കടമെടുത്തു മുടിയുന്ന കേരള ഭരണം

Friday 8 June 2018 1:15 am IST
ധനക്കമ്മിയും റവന്യു കമ്മിയും ക്രമത്തില്‍ കൂടി വരുന്നു. അഞ്ചു വര്‍ഷത്തിനകം അടച്ചു തീര്‍ക്കേണ്ട കടം 35,692 കോടി രൂപ. 2024 മാര്‍ച്ചിനകം 62,478 കേടി രൂപ തിരിച്ചടയ്ക്കണം. കടമെടുക്കുന്ന തുകയുടെ 68 ശതമാനത്തോളം തിരിച്ചടവിന് ഉപയോഗിക്കേണ്ട സ്ഥിതിയാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ വെല്ലുവിളികളും ചേരി തിരിഞ്ഞുള്ള പോരാട്ടങ്ങളും പൊടിപൊടിക്കുമ്പോഴും സാമ്പത്തിക കേരളത്തിന്റെ കാലിനടിയിലെ മണ്ണ് ചോര്‍ന്നു പൊയ്ക്കൊണ്ടിരിക്കുകയാണെന്നത് പുതിയ കാര്യമൊന്നുമല്ല.  കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ബോധം ഉണ്ടാവുന്നില്ലെന്നേയുള്ളു. എങ്കിലും കടത്തിന്റെ ആഴം കാണിക്കുന്ന സിഎജി(കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട് സഭയില്‍ വന്നപ്പോള്‍ നാടിന്റെ ഭാവിയേക്കുറിച്ച് ആശങ്കയുള്ളവര്‍ ഞെട്ടിയിട്ടുണ്ടാവും. ധനമന്ത്രി ഡോ. തോമസ് ഐസക് മേശപ്പുറത്തു വച്ച കണക്കു പ്രകാരം മൊത്തം നികുതി വരവ് ശമ്പളത്തിനു പോലും തികയാത്ത അവസ്ഥയാണ്. വളര്‍ച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലെത്തി നില്‍ക്കുന്നു. നിലവിലെ ബാധ്യതയനുസരിച്ച് സംസ്ഥാനത്തെ ഓരോ വ്യക്തിയുടേയും കടം അരലക്ഷത്തിന് മേല്‍ വരും. 

ധനക്കമ്മിയും റവന്യു കമ്മിയും ക്രമത്തില്‍ കൂടി വരുന്നു. അഞ്ചു വര്‍ഷത്തിനകം അടച്ചു തീര്‍ക്കേണ്ട കടം 35,692 കോടി രൂപ. 2024 മാര്‍ച്ചിനകം 62,478 കേടി രൂപ തിരിച്ചടയ്ക്കണം. കടമെടുക്കുന്ന തുകയുടെ 68 ശതമാനത്തോളം തിരിച്ചടവിന് ഉപയോഗിക്കേണ്ട സ്ഥിതിയാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശമ്പളം, പെന്‍ഷന്‍ ഇനത്തിലേയ്ക്കും ഇതില്‍ നിന്നു മാറ്റിവയ്ക്കേണ്ടിവരും. സ്ഥിതി ആശങ്കാ ജനകമെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. നികുതി വിഹിതമായും ധനസഹായമായും കേന്ദ്രം നല്‍കുന്ന കൈത്താങ്ങ്, കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഇരട്ടിയോളമായിട്ടാണ് ഈ അവസ്ഥ. 

ശമ്പളം, പെന്‍ഷന്‍ ഇനത്തിലെ ചെലവ് സംസ്ഥാനത്തിന്റെ തനതു വരുമാനത്തേക്കാള്‍ കൂടി നില്‍ക്കുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതേക്കുറിച്ച് അഞ്ചാം ശമ്പളക്കമ്മിഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായാണ് അറിവ്. അതിന് ആരും അര്‍ഹിച്ച ഗൗരവം നല്‍കിയില്ല.

വാഹന നികുതി, ഭൂനികുതി, വാണിജ്യ നികുതി, രജിസ്ട്രേഷന്‍ ചാര്‍ജ്, സംസ്ഥാന എക്സൈസ് നികുതി തുടങ്ങിയവയടങ്ങിയ തനതു വരുമാനമാണ് സാമ്പത്തിക നിലയുടെ അടിത്തറ. അത് ദുര്‍ബലപ്പെടുന്നത് അപകടകരമായ അവസ്ഥ തന്നെ. പദ്ധതി ചെലവുകള്‍ക്കു ബജറ്റ് ഇതര വരുമാന സ്രോതസ്സ് കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇത്തരം അവസ്ഥ ഒട്ടും സുരക്ഷിതമല്ല. ആഭ്യന്തര ഉത്പാദനവും കടവും തമ്മിലുള്ള അനുപാതം 25ല്‍ ഒതുക്കേണ്ടതു നിലവില്‍ 29ന് അടുത്തെത്തി നില്‍ക്കുന്നു. പ്രധാന തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് ഏറ്റവും കൂടുതലാണ്. തമിഴ്നാട്ടില്‍ 21.82ലും കര്‍ണാകടകയില്‍ 19.81ലും നില്‍ക്കുന്നു. 

ക്രമസമാധാന രംഗത്ത് കേരളത്തില്‍ ഭരണമേ ഇല്ലെന്ന തോന്നലുണ്ടാക്കുന്ന രണ്ടു വര്‍ഷമാണു കടന്നു പോയത്. സാമ്പത്തിക രംഗത്തെ കാര്യവും അതുപോലെ തന്നെയാണെന്ന് വ്യക്തമായി. ഏതു വകുപ്പിന്റെയും പ്രവര്‍ത്തനത്തിന്റെ ആണിക്കല്ല് സാമ്പത്തികമായതിനാല്‍ സാമ്പത്തിക തകര്‍ച്ച സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനത്തേയും ബാധിക്കും. അതറിയാമായിരുന്നിട്ടും മുണ്ടു മുറുക്കിയുടുക്കാന്‍ ജനങ്ങളോടു മാത്രമാണു സര്‍ക്കാര്‍ പറയുന്നത്. ഭരണവര്‍ഗത്തിന്റെ ധൂര്‍ത്ത് നിയന്ത്രിക്കാന്‍ നടപടിയൊന്നുമുള്ളതായി കണ്ടില്ല. 

ആര്‍ഭാട വണ്ടികളും ഫൈവ്സ്റ്റാര്‍ ചികില്‍സയുമൊക്കെയായി അതു തടസ്സമില്ലാതെ നടക്കുന്നു. തടസ്സപ്പെടുന്നതു പെന്‍ഷന്‍ അടക്കം സാധാരണക്കാരനു കിട്ടേണ്ടപണമാണ്. കേന്ദ്ര സഹായത്തിന്റെ കണക്കുകള്‍ മറച്ചുപിടിച്ച് നിരന്തരം കേന്ദ്രസര്‍ക്കാരിനെ പഴിക്കുന്ന സംസ്ഥാന സര്‍ക്കാരിന് അതു തുടരുന്നതിനൊപ്പം കേന്ദ്രത്തിന്റെ മുന്നില്‍ കൈനീട്ടുന്ന പതിവും തുടരാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.