പ്രതിരോധ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളെ തകര്‍ത്തു; ചികിത്സാരംഗത്ത് വന്‍ മുന്നേറ്റം

Thursday 7 June 2018 3:02 am IST

ഫ്‌ളോറിഡ: കാന്‍സര്‍ ചികിത്സാ രംഗത്ത് അത്ഭുതകരമായ മുന്നേറ്റത്തിനു വഴിയൊരുക്കാവുന്ന പരീക്ഷണത്തിന് വിജയം. സ്തനാര്‍ബുദം ബാധിച്ച് പിന്നീട് അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പടര്‍ന്ന്, മരണം ഉറപ്പിച്ചിരുന്ന സ്ത്രീ ജീവിതത്തിലേക്കു തിരിച്ചു വന്നു. രോഗിയുടെ ശരീരത്തിലെ ട്യൂമറില്‍ നിന്നു തന്നെ ശേഖരിച്ച പ്രതിരോധ കോശങ്ങളെ ഉപയോഗിച്ച് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്ന രീതിയാണ് വിജയിച്ചത്. 

ഫ്‌ളോറിഡയില്‍ നിന്നുള്ള നാല്‍പ്പത്തൊമ്പതുകാരിയായ ജൂഡി പെര്‍ക്കിന്‍സ് എന്ന സ്ത്രീ ഈ പരീക്ഷണത്തിന്റെ വിജയപ്രതീകമായി പുഞ്ചിരിച്ച് ഈ ലോകത്തിനു മുന്നില്‍ നില്‍ക്കുന്നു. വലതു സ്തനത്തില്‍ ബാധിച്ച കാന്‍സര്‍ പിന്നീട് കരള്‍ വരെ പടര്‍ന്നു. നിരവധി കീമോതെറാപ്പികള്‍ക്കു ശേഷം ഇനി ഏറിയാല്‍ രണ്ടു വര്‍ഷം എന്നു ഡോക്ടര്‍മാര്‍ വിധിച്ചു. ജോലി വരെ രാജിവെച്ച് മരണത്തെ വരവേല്‍ക്കാനൊരുങ്ങി ജൂഡി. 

എന്നാല്‍ ജൂഡിയെ ചികിത്സിച്ച മെറിലാന്‍ഡ് യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ ഒരു അവസാന ശ്രമത്തിനു തയാറെടുക്കാന്‍ ജൂഡിയോടു നിര്‍ദേശിച്ചു. ഇമ്യൂണോതെറാപ്പിയുടെ സാധ്യതകളെക്കുറിച്ച് ഡോക്ടര്‍മാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. ജൂഡിയുടെ ശരീരത്തിലെ ട്യൂമറില്‍ നിന്നും ഭാവിയില്‍ ട്യൂമറായി മാറാന്‍ സാധ്യതയുള്ള ഭാഗത്തു നിന്നും ബയോപ്‌സിയെടുത്തു. ട്യൂമര്‍ ടിഷ്യൂവിലെ പ്രതിരോധ കോശങ്ങളെ വേര്‍പെടുത്തി. പിന്നീട് ഇവയെ ലക്ഷക്കണത്തിനു കോശങ്ങളാക്കി ലാബില്‍ വളര്‍ത്തി. ട്യൂമര്‍ സെല്ലുകള്‍ ഏതു തരത്തിലുള്ള രൂപാന്തരീകരണത്തിനാണ് വിധേയമാതെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഈ സെല്ലുകളെ നശിപ്പിക്കാന്‍ പാകത്തിനുള്ള പ്രതിരോധ കോശങ്ങളെ തരംതിരിച്ച് ട്യൂമറിലേക്ക് വീണ്ടും കടത്തിവിട്ടു. പ്രതിരോധ സെല്ലുകള്‍ കാന്‍സര്‍ സെല്ലുകളെ ആക്രമിച്ചു നശിപ്പിക്കുന്ന കാഴ്ച്ചയാണ് പിന്നീടു കണ്ടത്.

എണ്‍പതു ദശലക്ഷം പ്രതിരോധ സെല്ലുകളെയാണ് ജൂഡിയുടെ ശരീരത്തിലേക്ക് കടത്തി വിട്ടത്. എല്ലാ പ്രതിരോധ സെല്ലുകളും കാന്‍സര്‍ സെല്ലുകളെ തകര്‍ക്കത്താന്‍ പാകത്തിനു കരുത്തുറ്റവയായിരുന്നില്ല. കരുത്തുള്ള പ്രതിരോധ സെല്ലുകളെ കണ്ടെത്തുന്നതും വെല്ലുവിളിയായിരുന്നു. നാല്‍പ്പത്തിരണ്ട് ആഴ്ചയ്ക്കു ശേഷമുള്ള പരിശോധനകളില്‍ ജൂഡി പരിപൂര്‍ണമായും കാന്‍സറില്‍ നിന്നു മോചനം നേടിയെന്നു കണ്ടെത്തി. രണ്ടു വര്‍ഷം ജൂഡിയെ വിശദമായി പരിശോധിച്ചതിനു ശേഷമാണ് വിശദാംശങ്ങള്‍ ആശുപത്രി പുറത്തു വിട്ടത്. പര്‍വതാരോഹണത്തിനിടെ എടുത്ത തന്റെ ചിത്രങ്ങള്‍ ജൂഡി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. മരണത്തിനായി കാത്തിരുന്നിട്ട് അത്ഭുതകരമായി തിരിച്ചു വന്നു എന്നാണ് രോഗം ഭേദമായതിനെ ജൂഡി വിശേഷിപ്പിക്കുന്നത്. 

ചികിത്സയുടെ വിശദാംശങ്ങള്‍ നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാന്‍സര്‍ ചികിത്സാ വിദഗ്ധര്‍ ഈ നേട്ടത്തെ പ്രശംസിച്ചിട്ടുണ്ട്. പ്രോസ്റ്റേറ്റ്, ഗര്‍ഭാശയ ക്യാന്‍സര്‍ ചികിത്സക്ക് ഫലപ്രദമായി പരീക്ഷിക്കാവുന്ന രീതിയാണിതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ കൂടുതല്‍ വിശദമായ പരീക്ഷണങ്ങള്‍ക്കു ശേഷമല്ലാതെ ഈ രീതി മറ്റു രോഗികളില്‍ പ്രയോഗിക്കരുത് എന്ന മുന്നറിയിപ്പുമുണ്ട്. ഒരു ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ അതേ രോഗിയുടെ കാന്‍സര്‍ സെല്ലുകളില്‍ വിജയിച്ചെന്നു കരുതി ഇത് എല്ലായിടത്തും അനുകൂല പ്രതികരണമുണ്ടാക്കണെമന്നില്ലെന്ന് ലണ്ടന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇമ്യൂണോതെറാപ്പി വിഭാഗം പ്രഫസര്‍ അലന്‍ മെല്‍ച്ചര്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.