എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമ ഇനി മുഖ്യ സാക്ഷി

Thursday 7 June 2018 12:35 pm IST

മലപ്പുറം: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ സതീശന്‍ മുഖ്യ സാക്ഷിയാകും. സതീശനെതിരായ കേസ് പിന്‍വലിക്കാനും തീരുമാനിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നു.

തിയേറ്റര്‍ ഉടമ തെളിവ് നശിപ്പിക്കുകയോ മറച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും അതിനാല്‍ത്തന്നെ അയാള്‍ക്കെതിരെ എടുത്ത കേസുകള്‍ നിലനില്‍ക്കില്ലെന്നുമാണ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയത്. സംഭവം പോലീസിനെ അറിയിക്കുന്നതില്‍ സതീശന്‍ ബോധപൂര്‍വ്വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മലപ്പുറം എടപ്പാളില്‍ തിയറ്ററില്‍ വച്ച്‌ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പീഡനവിവരം അറിഞ്ഞിട്ടും അത് പോലീസിനെ അറിയിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് തിയേറ്റര്‍ ഉടമ സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. പത്ത് തവണയോളം സതീഷിനെയും തീയേറ്ററിലെ ജീവനക്കാരേയും ചോദ്യം ചെയ്തതിന് ശേഷം സതീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനവിവരം അറിഞ്ഞിട്ടും അത് പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചെന്ന പോക്‌സോ നിയമത്തിലെ വകുപ്പ് പ്രകാരമാണ് പോലീസ് സതീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.