അസംതൃപ്തരുടെ പ്രതിഷേധം തെരുവില്‍; സിദ്ധരാമയ്യ നല്‍കിയ പേരുകള്‍ വെട്ടി

Thursday 7 June 2018 8:14 am IST
"സതീഷ് ജാര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് അണികള്‍ വിധാന്‍ സൗധയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു"

ബെംഗളൂരു: മന്ത്രിമാരെ നിശ്ചയിച്ചതില്‍ കടുത്ത എതിര്‍പ്പിലാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളും സിദ്ധരാമയ്യയുടെ അടുപ്പക്കാരുമായവരുടെ പേരുകള്‍ ഹൈക്കമാന്റിന് നല്‍കിയിരുന്നു. എന്നാല്‍ ഇവരെയെല്ലാം ഒഴിവാക്കി. ഇതോടെ മന്ത്രിമാരെ നിശ്ചയിക്കാന്‍ ന്യൂദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് സിദ്ധരാമയ്യ ഇറങ്ങിപ്പോന്നു.  

മന്ത്രി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സൂചന ലഭിച്ചതോടെ എംഎല്‍എമാരുടെ അണികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇന്നലെ രാവിലെ മുതല്‍ വിധാന്‍സൗധയ്ക്കു മുന്നിലും രാജ്ഭവനും മുന്നിലും ഇവര്‍ പ്രതിഷേധിച്ചു. യെമകണ്‍മാറാടി എംഎല്‍എ സതീഷ് ജാര്‍ക്കിഹോളിയെ പിന്തുണച്ച് നൂറുകണക്കിന് അണികള്‍ കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം  വിളിച്ച്  വിധാന്‍ സൗധയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

മുന്‍ മുഖ്യമന്ത്രി ധരംസിങിന്റെ മകന്‍ ഡോ.അജയ് സിങിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കലബുറഗിയിലും അണികള്‍ പ്രതിഷേധിച്ചു. മൈസൂരുവില്‍ തന്‍വീര്‍ സെയ്ദിന്റെ അണികള്‍ കോണ്‍ഗ്രസിനെതിരെ പ്ലക്കാര്‍ഡുമായാണ്  പ്രതിഷേധിച്ചത്. എം.പി. പാട്ടീലും എംറ്റിബി നാഗരാജും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. 

ജെഡിഎസ്സിലും പ്രതിഷേധം പുകയുകയാണ്. മന്ത്രിപട്ടികയില്‍ ഇടംപിടിക്കുമെന്ന് കരുതിയിരുന്ന ബസവരാജ് ഹൊരാട്ടി, എ.റ്റി. രാമസ്വാമി, എച്ച്. വിശ്വനാഥ്, ബി.എം. ഫാറൂഖ് എന്നിവരെ ഒഴിവാക്കി. മന്ത്രിമാരെ നിശ്ചയിച്ചതിനെതിരെ വിവിധ സമുദായ ആചാര്യന്മാരും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സമുദായമായ വൊക്കലിഗയ്ക്ക് അമിത പ്രാധാന്യമാണ് നല്‍കിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. 34 മന്ത്രിമാരില്‍ 10പേര്‍ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്തെ ഏഴ് ശതമാനമുള്ള കുറുബ  സമുദായത്തില്‍ നിന്ന് ആരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല. 

ഡി.കെ. ശിവകുമാറിനെ തണുപ്പിക്കാന്‍ നീക്കം

ബെംഗളൂരു: വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രതിഷേധ സ്വരം ഉയര്‍ത്തിയ ഡി.കെ. ശിവകുമാറിനെ തണുപ്പിക്കാന്‍ നീക്കം. 

വകുപ്പ് വീതം വച്ചപ്പോള്‍ പ്രധാന വകുപ്പുകളെല്ലാം ജെഡിഎസ് കൈക്കലാക്കി. തുടര്‍ന്ന് അപ്രധാന വകുപ്പ് ഏറ്റെടുക്കാന്‍ ശിവകുമാര്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് ഊര്‍ജവകുപ്പോ, പൊതുമരാമത്ത് വകുപ്പോ കോണ്‍ഗ്രസിന് വിട്ടു നല്‍കും. ഇതില്‍ ഡി.കെ. ശിവകുമാര്‍ മന്ത്രിയാകും.  സിദ്ധരാമയ്യ സര്‍ക്കാരില്‍ ശിവകുമാര്‍ ഊര്‍ജവകുപ്പാണ് കൈകാര്യം ചെയ്തത്. ഊര്‍ജ, പൊതുമരാമത്ത് വകുപ്പുകള്‍ക്കുവേണ്ടി ജെഡിഎസ്സില്‍ എച്ച്.ഡി. രേവണ്ണയും ജി.റ്റി. ദേവഗൗഡയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.