ഉപവാസവും ശാസ്ത്രീയം, യോഗയെപ്പോലെ

പി. ഉബൈദ്
Friday 8 June 2018 1:18 am IST
യോഗയോടുണ്ടായിരുന്ന അതേ എതിര്‍പ്പു തന്നെയാണ് ഉപവാസം എന്ന അനുഷ്ഠാനത്തോടും ശാസ്ത്രവാദികള്‍ വച്ചുപുലര്‍ത്തുന്നത്. മതാത്മക ആചാരമായും ചികിത്സാത്മക ഔഷധമായും സമരോന്മുഖ ആയുധമായും കാലങ്ങളായി അനുഷ്ഠിക്കപ്പെട്ടുപോരുന്ന ഉപവാസത്തെ അവര്‍ അന്ധവിശ്വാസപരമോ അയുക്തികമോ അശക്തമോ ആയ വിഷയമായിട്ടാണ് നോക്കിക്കാണുന്നത്

ഭാരതവും പ്രകൃതിജീവനലോകവും യോഗയെ നെഞ്ചേറ്റിയിട്ടു നൂറ്റാണ്ടുകളായി. എന്നാല്‍ പുരോഗമനവാദികളും ശാസ്ത്ര വിദഗ്ധരും യോഗക്കുനേരെ നെറ്റിചുളിക്കുകയായിരുന്നു നാളിതുവരെ. സാമുദായികവും യുക്തിരഹിതവുമായ കസര്‍ത്തു മാത്രമെന്നമട്ടിലാണ് അവര്‍ യോഗയെ കണ്ടത്. ജൂണ്‍ 21 യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതോടെ, ഇന്ത്യയൂടെ സ്വന്തം യോഗയെ ഭൂലോകം മുഴുവന്‍ ജീവിതചര്യയായി ഏറ്റെടുത്തുകഴിഞ്ഞു. 

യോഗയോടുണ്ടായിരുന്ന അതേ എതിര്‍പ്പു തന്നെയാണ് ഉപവാസം എന്ന അനുഷ്ഠാനത്തോടും ശാസ്ത്രവാദികള്‍ വച്ചുപുലര്‍ത്തുന്നത്. മതാത്മക ആചാരമായും ചികിത്സാത്മക ഔഷധമായും സമരോന്മുഖ ആയുധമായും കാലങ്ങളായി അനുഷ്ഠിക്കപ്പെട്ടുപോരുന്ന ഉപവാസത്തെ അവര്‍ അന്ധവിശ്വാസപരമോ അയുക്തികമോ അശക്തമോ ആയ വിഷയമായിട്ടാണ് നോക്കിക്കാണുന്നത്.

താല്‍ക്കാലികമായി അന്നപാനാദികള്‍ ഉപേക്ഷിച്ചതുകൊണ്ട് ശരീരത്തിനു ആരോഗ്യമോ മനസ്സിനു സൗഖ്യമോ സംഭവിക്കില്ലെന്ന് അവര്‍ വാദിക്കുന്നു. ഭക്ഷണപാനീയങ്ങളിലൂടെ നിര്‍ബന്ധമായൂം ശരീരത്തിനു ലഭിച്ചിരിക്കേണ്ട പോഷകാംശങ്ങള്‍ ഉപവാസവേളകളില്‍ നിഷേധിക്കപ്പെടുന്നതിലൂടെ ശരീരശോഷണവും രോഗാതുരതയുമല്ലാതെ മറ്റെന്തു പ്രതിഫലമാണു കിട്ടുക എന്ന  കേവലയുക്തിയാണ് അവരെ നയിക്കുന്നത്.

 ഉപവാസം ആത്മപീഡാത്മകമായ സമരമുറയാണെന്നും ഉപവാസം കൊണ്ട് ആരോഗ്യക്ഷയം ക്ഷണിച്ചുവരുത്തുന്നു എന്നും അതൊരു ഭീരുത്വത്തിന്റെ ആയുധമാണെന്നുമാണ് ഹിംസാത്മകലോകം വിലയിരുത്തുന്നത്. 

എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ ഉറക്കം എന്നിങ്ങനെ തൊഴില്‍പരമായി ഒരു രാപ്പകല്‍ മനുഷ്യാദ്ധ്വാന ദിനം വകതിരിക്കപ്പെട്ടിട്ടുണ്ട്. ഉറങ്ങുന്നതിലൂടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് പൂര്‍ണവിശ്രമം നല്‍കി, അടുത്ത പ്രഭാതത്തിലേക്കാവശ്യമായ ഉന്മേഷവും ഊര്‍ജ്ജവും വീണ്ടെടുക്കുന്നതുപോലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും അതേ വിശ്രമനിയമം ബാധകമാക്കുകയാണ് ഔപവാസിക അനുഷ്ഠാനത്തിലൂടെ ചെയ്യുന്നത്. 

