എന്‍ആര്‍ഐ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം: കേന്ദ്രം

Thursday 7 June 2018 1:08 pm IST
രാജ്യത്ത് നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ള വ്യവസ്ഥ കൊണ്ടുവരുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി അറിയിച്ചു. വിവാഹം 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ടും വിസയുമടക്കമുള്ള കാര്യങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂദല്‍ഹി: ഇന്ത്യയില്‍ നടത്തുന്ന വിദേശ ഇന്ത്യക്കാരുടെ (എന്‍ആര്‍ഐ) വിവാഹങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍. വിവാഹശേഷം ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് കടന്നു കളയുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് പുതിയ നിര്‍ദേശം. വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് കേന്ദ്രവനിതാ-ശിശു ക്ഷേമമന്ത്രി മനേകാ ഗാന്ധി മുന്നറിയിപ്പ് നല്‍കി. 

വിവാഹത്തിന് ശേഷം 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും നല്‍കില്ലെന്ന് മേനേകാ ഗാന്ധി പറഞ്ഞു. വിവാഹ ശേഷം ഭാര്യമാരെ ഉപേക്ഷിച്ച് വിദേശങ്ങളിലേക്ക് കടന്നു കളഞ്ഞ ആറു പേര്‍ക്കെതിരെ അടുത്തിടെ വനിതാ-ശിശു ക്ഷേമ മന്ത്രാലയം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ അഞ്ചു പേരുടേയും പാസ്‌പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ജൂണ്‍ 11ന് ഇതുമായി ബന്ധപ്പെട്ട് ചേരുന്ന യോഗത്തില്‍ കൂടുതല്‍ നടപടികളുണ്ടാകും.

വിവാഹ ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ സംഭവങ്ങളുടെ വിവരശേഖരണം നടത്താനാണ് കേന്ദ്രവനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. എന്‍ആര്‍ഐ വിവാഹങ്ങളുടെ വിവരങ്ങള്‍ രജിസ്ട്രാര്‍മാര്‍ വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന് കൈമാറണം. നിലവില്‍ എന്‍ആര്‍ഐ വിവാഹങ്ങള്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് കര്‍ശന വ്യവസ്ഥയുള്ളത് പഞ്ചാബില്‍ മാത്രമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം വ്യവസ്ഥകളൊന്നുമില്ല. 

എന്‍ആര്‍ഐ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ വിദേശകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, നിയമ മന്ത്രാലയം എന്നിവ ചേര്‍ന്ന് സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ചിലര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതും പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയതുമടക്കമുള്ള നടപടി. വിദേശത്തുനിന്നെത്തി വിവാഹത്തട്ടിപ്പ് നടത്തി മടങ്ങുന്നവരില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാനായി ലക്ഷ്മണരേഖ ആവശ്യമായി വന്നിരിക്കുന്നതായി മനേകാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആറായിരം കോടി രൂപയാണ് നിര്‍ഭയ ഫണ്ട് വഴി ചെലവഴിച്ചതെന്നും എല്ലാ സംസ്ഥാന പോലീസിലും 33 ശതമാനം വനിതകളെ നിയമിക്കണമെന്ന ശുപാര്‍ശ സംസ്ഥാനങ്ങള്‍ക്ക് അയച്ചതായും അവര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.