തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ പാര്‍ക്കിങ്ങ് ഏരിയ പൊളിക്കാന്‍ ഉത്തരവ്

Thursday 7 June 2018 2:50 am IST

ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍വേള്‍ഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിവാദമായ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ്ങ് ഏരിയ പൊളിച്ച് നീക്കാന്‍ കളക്ടറുടെ ഉത്തരവ്. 64 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തെ പാര്‍ക്കിങ്ങ് ഒഴിയണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കമ്പനിയുടെയും പേരിലാണ് നോട്ടീസ് അയച്ചത്.   

ടി.വി. അനുപമ ആലപ്പുഴ കളക്ടര്‍ സ്ഥാനമൊഴിയുന്നതിന് തൊട്ട് മുന്‍പാണ് ഉത്തവ് പുറപ്പെടുവിച്ചത്. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും അപ്രോച്ച് റോഡും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാണ് ഉത്തരവ്. നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. നിരവധി അന്വേഷണങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ഒടുവില്‍ പാര്‍ക്കിങ് ഏരിയ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. 

റിസോര്‍ട്ടിലേക്ക് എംപി ഫണ്ട് വിനിയോഗിച്ച് റോഡ് നിര്‍മ്മിച്ചത് നേരത്തെ വിവാദമായിരുന്നു. മാനദണ്ഡങ്ങളും, തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമവും ലംഘിച്ച് നടത്തിയ റോഡ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. ചാണ്ടിക്കെതിരായ നടപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചാണ് സര്‍ക്കാര്‍ ടി.വി. അനുപമയെ തൃശൂരിലേക്ക് സ്ഥലം മാറ്റിയതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.