അമിതവും അഹിതവുമായ ഭക്ഷണശൈലിയിലൂടെ വികസിത മനുഷ്യന്‍ സൃഷ്ടിച്ചെടുത്ത രോഗാതുരതകള്‍ക്ക്, താല്ക്കാലികയമായി ഉപേക്ഷിക്കുന്ന അന്നപാനാദികളിലൂടെ തടയിടുകയെന്നതാണ് ഉപവാസത്തിന്റെ പ്രാഥമിക തത്വം. ഭോഗപരതയുടെ നൈരന്തര്യത്താല്‍ പ്രയത്‌നാധിക്യം സംഭവിക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവയവങ്ങള്‍ക്ക് പുനര്‍നിര്‍മിതിക്ക് അവസരം ലഭിക്കുന്നതോടെ ആന്തരിക ശരീരത്തിനും തുടര്‍ന്ന് ബോധമനസ്സിനും ഒടുവില്‍ ബുദ്ധിക്കുതന്നെയും ഗുണാത്മക പരിണാമം സംഭവിക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. 

 ഇത്രയേറെ പാരമ്പര്യമുണ്ടായിട്ടും ആധുനികശാസ്ത്രം സത്യവാങ്മൂലം നല്‍കിയാലേ യോഗയെപ്പോലെ ഉപവാസവും സ്വീകാര്യമാവൂ എന്നുള്ളവര്‍ക്കിതാ പുതിയൊരു വാര്‍ത്ത. ഭോഗസംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ അമേരിക്കയില്‍ നിന്നാണ് ഉപവാസ സംബന്ധമായ ഈ ശാസ്ത്ര റിപ്പോര്‍ട്ട്. ചികിത്സകരും ഔഷധങ്ങളുമില്ലാതെ മര്‍ത്യന്റെ നിത്യയൗവ്വനം കാത്തുസൂക്ഷിക്കാന്‍ ഉപവാസം കൊണ്ടുമാത്രം സാധ്യമെന്നാണ് അവിടുത്തെ വൈറ്റ്‌ഹെഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. 

ഉപവാസാനുഷ്ഠാനത്തിലൂടെ ശരീരത്തിലെ മൂലകോശങ്ങള്‍ അഥവാ സ്റ്റെം സെല്‍സ് പുനരുജ്ജീവിക്കപ്പെടുംവിധം ഉത്തേജിപ്പിക്കപ്പെടുമെന്നാണ് പരീക്ഷണനിരീക്ഷണങ്ങളിലൂടെ അവര്‍ തെളിയിച്ചിരിക്കുന്നത്. ഉപവാസവേളകളില്‍ കോശങ്ങള്‍ ശരീരത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും മൂലകോശങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതായി അവര്‍ നിരീക്ഷിച്ചു. 

എലികളിലാണ് ഉപവാസാധിഷ്ഠിത പരീക്ഷണങ്ങള്‍ നടത്തപ്പെട്ടത്. മനുഷ്യരിലെ കുടല്‍സംബന്ധ രോഗങ്ങള്‍ക്ക് ഉപവാസം ഔഷധരഹിത സമീപനമാണെന്നും അന്നജത്തിന്റെ സഹായത്താല്‍ ശരീരത്തിലെ കൊഴുപ്പിനെ എളുപ്പം വിഘടിപ്പിക്കാന്‍ സഹായിക്കുമെന്നും മനസ്സിലായി. കുടലിലെ കോശങ്ങള്‍ക്കു ക്ഷയം സംഭവിക്കാവുന്ന കീമോതെറാപ്പിക്കു വിധേയരാകുന്നവര്‍ക്ക് ഉപവാസാധിഷ്ഠിത ചികിത്സാരീതി പ്രയോജനകരമാണെന്നും നിരീക്ഷണമുണ്ടായി. 

പ്രായമായവരിലെ കുടല്‍ അണുബാധക്കെതിരെ ഉപവാസം ഫലപ്രദമാണെന്നും തുടര്‍പഠനങ്ങള്‍ നിരീക്ഷിക്കുന്നു. പുരോഗമന മാതൃകകള്‍ക്കും ജീവിത ശൈലികള്‍ക്കും സദാ അനുകര്‍ത്താക്കളാകുന്ന നമ്മുടെ വിദ്യാസമ്പന്നര്‍ക്ക് ഇനി ശാസ്ത്രത്തിന്റെ പിന്‍തുണയോടെതന്നെ ഉപവാസാനുഷ്ഠനങ്ങളെയും  ഉല്‍ക്കൊള്ളുമെന്നു പ്രത്യാശിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.