ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി റിട്ട. അദ്ധ്യാപകന്‍ വെന്തുമരിച്ചു

Thursday 7 June 2018 3:00 am IST

കുറ്റ്യാടി(കോഴിക്കോട്): ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി റിട്ട. പ്രധാനാദ്ധ്യാപകന്‍ വെന്തുമരിച്ചു. നരിപ്പറ്റ മണിയൂര്‍താഴ കൊയ്യാലുമ്മല്‍ നാണു (62) വാണ് മരിച്ചത്. ചിക്കോന്നുമ്മല്‍ എംഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാദ്ധ്യാപകനും മണിയൂര്‍താഴ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡണ്ടുമാണ്.  

ഇന്നലെ പുലര്‍ച്ചെ നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിലെ അമ്പലകുളങ്ങര അരയാലിന്ന് സമീപമായിരുന്നു അപകടം. പുലര്‍ച്ചെ നാലു മണിക്കാണ് വീട്ടില്‍ നിന്ന് കാറുമായി ഇറങ്ങിയത്. കാറില്‍ നാണു മാത്രമാണ് ഉണ്ടായിരുന്നത്. മൃതശരീരം തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞിരുന്നു. 

റോഡ് വഴി നടന്നു പോകുന്നവരാണ് കാറിന്റെ പിന്‍വശം കത്തുന്നത് കണ്ട് പോലീസില്‍ വിവരം അറിയിച്ചത്. നാദാപുരത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും കുറ്റ്യാടി പോലീസുമെത്തി തീ അണയ്ക്കുകയായിരുന്നു. കാറിന്റെ നമ്പര്‍ പരിചയമുള്ളവരാണ് നാണുവിന്റെ കാറാണെന്ന് തിരിച്ചറിഞ്ഞത്. 

റൂറല്‍ എസ്പി ജയദേവ്, ഡിവൈഎസ്പി സുനില്‍കുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഷാജി കുറ്റ്യാടി സിഐ എന്‍. സുനില്‍കുമാര്‍, തൊട്ടില്‍പ്പാലം എസ്‌ഐ ബിജു എന്നിവരും കണ്ണൂരില്‍ നിന്നുള്ള സയിന്റിഫിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വടകര മുന്‍സിഫ് കോടതിയിലെ സീനിയര്‍ ക്ലര്‍ക്ക് സുജാതയാണ് ഭാര്യ. ഏക മകന്‍ ആത്മജ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.