ദൈവങ്ങള്‍ രാമനുണ്ണിക്കൊപ്പമല്ല

ആര്‍. പ്രദീപ്
Friday 8 June 2018 1:19 am IST
തീവ്ര മുസ്ലിം പക്ഷക്കാരോട് അതിയായ മമതപുലര്‍ത്തുകയും അവരുടെ സാമന്തനായി അറിയപ്പെടുകയും ചെയ്യുന്ന രാമനുണ്ണി ഹിന്ദുഭക്തനായി ത്രത്തിലെത്തുമെന്ന് വിശ്വസിക്കാനാകുന്നില്ല. വിശ്വാസിയാണ് താനെന്നും ആ നിലയ്ക്കാണ് ശയനപ്രദക്ഷിണത്തിനെത്തിയതെന്നും പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മുന്‍നിലപാടുകളറിയാവുന്നവര്‍ക്ക് അതത്രകണ്ട് വിശ്വസിക്കാനാകില്ല.

കെ.പി. രാമനുണ്ണി വെറുമൊരു സാഹിത്യകാരന്‍ മാത്രമല്ല. 'സൂഫി പറഞ്ഞ കഥ' എന്ന നോവലിലൂടെയും 'പുരുഷവിലാപം' എന്ന കഥാസമാഹാരത്തിലൂടെയും സാഹിത്യകാരനായി മാത്രം ഒതുങ്ങി നില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതേയില്ല. അതിനുമപ്പുറമാണ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളെന്ന് വ്യക്തം. സ്റ്റേറ്റ് ബാങ്കിലുണ്ടായിരുന്ന നല്ല ശമ്പളം ലഭിക്കുമായിരുന്ന ജോലി ഉപേക്ഷിച്ച് എഴുത്തുപേനയുമായി സമൂഹത്തിലേക്കിറങ്ങിയതും പിന്നീട് എം.ടി.വാസുദേവന്‍നായര്‍ക്കൊപ്പം കൂടി തുഞ്ചന്‍പറമ്പിന്റെ അഡ്മിനിസ്‌ട്രേറ്ററായതുമെല്ലാം വ്യക്തമായ ലക്ഷ്യത്തോടെ തന്നെയായിരുന്നു എന്ന് വ്യക്തം. ഇന്നിപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശയനപ്രദക്ഷിണ 'പ്രകടനം' നടത്തിയതുവരെ എത്തിനില്‍ക്കുന്നു അദ്ദേഹത്തിന്റെ ലക്ഷ്യത്തിലേക്കുള്ള വഴികള്‍. സാഹിത്യകാരന്‍ എന്നതിനപ്പുറം സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ശബ്ദമാകാനാണ് രാമനുണ്ണിക്ക് ആഗ്രഹം. 'പ്രശ്‌നങ്ങള്‍' ഏതൊക്കെയാണെന്ന് അദ്ദേഹം  തീരുമാനിക്കുമെന്ന് മാത്രം. 

കടലായി ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷേധ ശയനപ്രദക്ഷിണത്തിലും കണ്ടത് അതാണ്. കശ്മീരിലെ കത്വയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനും അതിന്റെ പേരില്‍ നടന്ന ചാനല്‍ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെല്ലാം ശേഷം ധാരാളം വെള്ളം ഒഴുകിപ്പോയി. കത്വയിലെ പീഡനത്തിന്റെ നാനാവശങ്ങള്‍ കേരളം തലങ്ങും വിലങ്ങും നൂലിഴ കീറി ചര്‍ച്ചചെയ്ത് അവസാനിപ്പിച്ചതാണ്. അതിനുശേഷം നിരവധി പീഡനങ്ങള്‍ കേരളത്തില്‍ നടന്നു. വിദേശത്തു നിന്ന് ദൈവത്തിന്റെ സ്വന്തം നാടു കാണാന്‍ ഒരു പെണ്‍കുട്ടി കേരളത്തിലെത്തി കോവളത്ത് പീഡനത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടു. ലോക്കപ്പ് മര്‍ദ്ദനമേറ്റ് നിരപരാധികള്‍ മരിച്ചു. പ്രണയിച്ച് വിവാഹം ചെയ്തു എന്ന കുറ്റത്തിന് നിരപരാധിയായ ഒരു ചെറുപ്പക്കാരനെ പോലീസിന്റെ സഹായത്തോടെ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മനഃസാക്ഷിയെ നടുക്കിയ സംഭവവും ഉണ്ടായി. എന്നാല്‍ കെ.പി. രാമനുണ്ണി ഇപ്പോഴും കത്വയിലെ പീഡനത്തില്‍ തന്നെ നില്‍ക്കുകയാണ്. 

