മധ്യപ്രദേശ് പാവപ്പെട്ടവരുടെ വൈദ്യുതികുടിശിക എഴുതിത്തള്ളി; തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ വൈദ്യുതി

Thursday 7 June 2018 2:42 am IST

ഭോപ്പാല്‍: പാവപ്പെട്ട തൊഴിലാളികളുടെയും നിര്‍ധന കുടുംബങ്ങളുടെയും വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിനായുള്ള ബില്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം പാസാക്കി. ബിജിലി ബില്‍ മാഫി യോജന 2018 എന്നാണ് ബില്ലിന്റെ പേര്. 

സംസ്ഥാനത്തെ 77 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ്‌സിങ്ങ് ചൗഹാന്‍ അറിയിച്ചു. 2018 ജൂണ്‍ ഒന്നുവരെയുള്ള കുടിശികയാണ് എഴുതിത്തള്ളുക. ജൂലൈ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ഇതുവഴി സര്‍ക്കാരിന് 1000 കോടി രൂപയുടെ ബാധ്യതയുണ്ടാകും. മാത്രമല്ല അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി 'ജന്‍ കല്യാണ്‍ യോജന' പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

എയര്‍ കണ്ടീഷനുകള്‍, ഇലക്ട്രിക് ഹീറ്ററുകള്‍ തുടങ്ങിയവ ഉപയോഗിക്കാത്ത 1000 വാട്ടില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. എന്നാലിവര്‍ക്ക് ടെലിവിഷന്‍, ഫാന്‍, ബള്‍ബുകള്‍ തുടങ്ങിയവ ഉപയോഗിക്കാം. പദ്ധതിയുടെ ഭാഗമായി അസംഘടിത മേഖലകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും പ്രതിമാസം 200 രൂപയ്ക്ക് വൈദ്യുതി ലഭ്യമാക്കും.

200 രൂപയ്ക്ക് മുകളില്‍ വരുന്ന തുക സര്‍ക്കാര്‍ സബ്സിഡിയായി അടയ്ക്കുന്ന വിധത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷനും നല്‍കും. 88 ലക്ഷം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് കരുതുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.