തകര്‍ന്നു വീഴാറായ കെഎസ്ആര്‍ടിസി ഡിപ്പോകള്‍

Friday 8 June 2018 1:16 am IST

സംസ്ഥാനത്തെ പല കെഎസ്ആര്‍ടിസി ഡിപ്പോകളുടെയും സ്ഥിതി പണ്ടത്തേക്കാള്‍ ശോചനീയമായിക്കൊണ്ടിരിക്കുകയാണ്. മഴക്കാലമായതോടെ പല ഡിപ്പോകളും വീണ്ടും ചെളിക്കുളമായിട്ടുണ്ട്. 

ഇത് യാത്രക്കാരെയും ജീവനക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. പല ഡിപ്പോകളുടെയും പഴകിദ്രവിച്ച കെട്ടിടങ്ങള്‍ ഏറെ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന കെഎസ്ആര്‍ടിസി ഡിപ്പോകള്‍ നവീകരിക്കുവാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളേണ്ടതുണ്ട്. 

കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തുവാന്‍ പല പദ്ധതികളുമായി മുന്നിട്ടിറങ്ങുന്നവര്‍ യാത്രക്കാരുടെ സുരക്ഷയെ സംബന്ധിക്കുന്ന ഇത്തരം വിഷയങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

                             സുകുമാരന്‍, കണ്ണൂര്‍

ഒരു മുറം പച്ചക്കറി !

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മുറം തന്നെ ആണെന്ന്  ഉറപ്പിക്കാമല്ലോ, അല്ലേ ?

                                  കെ..എ. സോളമന്‍, എസ്.എല്‍. പുരം

ഭൂമിയിലെ മാലാഖമാരെ മറക്കുമ്പോള്‍

നിപ വൈറസ് ബാധ കേരളത്തെ വേട്ടയാടിയപ്പോള്‍ അതിനായി മഹത് സേവനം നടത്തിയ ഭൂമിയിലെ മാലാഖമാരെ നമ്മള്‍ മറന്ന് പോകരുത്. സ്വന്തം ജീവനേക്കാളേറെ ആതുര സേവനത്തിന്റെ സമര്‍പ്പണ ഭാവങ്ങളായ ലിനിയുള്‍പ്പെടെയുള്ളവര്‍ എന്നും ഓര്‍മ്മിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് മിനിമം വേതനം നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും ഇപ്പോഴും അത് നല്‍കാന്‍ വിമുഖത കാണിക്കുന്ന ആശുപത്രി മാനേജുമെന്റുകളുടെ നടപടി അത്യതികം ക്രൂരമാണ്. 

എല്ലാ ദിവസവും അപരിചിതരുടെ ജീവനുവേണ്ടി രാപകല്‍ ഭേദമില്ലാതെ ജോലി ചെയ്യുന്നവര്‍, ഒരു ദിവസം പോലും നേരായ നേരത്ത് ആഹാരം കഴിക്കാതെ മറ്റുള്ളവരെ ആഹാരം കഴിപ്പിച്ചു മരുന്ന് കൊടുക്കുന്നവര്‍... അവര്‍ക്കാണ് ഈ ദുരവസ്ഥ. ഇവര്‍ക്കായി അധികാരകേന്ദ്രങ്ങളില്‍ നിന്ന് യാതൊരു നടപടികളുമില്ല.

പ്രത്യേക പഠനമോ പരിശീലനമോ ആവശ്യമില്ലാത്ത മറ്റു പല ജോലികള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്ന വേതനം പോലും ബാങ്കില്‍ നിന്നും മറ്റു പലസ്ഥലങ്ങളില്‍ നിന്നും ലോണെടുത്ത് പഠിച്ചും നിരവധി പരീക്ഷാ കടമ്പകള്‍ കടന്നും ആതുരശ്രുശ്രൂഷയുടെ അംബാസഡര്‍മാരാകുന്ന നഴ്‌സിംഗ് മേഖലയിലുള്ളവര്‍ക്ക് ലഭിക്കുന്നില്ല എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തിന്റെ മന:സാക്ഷിയായ സുപ്രീംകോടതി നിയതമായ ഒരു അടിസ്ഥാന വേതനത്തെക്കുറിച്ച് പറയുകയും കൂടി ചെയ്തിടത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ ഒട്ടുംതന്നെ അമാന്തിച്ചുകൂടാ. 

                               കൃഷ്ണകുമാര്‍, നെയ്യാറ്റിന്‍കര

നടപ്പാതകള്‍ എന്തിനുവേണ്ടി?

കേരളത്തിലെ വാഹനാപകടനിരക്ക് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍, കാല്‍നടക്കാരുടെ സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇനിയെങ്കിലും ഗൗരവത്തോടെ ഏറ്റെടുക്കണം. നല്ല നടപ്പാതകളുണ്ടെങ്കില്‍ അപകടങ്ങള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല.

നടപ്പാതകള്‍ കയ്യേറ്റങ്ങളില്‍ നിന്നു സംരക്ഷിക്കുകയും നടക്കാന്‍ പാകത്തില്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നതിന് ഭരണകര്‍ത്താക്കള്‍ മുന്‍ഗണന നല്‍കണം. നടപ്പാതകള്‍ കാല്‍നടക്കാരനു മാത്രം അവകാശപ്പെട്ട സ്ഥലമാണ്. തുറന്നുകിടക്കുന്ന ഓടകളെയോ പൊളിഞ്ഞുയര്‍ന്ന സ്‌ളാബുകളെയോ ഭയക്കാതെ കാല്‍നടക്കാരന് ആത്മവിശ്വാസത്തോടെ കടന്നുപോകാവുന്നതാവണം നടപ്പാതകള്‍. നടപ്പാതകള്‍ക്ക് പ്രതിബന്ധങ്ങളില്ലാതെ നടന്നു പോകുന്നതിനുള്ള മിനിമം സ്ഥലമെങ്കിലും ഉണ്ടാകുകയും വേണം. ഭരണകര്‍ത്താക്കള്‍ ഈ കാര്യങ്ങള്‍ക്കു എന്നെങ്കിലും മുന്‍ഗണന നല്‍കുമോ?.

കാല്‍നടക്കാരന് ആരും ഒരു പരിഗണനയും നല്‍കുന്നില്ല. ചില പ്രധാന വീഥികളില്‍ അങ്ങിങ്ങ് നടപ്പാതകള്‍ ഉണ്ടാകും, അവയില്‍ തന്നെ പാഴ് മരങ്ങള്‍ നിറഞ്ഞുനില്‍ക്കും, ശേഷിക്കുന്ന ഭാഗം വഴിവാണിഭക്കാരുടെ കൈയ്യിലും. വിദേശരാജ്യങ്ങളില്‍ പലയിടത്തും കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പ്രത്യേകം പ്രത്യേകം പാതകളുണ്ട്. ഇവിടെ അങ്ങനെ വേണമെന്നു പറയുന്നില്ല. എങ്കിലും വഴിവാണിഭക്കാര്‍ ഇരിക്കുന്ന ഇടമെങ്കിലും കാല്‍നടയാത്രക്കാര്‍ക്കായി ഒഴിഞ്ഞുകൊടുത്തിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോവുകയാണ്.

                                  രശ്മിജ. ആര്‍. നായര്‍, ഭരണിക്കാവ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.