കത്വയില്‍ പെണ്‍കുട്ടി കൊല്ലപ്പെടാനിടയായ സാഹചര്യത്തില്‍ അതീവ ദുഃഖിതനായ രാമനുണ്ണി പ്രായശ്ചിത്തം ചെയ്യാനുള്ള ആഗ്രഹവുമായാണ് കണ്ണൂരിലെ ചിറയ്ക്കല്‍ കടലായി ക്ഷേത്രത്തിലെത്തിയത്. പ്രായശ്ചിത്തത്തിനായി കടലായി ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. തീവ്ര മുസ്ലിം പക്ഷക്കാരോട് അതിയായ മമത പുലര്‍ത്തുകയും അവരുടെ സാമന്തനായി അറിയപ്പെടുകയും ചെയ്യുന്ന രാമനുണ്ണി ഹിന്ദുഭക്തനായി ക്ഷേത്രത്തിലെത്തുമെന്ന് വിശ്വസിക്കാനാകുന്നില്ല. വിശ്വാസിയാണ് താനെന്നും ആ നിലയ്ക്കാണ് ശയനപ്രദക്ഷിണത്തിനെത്തിയതെന്നും പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മുന്‍നിലപാടുകളറിയാവുന്നവര്‍ക്ക് അതത്രകണ്ട് വിശ്വസിക്കാനാകില്ല. എങ്കിലും അമ്പലക്കുളത്തില്‍ കുളിച്ച് കുറിയിട്ട് മേല്‍മുണ്ടും ധരിച്ച് ശയനപ്രദക്ഷിണം നടത്തിയ അദ്ദേഹത്തിന്റെ ലക്ഷ്യം കത്വയിലെ പെണ്‍കുട്ടിയുടെ പേരില്‍, കേരളത്തിലെയും അതിനപ്പുറത്തെയും തീവ്ര മുസ്ലിംസംഘടനകളുടെ സല്‍പ്പേര് നേടുക എന്നതുമാത്രമായിരുന്നു. സമീപകാലത്ത് കേരളത്തിലുണ്ടായ മറ്റൊരു സംഭവത്തിലും രാമനുണ്ണി ഇത്തരം പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടില്ല. ആ സംഭവങ്ങളുടെയൊന്നും പേരില്‍ അദ്ദേഹം ഒരു പ്രസ്താവനയെങ്കിലും നടത്തിയതായി കണ്ടിട്ടില്ല. കേരളത്തിലെ മറ്റ് പല പ്രതികരണത്തൊഴിലാളികളെയും പോലെ രാമനുണ്ണിയും മൗനത്തിലായിരുന്നു. 

ചാനല്‍പ്രവര്‍ത്തകരെയും പത്രക്കാരെയുമെല്ലാം അറിയിച്ച് ക്ഷേത്രത്തിലെത്തിയ രാമനുണ്ണിയുടെ ലക്ഷ്യങ്ങള്‍ കേവലം രാഷ്ട്രീയമായി ഒതുങ്ങുന്നതല്ല. വിശാലമായ അര്‍ഥത്തില്‍ അദ്ദേഹത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണത്. താലിബാന്‍ തീവ്രവാദികളുടെ ക്രൂരമായ പ്രതികാരം കേരളത്തില്‍ നടപ്പാക്കിയ ഘട്ടത്തില്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നുനിന്നയാളാണ് രാമനുണ്ണി. തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിലായിരുന്നു അത്. അദ്ദേഹം തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം എഴുതിചേര്‍ത്തു എന്ന ആരോപണം ഉന്നയിച്ചായിരുന്നു തീവ്രവാദികളുടെ പ്രതികാരം. തീവ്രവാദസംഘടനയായ പോപ്പുലര്‍ഫ്രണ്ടായിരുന്നു ശിക്ഷയ്ക്കുപിന്നില്‍. തീവ്രവാദികള്‍ ദൈവത്തിന്റെ കല്‍പ്പന നടപ്പാക്കുകയാണെന്നാണ് പ്രഖ്യാപിച്ചത്. അന്നു ജോസഫിനെ കുരിശിലേറ്റാന്‍ മുന്നില്‍ നിന്നവരില്‍ പ്രധാനിയായിരുന്നു കെ.പി. രാമനുണ്ണി. 

