ത്രിശൂലവും കുരിശും കത്തോലിക്കാ സഭയും

Thursday 7 June 2018 3:20 am IST
എത്ര വിശദീകരിച്ചാലും, കത്തോലിക്കാസഭയുടെ വാക്കും പ്രവൃത്തിയും അവരുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നുണ്ട്. അവര്‍ ലക്ഷ്യംവയ്ക്കുന്നത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയുമാണ്.

ക്രൈസ്തവസഭകള്‍ അങ്ങനെയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ അവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. സ്‌നേഹത്തിന്റെ ഉറവിടമാണ് തങ്ങളെന്ന് ഭാവിക്കും. സ്‌നേഹസാമ്രാജ്യം കെട്ടിപ്പടുക്കുകയാെണന്ന് വിശ്വസിപ്പിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ത്തന്നെ വിദ്വേഷം വളര്‍ത്താനുള്ള അവസരങ്ങളൊന്നും പാഴാക്കില്ല. ഇതിനുള്ള വിലകെട്ട ഉപകരണങ്ങളായി വിശ്വാസികളെ ഉപയോഗിക്കുകയും ചെയ്യും. 

ഗോവ ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് നേരി ഫെരാരോയുടേതാണ് ഒടുവിലത്തെ ഉൗഴം. ഭരണഘടന അപകടത്തിലാണെന്നും, ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും അരക്ഷിതാവസ്ഥയില്‍ കഴിയുകയാണെന്നും ഫെരാരോ ഇറക്കിയ പതിനഞ്ച് പേജുള്ള ഇടയലേഖനം കുറ്റപ്പെടുത്തുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി സെക്രട്ടറി രംഗത്തുവന്നു. ബിഷപ്പ് സ്വജനങ്ങളോട് ആശങ്ക പങ്കുവച്ചതാണെന്നും, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരല്ല ഇടയലേഖനമെന്നുമാണ് വിശദീകരണം. 

മുന്‍പ് ദല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കുട്ടോ സമാനമായ ഒരു കത്ത് ദല്‍ഹി അതിരൂപതയിലെ പള്ളികളില്‍ വായിക്കാനായി പുറത്തിറക്കിയിരുന്നു. 2019-ലെ പൊതുതെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി 'ഉപവാസവും പ്രാര്‍ത്ഥനയും' നടത്താനാണ് കത്തില്‍ വിശ്വാസികളോട് ആവശ്യപ്പെട്ടത്. രാജ്യത്തെ കത്തോലിക്കാ സഭയുടെ മുഖംതന്നെയാണ് ദല്‍ഹി അതിരൂപത. ആര്‍ച്ച്ബിഷപ്പിനാണെങ്കില്‍ വിശ്വാസികള്‍ക്കിടയില്‍ ഗണ്യമായ സ്വാധീനവുമുണ്ട്. 2013ല്‍ ദല്‍ഹി ആര്‍ച്ച് ബിഷപ്പാവുന്നതിനു മുന്‍പ് ജലന്തര്‍ ബിഷപ്പായിരുന്ന കുട്ടോ ഗോവക്കാരനാണെന്ന പ്രത്യേകതയുമുണ്ട്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ്, 'ദേശീയവാദ ശക്തികളില്‍' നിന്ന് രാജ്യത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തുമായി ഗാന്ധിനഗര്‍ ബിഷപ്പ് രംഗത്തുവന്നിരുന്നു. വിവാദത്തെത്തുടര്‍ന്ന്,ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരല്ലെന്ന വിശദീകരണമുണ്ടായി. നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 'ത്രിശൂലമോ കുരിശോ' തെരഞ്ഞെടുക്കാന്‍ ബാപ്ടിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ത്രിശൂലത്തിനെതിരെ മാത്രമല്ല, യോഗയ്‌ക്കെതിരെയും ഇവര്‍ നിലപാടെടുത്തു. അങ്ങേയറ്റം ഹൈന്ദവമായ യോഗ പരിശീലിക്കുന്നതില്‍നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നായിരുന്നു ആവശ്യം.  രാജ്യം 'ഭരണഘടനാഹത്യ' നേരിടുകയാണെന്നു കണ്ടെത്തി, ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അതിരൂപതയുടെ മാസിക ആവശ്യപ്പെടുകയുണ്ടായി.

എത്ര വിശദീകരിച്ചാലും, കത്തോലിക്കാസഭയുടെ വാക്കും പ്രവൃത്തിയും അവരുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നുണ്ട്. അവര്‍ ലക്ഷ്യംവയ്ക്കുന്നത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയുമാണ്. വിദ്വേഷപ്രചാരണം നടത്തുന്നതില്‍ ദല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കുട്ടോ  വിദഗ്ധന്‍ തന്നെയാണ്. നിസ്സാര കുറ്റകൃത്യങ്ങളിലും, സാധാരണ കവര്‍ച്ചാ സംഭവങ്ങളിലും ഈ മതമേധാവി 'മതപരമായ അസഹിഷ്ണുത'യും ക്രൈസ്തവവിരുദ്ധ മനോഭാവവും കണ്ടെത്തുന്നു.  നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ കാലത്ത് ദല്‍ഹിയില്‍ നടന്ന ഇത്തരം ചില സംഭവങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പലതും 'പള്ളിയാക്രമണങ്ങള്‍' ആയാണ് ചിത്രീകരിച്ചത്. യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോളുകൊണ്ട് പള്ളിയുടെ ജനല്‍ ചില്ലുകള്‍ ഉടഞ്ഞതും, മദ്യപിച്ച് ലക്കുകെട്ടയാള്‍ എന്തൊക്കെയോ തല്ലിതകര്‍ത്തതുമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മതപരമോ വര്‍ഗീയമോ ആയ യാതൊരു ബന്ധവും ഇതിനുണ്ടായിരുന്നില്ല. 

