ചൈനയിലെ ഉദ്യോഗസ്ഥരെ അമേരിക്ക തിരിച്ചു വിളിക്കുന്നു

Thursday 7 June 2018 7:36 pm IST
ഗുവാങ്ഷൗവിലെ കോണ്‍സുലേറ്റില്‍ നിന്ന് നിരവധി ജോലിക്കാരെ അമേരിക്കയിലേക്ക് മടക്കി അയച്ചു കഴിഞ്ഞു. കൂടുതല്‍ ജീവനക്കാര്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അവരേയും നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബീജിങ്: അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ വീഴ്ത്തി സോണിക് ആക്രമണ വിവാദവും. ചൈനയിലെ കോണ്‍സുലേറ്റുകളില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ പൗരന്മാരില്‍ കുറച്ചു കാലമായി മസ്തിഷ്‌ക രോഗങ്ങള്‍ ബാധിക്കുന്നു എന്നാണ് കണ്ടെത്തിയത്. ഗുവാങ്ഷൗവിലെ കോണ്‍സുലേറ്റില്‍ നിന്ന് നിരവധി ജോലിക്കാരെ അമേരിക്കയിലേക്ക് മടക്കി അയച്ചു കഴിഞ്ഞു. കൂടുതല്‍ ജീവനക്കാര്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അവരേയും നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കാലത്താണ് അമേരിക്കന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. അതിശക്തമായ ശബ്ദതരംഗങ്ങള്‍ ശരീരത്തിലേക്ക് കടത്തിവിട്ട് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രീതിക്കാണ് സോണിക് ആക്രമണം എന്നു പറയുന്നത്. ഈ തരത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ചൈന ലക്ഷ്യമിട്ടിരുന്നു എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.  

ഗുവാങ്ഷൗവിലെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ മാസം ചികിത്സ തേടിയപ്പോഴാണ് അയാളുടെ തലച്ചോറില്‍ നേരിയ തോതില്‍ പരിക്കുള്ളതായി കണ്ടെത്തിയത്. സോണിക് ആക്രമണത്തിന്റെ ഫലമാണിതെന്നും ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. ഇതെത്തുടര്‍ന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം മെഡിക്കല്‍ സംഘത്തെ ചൈനയിലേക്ക് അയച്ചു. വിശദമായ പരിശോധനയില്‍ പല ഉദ്യോഗസ്ഥര്‍ക്കും സമാനമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ക്യൂബയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരില്‍ കണ്ടെത്തിയ അതേ ലക്ഷണങ്ങളാണ്  ഗുവാങ്ഷൗവിലും കണ്ടത്. ക്യൂബയില്‍ നിന്ന് മുഴുവന്‍ ഉദ്യോഗസ്ഥരേയും അമേരിക്ക തിരിച്ചു വിളിക്കുകയായിരുന്നു.

ചൈനയിലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയെ പറഞ്ഞു. കഴിഞ്ഞ മാസം ഗുവാങ്ഷൗവിലെ യുഎസ് ഉദ്യോഗസ്ഥന് തലച്ചോറില്‍ പരിക്ക് കണ്ടെത്തിയപ്പോള്‍ ഒറ്റപ്പെട്ട സംഭവം, ഒരു വ്യക്തിയുടെ പ്രശ്‌നം എന്നൊക്കെയാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വിശേഷിപ്പിച്ചത്. എന്നാല്‍ അതേ സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ നിലവില്‍ മോശമായിരിക്കുന്ന യുഎസ്-ചൈന ബന്ധം കൂടുതല്‍ വഷളാവാനുള്ള സാധ്യതയേറുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.