ഇത് ആരുടെ പോലീസ്

Thursday 7 June 2018 8:46 am IST

പിണറായിയുടെ പോലീസിനെക്കൊണ്ട് ജനത്തിനു മതിയായി. പോലീസ് പിണറായിക്കിട്ട് പണികൊടുക്കുകയാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പിണറായിയും മറ്റു നേതാക്കളും പറയാതെ പറയുന്നുണ്ട്. എന്നാല്‍ യുഡിഎഫ് പോലീസാണെന്ന മട്ടിലാണ് സാക്ഷാല്‍ കോടിയേരിയുടെ വിമര്‍ശനം. ഏതുപോലീസായാലും ഇങ്ങനെ മതിയോ എന്നാണ് ജനം ചോദിക്കുന്നത്.

ആഴ്ചയിലാഴ്ചയില്‍ വീഴ്ച എന്നിടത്ത് ദിവസവും വീഴ്ച എന്നനിലയില്‍ പിണറായിപ്പോലീസ് വളരുകയാണ്. മഫ്ടിയില്‍പ്പോയ പോലീസിന്റെ കാര്‍ തന്റെ ബൈക്കിലിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കാറിലുണ്ടായിരുന്ന നാലുപോലീസുകാര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് അടിയന്തര ചികിത്സയിലാണ്. ആലുവയ്ക്കടുത്താണ് സംഭവം. ഇതും യുഡിഎഫ് പോലീസാണെന്നു പറയുമോ.യുഡിഎഫ് ഭരിക്കുമ്പോഴും പോലീസിനെ ഇടതുവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരാണ് ഇടതുകാര്‍. പിന്നെങ്ങിനെ ഇടതു ഭരിക്കുമ്പോള്‍ പോലീസ് യുഡിഎഫാകും.

പോലീസായാല്‍ ക്രിമിനലാകണമെന്നാണോ കേരളത്തിലെ പുതിയ രീതി. പണമുള്ളവന്റേയും രാഷ്ട്രീയ നേതൃത്വത്തിന്റേയും കാലുനക്കി നാവു തഴമ്പിച്ച ചില പോലീസ് ഏമാന്മാര്‍ പോലീസിനെ ഭരിച്ചാല്‍ ഇങ്ങനെയിരിക്കും. പോലീസിന്റെ ക്രൂരമര്‍ദനം ഏറ്റവരാണ് കമ്മ്യൂണിസ്റ്റു നേതാക്കളെന്നാണ് കേള്‍ക്കാറുള്ളത്. ഇത്തരം നേതാക്കള്‍ ഭരിക്കുമ്പോള്‍ പോലീസിനോട് പക തീര്‍ക്കുന്നത് അവരെക്കൊണ്ട് ജനങ്ങളെ തല്ലിച്ചതപ്പിച്ചാണോ.

ചെങ്ങന്നൂര്‍ വിജയം പലതരത്തിലും എല്‍ഡിഎഫ് ആഘോഷിക്കുമെന്നു പൊതുജനത്തിനറിയാം. അക്രമമാകും  മുഖ്യപരിപാടിയെന്നും മനസിലാകും. അതു പോലീസിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നതാവും എളുപ്പമെന്നും മനസിലാകും. ഇതിനാണോ നിങ്ങളെ അധികാരത്തില്‍ കേറ്റിയതെന്ന് ചോദിക്കുന്നില്ല.നിങ്ങള്‍ കാട്ടിക്കൂട്ടുന്ന നെറികേടുകള്‍ ക്ഷമിക്കാന്‍ കേരളം മുഴുവന്‍ സിപിഎംകാരല്ലെന്നു കരുതാനുള്ള സാമാന്യബോധമെങ്കിലും നിങ്ങള്‍ക്കില്ലേ.നിങ്ങള്‍ പണ്ട് ബംഗാളില്‍ കാട്ടിക്കൂട്ടിയ ക്രൂരതയ്ക്കാണ് ഇപ്പോള്‍ അവിടെ അനുഭവിക്കുന്നത്.

ആ അനുഭവവും വേദനയും വേണമെന്ന് ആരും പറയുന്നില്ല. എന്നിട്ടും നിങ്ങള്‍ നല്ലപാഠം പഠിക്കുന്നില്ലല്ലോ എന്നതാണ് വിഷമം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് നിരപരാധികളെ തല്ലിച്ചതയ്ക്കുന്നു. കൊല്ലുന്നു. സംശയമുണ്ട്,ഇതാരുടെ പോലീസ്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.