നരേന്ദ്ര മോദിയോട് വിയോജിക്കാനും, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കാനുമുള്ള അവകാശം എല്ലാ മതങ്ങളിലുമുള്ള പൗരന്മാര്‍ക്കുണ്ട്. എന്നാല്‍ കത്തോലിക്കാ സഭയുടെ എതിര്‍പ്പിനെ വ്യത്യസ്തമായി കാണേണ്ടതുണ്ട്. ഗുജറാത്തില്‍ മതസ്വാതന്ത്ര്യമില്ലെന്ന് മോദി മുഖ്യമന്ത്രിയായ കാലം മുതല്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന അമേരിക്കന്‍ കമ്മീഷന്‍ (യുഎസ്‌സിഐആര്‍എസ്) മുറവിളി കൂട്ടുന്നതാണ്. മോദിക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തി. 2014-ല്‍ മോദി പ്രധാനമന്ത്രിയായപ്പോള്‍ വിസ വിലക്ക് നീക്കേണ്ടിവന്നെങ്കിലും  വിദ്വേഷപ്രചാരണം ശക്തിപ്പെടുത്തി. 2015ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയ യുഎസ് പ്രസിഡന്റ് ബരാക് ഒബാമപോലും നയതന്ത്രമാന്യതയില്ലാതെ ഇന്ത്യയിലെ 'മതവിദ്വേഷ'ത്തെക്കുറിച്ച് പറയാതിരുന്നില്ല.

അനില്‍ കുട്ടോയുടെ വിവാദ കത്ത് 'വത്തിക്കാന്‍ ന്യൂസ്' അവതരിപ്പിച്ചത് അങ്ങേയറ്റം പ്രകോപനപരമായാണ്. ''ഹിന്ദുത്വ പാര്‍ട്ടിയായ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ കാലാവധി 2019-ല്‍ അവസാനിക്കുകയാണ്'' എന്ന് ലേഖനം ഓര്‍മ്മപ്പെടുത്തുന്നു. അവിടെയും നിര്‍ത്താതെ മത-വംശീയ ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ അവഗണിച്ച് 'ഹിന്ദുരാഷ്ട്രം' സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സംഘങ്ങളെ മോദി സര്‍ക്കാര്‍ തന്ത്രപരമായി സഹായിക്കുകയാണെന്ന് ക്രൈസ്തവ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു'' എന്നു പറയാനും 'വത്തിക്കാന്‍ ന്യൂസ്' മടിക്കുന്നില്ല. മോദി അധികാരത്തില്‍ വന്നശേഷം ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്നും, സമീപകാലത്ത് അത് ആവര്‍ത്തിക്കുകയാണെന്നും കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

ഈ വിദ്വേഷപ്രചാരണം എന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം എല്ലാവര്‍ക്കുമറിയാം. ഇറ്റലിക്കാരിയും കത്തോലിക്കാ മതവിശ്വാസിയുമായ സോണിയയുടെ ഭരണഘടനാ ബാഹ്യമായ നിയന്ത്രണത്തില്‍ പത്തുവര്‍ഷം ഇന്ത്യ ഭരിച്ച ഹിന്ദുവിരുദ്ധ സര്‍ക്കാരിന്റെ സ്ഥാനത്ത്, രാജ്യത്തോടും ജനതയോടും ശരിയായ കൂറുള്ള നരേന്ദ്ര മോദി പ്രധാനമന്ത്രിയായി എന്നതുതന്നെ കാരണം. ഇന്ത്യയുടെ ചരിത്രത്തില്‍ മോദിയെപ്പോലെ മറ്റൊരു ഭരണാധികാരിക്കും ഇത്രയും അനുകൂലമായ ജനാഭിപ്രായം രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനോപകാരപ്രദമായ ഭരണത്തിലൂടെയാണത്.

2004ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പാണ് കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള മോദിവിരുദ്ധരുടെ മനസ്സില്‍. സംശുദ്ധ ഭരണം കാഴ്ചവച്ച അടല്‍ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാരിന് ആ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലഭിച്ചില്ല. കോണ്‍ഗ്രസിന്റെയും മറ്റും വിദ്വേഷപ്രചാരണമായിരുന്നു ഇതിനിടയാക്കിയ ഒരു ഘടകം. പക്ഷേ, 2004 അല്ല 2019 എന്നും, വാജ്‌പേയിയല്ല മോദിയെന്നും ഇക്കൂട്ടര്‍ വിസ്മരിക്കുന്നു.

മുരളി പാറപ്പുറം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.