സര്‍വകലാശാലയിലും ഐഎസ് അനുഭാവികള്‍; ഒന്നുമറിയാതെ സംസ്ഥാന പോലീസ്; കേന്ദ്ര ഇന്റലിജന്‍സ് ജാഗ്രതയില്‍

Thursday 7 June 2018 2:30 am IST

കൊച്ചി: കേരളത്തിലെ സര്‍വകലാശാലകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവര്‍ത്തനം സജീവമാകുമ്പോഴും ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ പോലീസിന്റെ കൈവശമില്ല. ഇവരുടെ കണക്കുകള്‍ ശേഖരിക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് പോലീസ് കാണിക്കുന്നത്. 

സംസ്ഥാനത്തെ മുന്‍നിര സര്‍വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ ഒരു കശ്മീര്‍ സ്വദേശിക്കും രണ്ട് മലയാളികള്‍ക്കും ഐഎസുമായി ബന്ധം തിരിച്ചറിഞ്ഞിട്ടുണ്ട്. ഐഎസ് അനുഭാവം പുലര്‍ത്തുന്ന രണ്ട് മലയാളി വിദ്യാര്‍ത്ഥികളെ കുറിച്ചും ഇവര്‍ക്ക് സഹായം എത്തിക്കുന്ന തൃശൂര്‍ സ്വദേശിയെക്കുറിച്ചും കേന്ദ്ര ഇന്റലിജന്‍സിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളടക്കം പരിശോധിച്ചതില്‍ നിന്നാണ് കശ്മീര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ഭീകരബന്ധവും പുറത്തുവന്നിരിക്കുന്നത്. കശ്മീരിലെ വിഘടനവാദി നേതാക്കളെ ബന്ധപ്പെട്ടതിന്റെ വിവരങ്ങളും ലഭിച്ചിട്ടുള്ളതായും അറിയുന്നു. 

എഞ്ചിനീയറിങ് ബിരുദധാരികളെ ഭീകരവാദ പ്രവര്‍ത്തനത്തിലേക്ക് റിക്രൂട്ട് ചെയ്യണമെന്ന് ഐഎസ് ഭീകരനും കാസര്‍കോട് സ്വദേശിയുമായ അബ്ദുല്ല റാഷിദ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ശബ്ദ സന്ദേശങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോളേജുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിയത്. ഇതില്‍ നിന്നാണ് ഐഎസുമായി ബന്ധപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. 

ഇവരുമായി ബന്ധപ്പെടുന്നവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി അറസ്റ്റ് അടക്കമുള്ള നടപടികള്‍ നീട്ടിവെച്ചിരിക്കുകയാണ്. കശ്മീരില്‍ നിന്നും ധാരാളം ചെറുപ്പക്കാര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങളും നിരീക്ഷണത്തിലാണ്. 

കശ്മീരില്‍ കേന്ദ്ര ഇന്റലിജന്‍സിന്റെയും റോയുടെയും നിരീക്ഷണങ്ങളും സൈന്യത്തിന്റെ പരിശോധനകളും ശക്തമായ സാഹചര്യത്തില്‍ ഭീകരവാദത്തിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ കുറഞ്ഞിരിക്കുകയാണ്. സംശയം തോന്നുന്നവര്‍ക്കെതിരെ സൈന്യം കര്‍ശന നടപടി സ്വീകരിച്ചു തുടങ്ങിയതോടെയാണ് സുരക്ഷിത സ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിന് പുറത്തു പോയി ജിഹാദ് നടത്തുന്നതിന് പകരം ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തനം വിപുലമാക്കാനാണ് ഐഎസിന്റെ നീക്കമെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലാണ് ഐഎസുമായി അനുഭാവം പുലര്‍ത്തുന്നവരില്‍ അധികവും പ്രവര്‍ത്തിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കേരളത്തില്‍ ഒന്നിപ്പിക്കുന്നത് രഹസ്യയോഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതും അബ്ദുല്ല റാഷിദാണ്. യോഗങ്ങളിലേക്കായി നിരവധി ശബ്ദ സന്ദേശങ്ങളും അയച്ചു നല്‍കിട്ടുണ്ട്. നിലവില്‍ എഴുപതിലധികം സന്ദേശങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഒന്നിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ പോലെ അക്രമം നടത്താനുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സൈന്യവും ജാഗ്രതയോടെയാണ് ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നത്.

സാനു കെ. സജീവ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.