മരണക്കളിയുടെ ഗ്രൂപ്പ്; വനിതാ ഏഷ്യാകപ്പ്; ഇന്ത്യക്ക് തോൽവി

Thursday 7 June 2018 3:19 am IST

പോര്‍ച്ചുഗല്‍

ഫിഫ റാങ്കിങ്ങില്‍ നാലാം സ്ഥാനം, യൂറോകപ്പ് ജേതാക്കള്‍ എന്നത് ആത്മവിശ്വാസമോ, അമിത സമ്മര്‍ദ്ദമോ ആയി  പോര്‍ച്ചുഗലിനൊപ്പമുണ്ട്.  ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന റയല്‍ മാഡ്രിഡ് സ്‌ട്രൈക്കറിന്റെ സാന്നിദ്ധ്യം നല്‍കുന്ന കരുത്തുണ്ട്. ഏഴാം വട്ടം ലോകകപ്പില്‍ കളിക്കാനെത്തിയ പോര്‍ച്ചുഗല്ലിന്റെ മികച്ച നേട്ടം 1966-ല്‍ നേടിയ മൂന്നാം സ്ഥാനമാണ്.  2006ല്‍ നാലാം സ്ഥാനത്തെത്തി. 2014ല്‍ ബ്രസീലില്‍ ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. ഇത്തവണ മികച്ച പ്രകടനം നടത്താനുറച്ചാണ് ഫെര്‍ണാണ്ടോ സാന്റോസിന്റെ പരിശീലനത്തിന്‍ കീഴില്‍ അവരെത്തുന്നത്. 

മുപ്പത്തൊന്നുകാരനായ ക്രിസ്റ്റിയാനോ മിന്നിയാല്‍ അവരുടെ പ്രതീക്ഷകള്‍ പൂവണിയും. ഒറ്റയ്ക്ക് ടീമിനെ തോളിലേറ്റുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് ക്രിസ്റ്റിയാനോ. യോഗ്യതാ ഘട്ടത്തില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ റഷ്യന്‍ ടിക്കറ്റെടുത്തത്. യോഗ്യതാ റൗണ്ടില്‍ 15 ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ ബൂട്ടില്‍നിന്ന് പിറന്നത്. യൂറോപ്പില്‍ പോളണ്ട് താരം ലെവന്‍ഡോവ്‌സ്‌കിക്കു മാത്രം പിന്നില്‍. പോര്‍ച്ചുഗലിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഗോളടിച്ച താരവും ക്രിസ്റ്റിയാനോയാണ്. 149 മത്സരങ്ങളില്‍ നിന്ന് 81 ഗോളുകള്‍.

മുന്നേറ്റനിരയില്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ആന്ദ്രെ സില്‍വ, റിക്കാര്‍ഡോ ക്വറേസ്മയുമുണ്ട്. മധ്യനിരയില്‍ മാനുവല്‍ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, ജോവോ മൗടീഞ്ഞോ, ബ്രൂണോ ഫെര്‍ണാണ്ടസ്, വില്യം കാര്‍വാലോ. പ്രതിരോധത്തിന് അല്‍പ്പം പ്രായമായി എന്നതാണ് പറങ്കികളുടെ പ്രധാന ദൗര്‍ബല്യം. കോട്ടകാക്കാന്‍ കച്ചകെട്ടുന്നവരെല്ലാം 34 വയസ്സ് പിന്നിട്ടവരാണ്. ബ്രൂണോ ആല്‍വസ്(36), പെപ്പെ(35),  ഹോസെ ഫോണ്‍ടെയ്ന്‍(34)തുടങ്ങിയ വയസ്സന്മാരുടെ നിരയാണ് പ്രതിരോധത്തിന് അണിനിരക്കുക. ഗോള്‍വലയ്ക്ക് മുന്നില്‍ റൂയി പാട്രീഷ്യ.

 സ്‌പെയിന്‍

2010 ല്‍ സ്പാനിഷ് വസന്തമായിരുന്നു,  ലോകചാമ്പ്യന്മാരായി സ്‌പെയിന്‍. പക്ഷേ, നാലുവര്‍ഷത്തിനപ്പുറം 2014ല്‍ ബ്രസീല്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിഞ്ഞില്ല ടിക്കിടാക്ക ശൈലിയുടെ വക്താക്കളായ ചെമ്പടയ്ക്ക്. 15-ാം തവണയാണ് ലോകകപ്പിനെത്തുന്നത്. ഫിഫ റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാര്‍. 

