വരാപ്പുഴ കസ്റ്റഡി കൊലപാതകം നിയമസഭ ബഹളത്തില്‍ പിരിഞ്ഞു

Thursday 7 June 2018 2:35 am IST

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി കൊലപാതകം അടിയന്തര വിഷയമായി പ്രതിപക്ഷം കൊണ്ടു വരുകയും ഒരു ചര്‍ച്ചയും വേണ്ടന്ന് ഭരണപക്ഷം ബലം പിടിക്കുകയും ചെയ്തതോടെ  നടപടികള്‍ റദ്ദാക്കി നിയമസഭ ഇന്നലെ പിരിഞ്ഞു.പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശനാണ് അടിയന്തര പ്രമേയ അവതരണത്തിന് നോട്ടീസ് നല്‍കിയത്. കേസിലെ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ചര്‍ച്ചക്കെടുക്കണമെന്നായിരുന്നു ആവശ്യം.

 വരാപ്പുഴ കസ്റ്റഡിമരണക്കേസ് ഇപ്പോള്‍ കോടതിയുടെ മുന്നിലാണെന്നും അതിനാല്‍ ഇത് സഭ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ  നിലപാട്. ഇത് ചോദ്യം ചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നതോടെ സഭയില്‍ ബഹളമായി. സോളാര്‍ക്കേസും ബാര്‍കോഴക്കേസും മുന്‍പ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നതിനാല്‍ അത്തരമൊരു കീഴ്‌വഴക്കത്തിന് പ്രസക്തിയില്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.  വരാപ്പുഴ കേസില്‍ പോലീസുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി എസ്.പിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹത്തെ സംരക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

വരാപ്പുഴക്കേസ് അടിയന്തരപ്രാധാന്യമുള്ളതല്ലെന്നും നേരത്തേയും സഭ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും നിയമ മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി. ഇതില്‍ പ്രകോപിതരായ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്‍പിലെത്തി ബഹളം വച്ചു. ഇതോടെ സഭ താല്‍കാലികമായി പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. സഭ സ്തംഭിച്ചതിനെത്തുടര്‍ന്ന് കക്ഷി നേതാക്കളെ സപീക്കര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. പിന്നീട് അല്‍പ സമയത്തിന് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ പിരിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.