കേരളത്തില്‍ സാംസ്‌കാരിക നായകനായി നിലമുറപ്പിക്കാന്‍ മറ്റുപലരും ചെയ്തതുപോലെ മതേതരഭാവത്തിലെത്താന്‍ ഹൈന്ദവികമായതെല്ലാത്തിനെയും അവഹേളിക്കുക എന്ന തന്ത്രമാണ് രാമനുണ്ണിയും പ്രയോഗിച്ചത്. 2015 ഏപ്രില്‍ മാസത്തില്‍ നടന്ന മറ്റൊരു സംഭവത്തെ രാമനുണ്ണിയുടെ കണ്ണിലൂടെ കണ്ടത് അറിയുമ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാകും. കടലുണ്ടി റെയില്‍പ്പാളത്തിലൂടെ ബധിരനായ ഒരാള്‍ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്ന് തീവണ്ടി വരുന്നത് കേട്ടിരുന്നില്ല. എന്നാല്‍ ഇതുകണ്ട മറ്റൊരാള്‍ അയാളെ രക്ഷിക്കാനായി ഓടിവന്നു. ദൗര്‍ഭാഗ്യവശാല്‍ രക്ഷിക്കാന്‍ ചെന്ന ആളടക്കം രണ്ടുപേരും ആ തീവണ്ടിക്കു മുന്നില്‍പ്പെട്ടു തത്ക്ഷണം മരിച്ചു. ഇക്കൂട്ടത്തില്‍ പാളത്തിലൂടെ തീവണ്ടി വരുന്നതറിയാതെ നടന്നത് ഒരു ഹിന്ദുവും രക്ഷിക്കാന്‍ ചെന്നയാള്‍ മുസ്ലിമും ആയിരുന്നു. ഉടന്‍ തന്നെ രാമനുണ്ണി രംഗത്തു വന്നു, ലേഖനമെഴുതി. മുസ്ലിം മാത്രമേ ഈവിധം പ്രവര്‍ത്തിക്കുകയുള്ളു, അവര്‍ക്ക് മാത്രമേ മനുഷ്യ സ്നേഹമുള്ളൂ എന്നൊക്കെയായിരുന്നു ലേഖനത്തില്‍. ആപത്തില്‍ പെടുന്നവരെ സഹായിക്കാന്‍ മുസ്ലിമിനു മാത്രമേ കഴിയൂ എന്ന രാമനുണ്ണിയുടെ കണ്ടെത്തലിനെതിരെ അന്ന് ചിലരെങ്കിലും പ്രതികരിക്കാനുണ്ടായി.

ആധുനിക മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ പവിത്രഭൂമിയായ തുഞ്ചന്‍പറമ്പിന്റെ അഡ്മിനിസ്‌ട്രേറ്ററാണ് രാമനുണ്ണിയിപ്പോള്‍. എന്നാല്‍ അധ്യാത്മികരാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടും മലയാള ഭാഷയ്ക്കു നല്‍കിയ തുഞ്ചന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് രാമനുണ്ണിയില്‍ നിന്നുണ്ടായത്. തുഞ്ചന്‍പറമ്പിലെ ക്ഷേത്രത്തില്‍ കാലങ്ങളായി നിലവിളക്കു തെളിച്ചു വച്ചിരുന്നത് നിര്‍ത്തലാക്കി. നിലവിളക്ക് രാമനുണ്ണിക്കും ഹറാമായി ! സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും വായനയുടെയും കേന്ദ്രമാകേണ്ടിയിരുന്ന തുഞ്ചന്‍പറമ്പിനെ രാമനുണ്ണി കാമുകീകാമുകന്മാര്‍ക്ക് പ്രണയിക്കാനുള്ള ഇടമാക്കി. തിരൂരില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമസ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ത്തതും പോപ്പുലര്‍ഫ്രണ്ടുകാരാണ്. പ്രതിമ അവര്‍ക്കും ഹറാമാണല്ലോ. പ്രതിമ സ്ഥാപിക്കണമെന്ന് വാദിക്കാന്‍ രാമനുണ്ണി എവിടെയും ശയനപ്രദക്ഷിണം നടത്തിയില്ല. 

കടലായിയിലെ ശ്രീകൃഷ്ണഭഗവാന്‍ രാമനുണ്ണി എത്ര ശയനപ്രദക്ഷിണം നടത്തിയാലും അദ്ദേഹത്തില്‍ പ്രസാദിക്കാന്‍ പോകുന്നില്ല. കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള കഴിവ് ദൈവത്തിനുണ്ട്. ചാനല്‍ ക്യാമറകളും ഫോട്ടോഗ്രാഫര്‍മാരുമായി ശയനപ്രദക്ഷിണമല്ല, അഗ്നിക്കാവടി നടത്തിയാല്‍ പോലും രാമനുണ്ണിയുടെ കാപട്യം തിരിച്ചറിയപ്പെടുകതന്നെ ചെയ്യും. റംസാന്‍ മാസത്തില്‍ സ്ഥിരമായി മുപ്പതുദിവസവും ജലപാനമുപേക്ഷിച്ച് വ്രതമെടുക്കുന്നയാളാണ് രാമനുണ്ണി. അതദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ അള്ളാഹുവും രാമനുണ്ണിയുടെ കൈപിടിക്കില്ല. എല്ലാ ദൈവങ്ങളും സത്യത്തിനൊപ്പമാണ് നില്‍ക്കുന്നത്. രാമനുണ്ണിക്കൊപ്പമല്ല.

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.