യോഗ്യതാ റൗണ്ടിലെ പത്തില്‍ ഒന്‍പതും ജയിച്ചാണ് റഷ്യയിലെത്തിയത്. യോഗ്യതാ റൗണ്ടില്‍ മൂന്നു പേര്‍ സ്‌പെയിനു വേണ്ടി അഞ്ചു ഗോള്‍ വീതം നേടി. ഡേവിഡ് സില്‍വ, ഡിയേഗോ കോസ്റ്റ, ഇസ്‌കോ. റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും അത്‌ലറ്റികോയുടെയും താരങ്ങളാണ് ഭൂരിഭാഗവും. പ്രതിരോധത്തിലെ കരുത്തനും 151 മത്സരങ്ങളുടെ പരിചയസമ്പത്തുമുള്ള സെര്‍ജിയോ റാമോസാണ് നായകന്‍. 126 മത്സരങ്ങള്‍ കളിച്ച പ്ലേ മേക്കര്‍ ആന്ദ്രെ ഇന്‍സിയേസ്റ്റ വൈസ് ക്യാപ്റ്റനും. ഡേവിഡ് സില്‍വ, സെര്‍ജിയോ ബുസ്‌കറ്റസ്, ജെറാര്‍ഡ് പിക്വെ എന്നിവരും കളത്തിലുണ്ട്. 

ആല്‍വാരോ മൊറാട്ട, ഡേവിഡ് വില്ല, അരിറ്റ്‌സ് അഡുരിസ് തുടങ്ങിയ ചില സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയാണ് പരിശീലകന്‍ ജുലെന്‍ ലോപ്‌ടെജ്യൂയി ടീമിനെ തീരുമാനിച്ചത്. എങ്കിലും ലോകോത്തര താരങ്ങളുടെ അതിപ്രസരമാണ് ടീമില്‍. ഇവരില്‍ നിന്ന് വിജയകരമായ ഒരു ഫോര്‍മേഷന്‍ രൂപപ്പെടുത്തുക എന്നതാണ് പരിശീലകന്‍ നേരിടുന്ന വെല്ലുവിളി. കരുത്തുറ്റ പ്രതിരോധ-മധ്യനിരയാണ് സ്‌പെയിനിന്റേത്. റാമോസിനും പിക്വെയ്ക്കുമൊപ്പം ഡാനി കാര്‍വാജല്‍, ജോര്‍ഡി ആല്‍ബ, സെസാര്‍ അസ്പിലിക്വേറ്റ എന്നിവരാണ് പ്രതിരോധത്തിലെ കരുത്തര്‍. ഇനിയേസ്റ്റക്കും ബുസ്‌കറ്റസിനുമൊപ്പം ഇസ്‌കോ, തിയാഗോ, ഡേവിഡ് സില്‍വ, കോകെ, സോള്‍ നിഗ്വസ് തുടങ്ങിയവര്‍ മധ്യനിരയിലെ താരങ്ങള്‍. സ്‌ട്രൈക്കര്‍മാരായി ഡീഗോ കോസ്റ്റയും റോഡ്രിഗോ മൊറേനയും ലൂക്കാസ് വാസ്‌ക്വസ്, ലാഗോ അസ്പസ് എന്നിവരും.

  മൊറോക്കോ

ഐവറികോസ്റ്റിനെ പിന്തള്ളിയാണ് ആഫ്രിക്കയില്‍ നിന്ന് മൊറോക്കോ ലോകകപ്പിനെത്തുന്നത്. റാങ്കിങ്ങില്‍ 42-ാം സ്ഥാനത്തുള്ള മൊറോക്കോയുടെ അഞ്ചാം ലോകകപ്പ്. മികച്ച പ്രകടനം 1986ലെ മെക്‌സിക്കന്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 1998നു ശേഷം ആദ്യമായാണ് മൊറാക്കോ ലോകകപ്പിനെത്തുന്നത്. യോഗ്യതാ റൗണ്ട് തുടങ്ങുമ്പോള്‍ റാങ്കിങ്ങില്‍ 84-ാം സ്ഥാനമായിരുന്നു. 

സ്‌പെയിനിനും പോര്‍ച്ചുഗലിനുമൊപ്പമാണ് കളിക്കുന്നതെങ്കിലും ആരെയും അട്ടിമറിക്കാന്‍ കെല്‍പുള്ളവരാണ് മൊറാക്കോ. ഗ്രൂപ്പിലെ മറ്റൊരു ടീമായ ഇറാനും കടലാസില്‍ മൊേറാക്കോയേക്കാള്‍ കരുത്തരാണ്.

