്കാരെന്നു പോലും വിളിക്കാനാവാത്ത ഇവര്‍ തുച്ഛമായ പ്രതിഫലം പറ്റിയാണ് ഗ്രാമീണ മേഖലയില്‍, ഏറെ ഉത്തരവാദിത്തമുള്ള തൊഴില്‍ നോക്കിയിരുന്നത്. ഇന്ന് ഈ വിഭാഗത്തില്‍ 3.07 ലക്ഷം പേരുണ്ട്. ഇവര്‍ക്ക് കേന്ദ്ര തപാല്‍ വകുപ്പിലെ സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കണമെന്നും സ്ഥിരം നിയമനം നല്‍കണമെന്നുമായിരുന്നു ഏറെ നാളത്തെ ആവശ്യം. 

അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തെ എന്‍ഡിഎ സര്‍ക്കാരില്‍ സുഷമാ സ്വരാജായിരുന്നു ടെലികോം- കമ്പിത്തപാല്‍ വകുപ്പ് മന്ത്രി. 2013-ല്‍ സുഷമാ സ്വരാജാണ് ഈ ജീവനക്കാര്‍ക്കും വകുപ്പിനും ജീവന്‍ രക്ഷപോലെ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്. ഈ വിഭാഗക്കാര്‍ക്ക് നിത്യവും ജോലി ചെയ്യണമായിരുന്നു. അവധി അനുവദിച്ചിരുന്നില്ല. വരാതിരിക്കുന്ന ദിവസം പകരക്കാരെ ഏല്‍പ്പിക്കണമായിരുന്നു. പകരക്കാര്‍ക്ക് സ്വന്തം പോക്കറ്റില്‍നിന്ന് പണം നല്‍കണമായിരുന്നു. വരാത്ത ദിവസം വകുപ്പ് പ്രതിഫലം കൊടുത്തിരുന്നില്ല. സുഷമാ സ്വരാജ് ഈ വിഭാഗക്കാര്‍ക്ക് അവധി അനുവദിച്ചു. പകരക്കാരനെ കണ്ടെത്തി കൊടുക്കണമെന്ന വ്യവസ്ഥയോടെ. മാത്രമല്ല, പകരക്കാരനുള്ള പ്രതിഫലവും വകുപ്പ് നല്‍കാന്‍ തീരുമാനിച്ചു. പുറമേ, പോസ്റ്റ് ഓഫീസുകളെ ആധുനികീകരിക്കാന്‍ സുഷമാ സ്വരാജ് എടുത്ത തീരുമാനങ്ങളും ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഏറെ പ്രശംസിക്കപ്പെട്ടു. 

എന്നാല്‍, തുടര്‍ന്നു വന്ന യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈ വിഭാഗത്തെയും ജീവനക്കാരെയും അവഗണിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളോടു ചേര്‍ന്നു നില്‍ക്കുന്ന ബിഎംഎസ് യൂണിയനെ അതിന്റെ മുന്നില്‍ നിര്‍ത്തുകയായിരുന്നു.

ബിഎംഎസ് മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ മുഖ്യമായും പരിഗണിച്ചാണ് മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍. ടൈം റിലേറ്റഡ് കണ്ടിന്യൂവിറ്റി അലവന്‍സ് (ടിആര്‍സിഎ) എന്ന പേരില്‍ അഞ്ചുമണിക്കൂര്‍ സമയത്തേക്ക് നിശ്ചിത പ്രതിഫലം നല്‍കിയാണ് തപാല്‍ വകുപ്പില്‍ ജീവനക്കാരെ നിയോഗിച്ചിരുന്നത്. ഇവര്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലേപ്പോലെ താല്‍ക്കാലിക ജീവനക്കാര്‍ പോലുമല്ല. തുച്ഛമാണ് വരുമാനം. ഉത്തരവാദിത്തം ഏറെയും. വ്യത്യസ്ത ജോലികൡ 11 ഇനങ്ങളിലായിരുന്നു പ്രതിഫലം. ജിഡിഎസ് എന്ന വിഭാഗത്തില്‍ത്തന്നെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, മെയില്‍ ഡലിവേഴ്‌സ്, മെയില്‍ പാക്കേഴ്‌സ്, മെയില്‍ കാരിയേഴ്‌സ് എന്നിങ്ങനെ ഉപവിഭാഗങ്ങള്‍. ഇവര്‍ക്ക് കുറഞ്ഞ സമയം അഞ്ചു മണിക്കൂറായിരുന്നു. ഇന്നത്തെ തീരുമാന പ്രകാരം 11 ടിആര്‍സിഎ സ്ലാബുകള്‍ മൂന്നു വിഭാഗമാക്കി.  നാലു മണിക്കൂര്‍, അഞ്ചു മണിക്കൂര്‍ എന്നിങ്ങനെ രണ്ട് വിഭാഗമാക്കി സമയ ക്രമം. 

ഈ വിവിധ വിഭാഗങ്ങളെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നിങ്ങനെ രണ്ടു വിഭാഗമാക്കി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് കുറഞ്ഞ ശമ്പളം 12,000 ആക്കി ഉയര്‍ത്തി. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്കള 10000 കുറഞ്ഞ ശമ്പളമാക്കി. 

ഡിഎ വേറേയുണ്ടാകും. അത് കേന്ദ്ര ജീവനക്കാരുടെ ഡിഎ പരിഷ്‌കരിക്കുന്നതിനനുസരിച്ച് മാറും. ഇവര്‍ക്ക് പ്രത്യേക ബോണസ് അനുവദിക്കും. 

2016 ജനുവരി ഒന്നുമുതലാണ് പുതിയ സംവിധാനത്തിന് മുന്‍കാല പ്രാബല്യം. ഈ തുക തവണകളായി നല്‍കും. 

പ്രതിവര്‍ഷം മൂന്നു ശതമാനം വര്‍ദ്ധന ഉണ്ടാകും. 

പുറമേ റിസ്‌ക് ആന്‍ഡ് ഹാര്‍ഡ്ഷിപ് എന്നൊരു പ്രത്യേക അലവന്‍സും ലഭ്യമാക്കും. 

കൂടാതെ, ഓഫീസ് മെയിന്റനന്‍സ് അലവന്‍സ്, കംബൈന്‍ഡ് ഡ്യൂട്ടി അലവന്‍സ്, കാഷ് കണ്‍വേയന്‍സ് അലവന്‍സ്, സൈക്കിള്‍ മെയിന്റനന്‍സ് അലവന്‍സ്, ബോട്ട് അലവന്‍സ്, സ്‌റ്റേഷനറി അലവന്‍സ് എന്നിവയും പരിഷ്‌കരിച്ചു. 

മികച്ച നേട്ടമാണ് മോദി സര്‍ക്കാരിന്റെ പരിഷ്‌കാരംകൊണ്ട് വന്നിരിക്കുന്നത്. തപാല്‍ വകുപ്പിന്റെയും അനുബന്ധ ജീവനക്കാരുടെയും നിലയും വിലയും വര്‍ദ്ധിപ്പിക്കുന്ന തീരുമാനം, ജീവനക്കാരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണ-ഉത്തരവാദിത്ത ബേധവും വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതുവഴി ഗ്രാമീണ േമഖലയുടെ സാമ്പത്തിക നിക്ഷേപ-സമാഹരണവും ശക്തിപ്പെടുത്താനാവുമെന്നും സര്‍ക്കാര്‍ കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.