വനിതാ ഏഷ്യാ കപ്പ്; ഇന്ത്യക്ക് തോൽവി

Thursday 7 June 2018 3:30 am IST

ക്വാലാലംപൂര്‍: ഏഷ്യാകപ്പിനായുള്ള വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യക്ക് തോല്‍വി. ബംഗ്ലാദേശ് വനിതകളോട് ഏഴ് വിക്കറ്റിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്ത് വിജയം നേടുകയായിരുന്നു. 

46 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സറുമടക്കം പുറത്താകാതെ 52 റണ്‍സെടുത്ത ഫര്‍ഹാന ഹഖും 34 പന്തില്‍ നിന്ന് 6 ബൗണ്ടറികളുടെ അകമ്പടിയോടെ പുറത്താകാതെ 42 റണ്‍സെടുത്ത റുമാന അഹമ്മദുമാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. ഓപ്പണര്‍ ഷമിമ സുല്‍ത്താന 23 പന്തില്‍ നിന്ന് 7 ഫോറുകളോടെ 33 റണ്‍സും നേടി. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ മിതാലി രാജിനും സ്മൃതി മന്ഥാനയ്ക്കും കഴിഞ്ഞില്ല. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സായപ്പോഴേക്കും ഇരുവരും മടങ്ങി. 37 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത നായിക ഹര്‍മന്‍പ്രീത് കൗറും 28 പന്തില്‍ നിന്നും 32 റണ്‍സെടുത്ത ദീപ്തി ശര്‍മ്മയും ചേര്‍ന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ബംഗ്ലാദേശിനുവേണ്ടി റുമാന അഹമ്മദ് 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്തിയ റുമാനയാണ് മത്സരത്തിലെ താരം. ഇന്ന് ശ്രീലങ്കന്‍ വനിതകള്‍ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

മൂന്ന് മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ ആദ്യ പരാജയമാണിത്. നേരത്തെ മലേഷ്യയെയും തായ്‌ലന്‍ഡിനെയും പരാജയപ്പെടുത്തിയിരുന്നു. മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാന്‍ 23 റണ്‍സിന് ശ്രീലങ്കയേയും തായ്‌ലന്‍ഡ് 9 വിക്കറ്റിന് മലേഷ്യയെയും പരാജയപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.