മികച്ച ഒരു പിടി താരങ്ങള്‍ മൊറോക്കോയ്ക്കുണ്ട്. റയല്‍ മാഡ്രിഡിന്റെ പത്തൊന്‍പതുകാരന്‍ ഫുള്‍ ബായ്ക്ക് അച്‌റഫ് ഹാക്കിമി, ക്യാപ്റ്റനും യുവന്റസ് താരവുമായ മെഹ്ദി ബെനാറ്റിയ, ഫ്രഞ്ച് ക്ലബ് ലിലെയുടെ ഹംസ മെന്‍ഡില്‍, ഫെനര്‍ബാഷെയുടെ നാബില്‍ ദിരാര്‍, സോഫിയാന്‍ അംരാബത്, ലെഗാനസിന്റെ നോര്‍ദിന്‍ അംരാബത്, ഹയാക്‌സിന്റെ ഹകിം സിയെഷ്, മലാഗയുടെ യൂസഫ് എന്‍ നെസ്‌റി, ഫെയ്‌നൂര്‍ദിന്റെ കരിം എല്‍ അഹമ്മദി, ഷാക്കെയുടെ അമിനെ ഹാരിറ്റ് തുടങ്ങിയവരെല്ലാം വിവിധ യൂറോപ്യന്‍ ക്ലബുകളില്‍ കളിച്ച് പരിചയമുള്ളവരാണ്. ഗിറോണയുടെ യാസിനെ ബൊനൗവാണ് ടീമിലെ ഒന്നാം നമ്പര്‍ ഗോളി. 1976ലെ ആഫ്രിക്ക കപ്പ് നേഷന്‍സില്‍ കിരീടം നേടിയതാണ് ലോക ഫുട്‌ബോളിലെ അവരുടെ മികച്ച നേട്ടം. ആഫ്രിക്കയ്ക്കു പുറത്തുള്ള ടീമുകളുമായി അധികം മത്സരിച്ചു പരിചയമില്ല മൊറോക്കോയ്ക്ക്. എന്നാല്‍ അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളില്‍ സെര്‍ബിയയെയും സ്ലോവാക്യയെയും ഉസ്ബക്കിസ്ഥാനെയും തോല്‍പ്പിക്കുകയും ഉക്രെയിനിനെ സമനിലയില്‍ തളയ്ക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസമുണ്ട്.

  ഇറാന്‍

ഫിഫ റാങ്കിങ്ങില്‍ 36-ാം സ്ഥാനത്തുള്ള ഇറാന്‍  അഞ്ചാം തവണയാണ് ലോകകപ്പിനെത്തുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ആദ്യഘട്ടത്തില്‍ പുറത്തായി.  നൈജീരിയയോട് നേടിയ സമനിലയായിരുന്നു ആശ്വാസം. യോഗ്യതാ റൗണ്ടില്‍ മൂന്നാം റൗണ്ടിലെ മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇറാന്‍ റഷ്യന്‍ ടിക്കറ്റ് നേടിയത്. പത്തില്‍  ആറ് ജയവും നാല് സമനിലയും.

യുവത്വത്തിന് മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് പോര്‍ച്ചുഗീസ് കോച്ച് കാര്‍ലോസ് ക്വെയ്‌റോസ് തെരഞ്ഞെടുത്തിരിക്കുന്നത്. റഷ്യന്‍ ക്ലബ് റൂബിന്‍ കസാന്റെ സര്‍ദാര്‍ അസ്മൗനാണ് മുഖ്യ സ്‌ട്രൈക്കര്‍. 32 കളികളില്‍ നിന്ന് 23 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട് ഈ 23 കാരന്‍. 63 കളികളില്‍ നിന്ന് 16 ഗോള്‍ നേടിയ ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസിന്റെ കരിം അന്‍സാരിഫാര്‍ഡാണ് മറ്റൊരു സ്റ്റാര്‍. ഗ്രീക്ക് ക്ലബ് എഇകെ ഏഥന്‍സിന്റെ മധ്യനിരതാരം മസൂദ് ഷൊജെയ് ആണ് ടീമിലെ കാരണവരും ക്യാപ്റ്റനും. 33 കാരനായ മസൂദ് 73 മത്സരങ്ങളില്‍ ഇറാനിയന്‍ ജേഴ്‌സി അണിഞ്ഞ പരിചയസമ്പന്നനാണ്. ഒളിമ്പിയാക്കോസിന്റെ തന്നെ എഹ്‌സാന്‍ ഹജ്‌സാഫിയാണ് മധ്യനിരയിലെ മറ്റൊരു പ്രധാനി. നോട്ടിങ്ഹാം ഫോറസ്റ്റിന്റെ അഷ്‌കന്‍ ദെജാഗ് വൈസ് ക്യാപ്റ്റനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.