ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് മുളന്തണ്ടിൽ ചുമന്ന്

Thursday 7 June 2018 3:36 am IST

അഗളി: പ്രസവവേദനയില്‍ പുളഞ്ഞ വനവാസി യുവതിയെ മുളങ്കമ്പില്‍ സാരികെട്ടി തോളിലേറ്റി പുഴ കടന്ന് കിലോമീറ്ററുകള്‍ നടന്നലഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു. യുപിയിലോ ബീഹാറിലോ അല്ല, വിദ്യാഭ്യാസത്തിലും ആതുര ശുശ്രൂഷയിലും നമ്പര്‍ വണ്‍ എന്ന് വീമ്പടിക്കുന്ന കേരളത്തില്‍, ഇടതു ഭരണത്തിലാണ് ലജ്ജാകരമായ സംഭവം അരങ്ങേറിയത്. പാലക്കാട് പുതൂര്‍ പഞ്ചായത്തിലെ ഇടവാണി ഊരിലെ പളനിയുടെ ഭാര്യ മണി (28)ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്.

കോരിച്ചൊരിയുന്ന മഴയത്ത് വരഗയാര്‍പുഴ നാല് തവണ മുറിച്ചുകടന്ന് ഏഴു കിലോമീറ്റര്‍ ചുമന്ന് ഭൂതയാറിലെത്തി. പിന്നെയും 21 കിലോമീറ്റര്‍ ജീപ്പില്‍ സഞ്ചരിച്ച് കോട്ടത്തറ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ച യുവതിക്ക് സുഖ പ്രസവം.

നാലിനു രാത്രി 12 മണിയോടെ യുവതിക്ക് അസ്വസ്ഥത തുടങ്ങിയെങ്കിലും അഞ്ചിനു രാവിലെ ആറു മണിയോടെയാണ് അങ്കണവാടി ടീച്ചര്‍ വഴി പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ചത്. മണിക്കൂറുകള്‍ കാത്തു നിന്നിട്ടും ആംബുലന്‍സ് എത്തിയില്ല.

തുടര്‍ന്ന് ഊരുവാസികള്‍ ഇടപെട്ട് മുളങ്കമ്പില്‍ സാരി കെട്ടി (മഞ്ചല്‍) അതില്‍ മണിയെ കിടത്തി ചുമക്കുകയായിരുന്നു. മഴ തുടങ്ങിയതോടെ ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ വരഗയാര്‍ പുഴ കടന്ന് ഏഴു കിലോമീറ്റര്‍ നടന്നു വേണം വാഹന സൗകര്യമുള്ള ഭൂതയാറിലെത്താന്‍. വെള്ളം കുറവായതുകൊണ്ടുമാത്രമാണ് പുഴ കടക്കാനായത്. ഭൂതയാറിലെത്തിയിട്ടും ആംബുലന്‍സ് വന്നില്ല. ഒടുവില്‍ എന്‍ആര്‍എല്‍എം കോര്‍ഡിനേറ്റര്‍ അയച്ച ജീപ്പിലാണ് യുവതിയെ കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയിലെത്തിച്ചത്. മിനിട്ടുകള്‍ക്കകം യുവതി പ്രസവിച്ചു. ഇവരുടെ നാലാമത്തെ കുഞ്ഞാണിത്. അമ്മയും 2.1 കിലോ തൂക്കമുള്ള കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ സംഭവറിഞ്ഞിട്ടും എസ്‌സി പ്രമോട്ടര്‍ തിരിഞ്ഞുനോക്കിയില്ല.

അട്ടപ്പാടിയിലെ ചിണ്ടക്കി  ഉൗരിലാണ് അരി മോഷ്ടിച്ചെന്നാരോപിച്ച് മധുവെന്ന വനവാസി യുവാവിനെ തല്ലിക്കൊന്നത്. അതിന്റെ നടുക്കുന്ന ഓര്‍മകള്‍ മായും മുന്‍പാണ് കേരളത്തിന് നാണക്കേടായ ഈ സംഭവം.

ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ ഘോരഘോരം പ്രസംഗിക്കുന്നവര്‍ അട്ടപ്പാടിയിലെ സംഭവം അറിഞ്ഞ മട്ടില്ല. ഒഡീഷയില്‍ മാജിയെന്നയാള്‍ ആംബുലന്‍സിന് പണമില്ലാത്തതിനാല്‍ ഭാര്യയുടെ ജഡം പായയില്‍ പൊതിഞ്ഞ് തോളിലേറ്റുന്ന ചിത്രവും വാര്‍ത്തയും ആഘോഷിച്ചവരും മൗനത്തിലാണ്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.