കേന്ദ്ര സഹായം ഇരട്ടിച്ചിട്ടുംകേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശം: സി എ ജി

Thursday 7 June 2018 3:04 am IST

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന്  കംപ്‌ടോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ( സിഎജി) റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്നലെ  ധനമന്ത്രി ഡോ തോമസ് ഐസക്ക് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. റവന്യൂ, ധന കമ്മികളുടെ അടിസ്ഥാനത്തില്‍ 2015-16മായി താരതമ്യം ചെയ്യുമ്പോള്‍ 2016-17ല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

റവന്യുക്കമ്മി 2015-16ലെ 9,657 കോടിയില്‍ നിന്നും 2016-17ല്‍ 15,484 കോടിയായി വര്‍ദ്ധിച്ചു.  ധനക്കമ്മി 2015-16ലെ 17,818 കോടിയില്‍ നിന്നും 2016-17ല്‍ 26,448 കോടിയായി വര്‍ദ്ധിച്ചു.പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ധനക്കമ്മി -ജിഎസ്ഡിപി അനുപാതം മൂന്ന് ശതമാനത്തില്‍ നിലനിര്‍ത്തണം. എന്നാല്‍ സംസ്ഥാനത്തിന് 2016-17ല്‍ ഇത് നാല് ശതമാനമായി. 

 റവന്യു വരവ് 2015-16ലെ 69,033 കോടിയില്‍ നിന്നും 2016-17ല്‍ 75612 കോടിയായി വര്‍ദ്ധിച്ചു,  9.53 ശതമാനത്തിന്റെ വര്‍ദ്ധന.  ഇത് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ  ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്.  റവന്യുവരവിന്റെ മുഖ്യ സ്രോതസ്സ്  തനതു നികുതി വരവാണ്. ഇതും 2016-17ല്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് ,8.16 ശതമാനം  രേഖപ്പെടുത്തി. കേന്ദ്രനികുതികളുടെയും ചുങ്കങ്ങളുടെയും സംസ്ഥാന വിഹിതം, കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുള്ള ധനസഹായം എന്നിവ  അഞ്ച് വര്‍ഷത്തില്‍ ഇരട്ടിച്ചു. 2013-14 വര്‍ഷം 4138 കോടി ആയിരുന്നത് കഴിഞ്ഞ വര്‍ഷം 8510  കോടിയായി.

റവന്യു ചെലവ് 2015-16ലെ 78,690 കോടിയില്‍ നിന്നും 2016-17ല്‍ 91,096 കോടിയായി വര്‍ദ്ധിച്ചു.  15.77 ശതമാനം വര്‍ദ്ധന. റവന്യു ചെലവും, പദ്ധതിയേതര റവന്യു ചെലവും വര്‍ദ്ധിച്ചെങ്കിലും  രണ്ടു വര്‍ഷങ്ങളില്‍ മൊത്തം ചെലവില്‍ റവന്യു ചെലവിന്റെ ശതമാനം കുറഞ്ഞു വരുന്നത്  സര്‍ക്കാരിന്റെ മുന്‍ഗണന മൂലധന ചെലവിലേക്ക് മാറുന്നതിനെ സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷത്തേതു പോലെ റവന്യു ചെലവില്‍ മാറ്റിവയ്ക്കാന്‍ പറ്റാത്ത ചെലവിന്റെ വിഹിതം 63 ശതമാനമായിരുന്നു, ഇത് റവന്യു വരവിന്റെ 76 ശതമാനവും വിനിയോഗിച്ചു. പലിശനല്‍കല്‍, പെന്‍ഷന്‍ എന്നിവയ്ക്ക് യഥാക്രമം റവന്യു വരവിന്റെ 16 ശതമാനവും20 ശതമാനവും വിനിയോദിച്ചത് സംസ്ഥാന സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷകാലത്ത് സംസ്ഥാനസര്‍ക്കാര്‍ നടത്തിയ നിക്ഷേപത്തില്‍ നിന്നും ലഭിച്ച ശരാശരി ആദായം 1.35 ശതമാനമായിരിക്കുമ്പോള്‍ വായ്പകള്‍ക്ക് സര്‍ക്കാര്‍ 7.18 ശതമാനം ശരാശരി പലിശനല്‍കി. കടമെടുപ്പിന്റെ ശരാശരി ചെലവായ 6.92 ശതമാനത്തിനെതിരെ, സര്‍ക്കാര്‍ നല്‍കിയ വായ്പകള്‍ക്കും മുന്‍കൂറുകള്‍ക്കും 2016-17ല്‍ ലഭിച്ച പരിശ 0.22 ശതമാനമായിരുന്നു.

ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സാമ്പത്തിക ബാധ്യതകള്‍- ജിഎസ്ഡിപി അനുപാതം 25 ശതമാനത്തില്‍ താഴെയായിരിക്കണം. എന്നാല്‍ സാമ്പത്തിക ബാധ്യതകളുടെ അനുപാതമല്ലാത്ത വളര്‍ച്ചകാരണം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാകുന്നില്ലന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.