പരിസ്ഥിതി സൗഹൃദ ഇന്ധനം എഥനോള്‍ ഉല്പ്പാദനം കൂട്ടാന്‍ 5800 കോടി

Thursday 7 June 2018 2:40 am IST

ന്യൂദല്‍ഹി: പരിസ്ഥിതി സൗഹൃദ ഇന്ധനമായ എഥനോള്‍ ഉല്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം വന്‍ പദ്ധതി തയ്യാറാക്കി. ഇതിന് 5800 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. 

എഥനോള്‍ ഉല്പ്പാദനം വര്‍ദ്ധിപ്പിക്കാനും 30 ലക്ഷം ടണ്‍ എഥനോള്‍ ശേഖരം ഉണ്ടാക്കാനും 4500 കോടി വായ്പ്പ നല്‍കാനാണ് തീരുമാനം. അതിനു പുറമേ നിലവിലുള്ള എഥനോള്‍ പ്‌ളാന്റുകള്‍ വികസിപ്പിക്കാനും പുതിയവ പണിയാനും 1300 കോടിയുടെ സഹായം നല്‍കും. വായ്പ്പയുടെ പലിശയില്‍ ഇളവു നല്‍കുകയാണ് ചെയ്യുക.

പഞ്ചസാര വ്യവസായത്തെ രക്ഷിക്കാന്‍ 8500 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമാണ് എഥനോള്‍ ഉല്പ്പാദനം വര്‍ദ്ധിപ്പിക്കലും. കരിമ്പില്‍ നിന്ന് ഉല്പ്പാദിപ്പിക്കുന്ന എഥനോള്‍ പെട്രോളില്‍ കലര്‍ത്തിയാല്‍ മലിനീകരണം വന്‍തോതില്‍ കുറയും. വേണ്ടി വരുന്ന പെട്രോളിന്റെ അളവും കുറയും. ഇരട്ടി ലാഭം. ഇത്  എണ്ണ ഇറക്കുമതി കുറയാനും വഴിയൊരുക്കും.

ആഭ്യന്തര പഞ്ചസാര വ്യവസായത്തെ സഹായിക്കാന്‍ കേന്ദ്രം നേരത്തെ തന്നെ ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയുടെ തീരുവ നൂറു ശതമാനമാക്കിയിരുന്നു. കരിമ്പു നീരില്‍ നിന്ന് പഞ്ചസാര എടുത്തു കഴിഞ്ഞുവരുന്ന മൊളാസസില്‍ നിന്നാണ് എഥനോള്‍ ഉണ്ടാക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.