ഭാര്യയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചു ദമ്പതികള്‍ക്ക് നഷ്ടമായത് 25,000 രൂപ

Thursday 7 June 2018 4:11 pm IST
അനുമതിപത്രമോ, സെല്‍ഫ് ചെക്കോ ഇല്ലാതെ ഭാര്യയുടെ എടിഎം കാര്‍ഡ് ഭര്‍ത്താവ് ഉപയോഗിച്ചതു വഴി ദമ്പതികള്‍ക്ക് നഷ്ടമായത് 25,000 രൂപ. ഇതിനെ തുടര്‍ന്നുണ്ടായ കേസില്‍ എടിഎം കാര്‍ഡ് അക്കൗണ്ട് ഉടമയുടെ അനുമതിപത്രമോ സെല്‍ഫ് ചെക്കോ ഇല്ലാതെ ഉപയോഗിക്കുന്നത് ബാങ്ക് നിയമങ്ങളുടെ ലംഘനമാണെന്ന് എസ്ബിഐയുടെ വാദം ബെംഗളൂരു ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ശരിവെച്ചു.

ബെംഗളൂരു: അനുമതിപത്രമോ, സെല്‍ഫ് ചെക്കോ ഇല്ലാതെ ഭാര്യയുടെ എടിഎം കാര്‍ഡ് ഭര്‍ത്താവ് ഉപയോഗിച്ചതു വഴി ദമ്പതികള്‍ക്ക് നഷ്ടമായത് 25,000 രൂപ. ഇതിനെ തുടര്‍ന്നുണ്ടായ കേസില്‍ എടിഎം കാര്‍ഡ് അക്കൗണ്ട് ഉടമയുടെ അനുമതിപത്രമോ സെല്‍ഫ് ചെക്കോ ഇല്ലാതെ ഉപയോഗിക്കുന്നത് ബാങ്ക് നിയമങ്ങളുടെ ലംഘനമാണെന്ന് എസ്ബിഐയുടെ വാദം ബെംഗളൂരു ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ശരിവെച്ചു.

 2013 നവംബറില്‍ മറാത്തഹള്ളി സ്വദേശിയായ യുവതിയാണ് അക്കൗണ്ടില്‍ നിന്നും 25,000 രൂപ പിന്‍വലിക്കാന്‍ ഭര്‍ത്താവ് രാജേഷ് കുമാറിന്  എടിഎം കാര്‍ഡ് നല്‍കിയത്. രാജേഷ് കുമാര്‍ എടിഎം കൗണ്ടറിലെത്തി പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ല. മാത്രമല്ല പണം ലഭിച്ചതായുള്ള രശീതും ഫോണില്‍ സന്ദേശവും ലഭിച്ചു.  തുടര്‍ന്ന് രാജേഷ് കുമാര്‍ എസ്ബിഐ ഹെല്‍പ് ലൈനില്‍ ബന്ധപ്പെട്ടു. മെഷീനിന്റെ തകരാറാണെന്നും 24 മണിക്കൂറിനു ശേഷം പണം ലഭിക്കുമെന്നും അറിയിച്ചു, എന്നാല്‍ ലഭിച്ചില്ല. 

തുടര്‍ന്ന് ദമ്പതികള്‍ എസ്ബിഎ എച്ച്എഎല്‍ ബ്രാഞ്ചില്‍ പരാതി നല്‍കി. എന്നാല്‍ ദമ്പതികളുടെ പരാതി തെറ്റാണെന്നായിരുന്നു ബാങ്ക് അധികൃതരുടെ വാദം. പിന്നീട് ദമ്പതികള്‍ എസ്ബിഐയുടെ പ്രധാന ഓഫീസുകളിലും ഉപഭോക്തൃ പരിഹാര ഫോറത്തിലും പരാതി നല്‍കി. ഇതിനിടെ എടിഎം കൗണ്ടറില്‍ രാജേഷ് കുമാര്‍ എത്തിയതും പണം ലഭിക്കാതിരുന്നതും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായി. എന്നാല്‍ എസ്ബിഐ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയത് എടിഎം കാര്‍ഡ് ഉടമയായ വന്ദനയല്ല എടിഎം ഉപയോഗിച്ചതെന്നാണ്. ഇതോടെ കേസിന്റെ ഗതിമാറി.

എടിഎം നമ്പര്‍, ചെക്ക് ബുക്ക് തുടങ്ങിയ രേഖകളും സൗകര്യങ്ങളും അക്കൗണ്ട് ഉടമ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ബാങ്ക് നിയമം. എടിഎം പിന്‍ നമ്പര്‍ രണ്ടാമതൊരു വ്യക്തിയുമായി പങ്കുവെയ്ക്കാനും പാടില്ല. വന്ദനയുടെ കേസില്‍ ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടെന്നും, ഭര്‍ത്താവിന് പിന്‍ നമ്പറും എടിഎം കാര്‍ഡും നല്‍കിയെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. എടിഎം മെഷീനില്‍ കൃത്യമായി ഇടപാട് നടന്നതായുള്ള റിപ്പോര്‍ട്ടും ബാങ്ക് അധികൃതര്‍ ഫോറത്തിനു മുമ്പാകെ ഹാജരാക്കി. ഇതോടെ കേസ് തള്ളുന്നതായി കോടതി വ്യക്തമാക്കിയത്. ഭര്‍ത്താവിന് എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ നല്‍കുന്നതിന് മുന്‍പ് സെല്‍ഫ് ചെക്കോ, പണം പിന്‍വലിക്കാനുള്ള അനുമതി പത്രമോ നല്‍കേണ്ടിയിരുന്നുവെന്നും ഫോറം ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.