സഖ്യം: കോണ്‍ഗ്രസിന് 'ഗോപി'; നേട്ടമെല്ലാം ദളിനാകും

Thursday 7 June 2018 2:38 am IST

ബെംഗളൂരു:  അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമാരസ്വാമിയുടെ ജെഡിയുവുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തില്‍ കര്‍ണ്ണാടക കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം.  സഖ്യത്തിന്റെ നേട്ടമെല്ലാം ദളിനാകുമെന്നതാണ് നേതാക്കളെ അലട്ടുന്ന പ്രശ്‌നം. സഖ്യം വിപരീത ഫലം ഉണ്ടാക്കുമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

കാരണം ഒന്ന്: ജെഡിയുവിന് ശക്തമായ സ്വാധീനം പഴയ മൈസൂരുവില്‍ മാത്രമാണ്. അവിടെ കോണ്‍ഗ്രസാണ് ദളിന്റെ മുഖ്യശത്രു. ബിജെപിക്ക് അവിടെ അത്ര ശക്തിയില്ല. സഖ്യത്തോടെ കോണ്‍ഗ്രസിന്റെ വോട്ടു കൂടി വാങ്ങി ഈ മേഖലയില്‍ ദള്‍ വലിയ നേട്ടം ഉണ്ടാക്കും.

കാരണം രണ്ട്: പഴയ മൈസൂരു ഒഴിച്ച് മറ്റെങ്ങും ദളിന് കാര്യമായ സ്വാധീനം ഇല്ല. അതിനാല്‍ ബിജെപിയുമായുളള പോരില്‍ ഇവിടങ്ങളില്‍ കോണ്‍ഗ്രസിന് ജെഡിയുവില്‍ നിന്ന് കാര്യമായ ഒരു പിന്തുണയും ലഭിക്കാനില്ല. കോണ്‍ഗ്രസിന് സ്വന്തം നിലയ്ക്ക് ബിജെപിയെ നേരിടേണ്ടിവരും.

കാരണം മൂന്ന്: 2009ലെ തെരഞ്ഞെടുപ്പില്‍ ദളിന് 13 ശതമാനവും 2014ലെ തെരഞ്ഞെടുപ്പില്‍ 11 ശതമാനവും വോട്ടാണ് ലഭിച്ചത്. ഇത്രയും വോട്ടില്‍ 75 ശതമാനവും   കിട്ടിയത് പഴയ മൈസൂരുവില്‍ നിന്ന്. മറ്റിടങ്ങളിലെ വോട്ട് ശതമാനം  നേരിയതും. ചിലയിടങ്ങളില്‍ ഇത് ഒരു ശതമാനത്തിലും താഴെയായിരുന്നു. സഖ്യം കോണ്‍ഗ്രസിന് ഗുണകരമാവില്ല. പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ മഹാദേവ് പ്രകാശ് പറയുന്നു.

കാരണം നാല്; പഴയ മൈസൂരു മേഖലക്കപ്പുറത്തു നിന്ന് ദളിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും ലഭിച്ചില്ല.കോളാര്‍, ചിക്കബല്ലാപ്പൂര്‍, തുമകൂരു, ബെംഗളൂരു റൂറല്‍, ചാമരാജ് നഗര്‍ തുടങ്ങിയ സീറ്റുകള്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. ഇവയിലൊന്നു പോലും വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഹാസന്‍, മാണ്ഡ്യ എന്നിവ വിട്ടുനല്‍കാന്‍ ദളും സന്നദ്ധമല്ല.

ഈ സീറ്റുകളിന്‌മേലാകും തര്‍ക്കം രൂക്ഷമാകുക. ഇവിടങ്ങളില്‍ കോണ്‍ഗ്രസിന് ഒടുവില്‍ വിട്ടു വീഴ്ച ചെയ്യേണ്ടിയും വരും. അങ്ങനെ പഴയ മൈസൂരു മേഖലയിലെ കുറച്ചു സീറ്റുകള്‍ ദളിന് നല്‍കേണ്ടിവരും. മൈസൂരു, തുമകൂരു, ചിക്കബല്ലാപ്പൂര്‍ തുടങ്ങിയവക്ക്  ദള്‍ പിടിമുറുക്കും. ഇവിടങ്ങളില്‍ വൊക്കലിംഗര്‍ക്ക് ശക്തി കൂടുതലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.