ദോഹ ജയിലിലെ മലയാളികള്‍; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Friday 8 June 2018 1:23 am IST

കൊച്ചി: മയക്കുമരുന്നു കടത്തിയെന്ന കുറ്റത്തിന് ദോഹയിലെ ജയിലില്‍ കഴിയുന്ന നാലു മലയാളി യുവാക്കളുടെ പ്രശ്‌നം ഗൗരവമുള്ളതാണെന്നു ഹൈക്കോടതി. ഇവരുടെ അമ്മമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം  ജില്ലാ പൊലീസ് മേധാവികളോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പത്ത് ദിവസത്തിനകം മറുപടി നല്‍കണം. മൂക്കന്നൂര്‍ സ്വദേശിനി കെ.വി. ഉഷാകുമാരി, കോട്ടയം ഏഞ്ചല്‍വാലി സ്വദേശിനി റോസമ്മ മാത്യു, ചെങ്ങന്നൂര്‍ സ്വദേശിനി കെ.ആര്‍. ഇന്ദിരാദേവി, എറണാകുളം ചേലാമറ്റം സ്വദേശിനി രമ ശശി എന്നിവരാണ്  കോടതിയെ സമീപിച്ചത്. മക്കളായ ആഷിക് ആഷ്‌ലി (22), കെവിന്‍ മാത്യു (26), ആദിത്യ മോഹനന്‍ (21), ശരത് ശശി (24) എന്നിവരാണ്  ദുഹൈല്‍ ജയിലില്‍ കഴിയുന്നത്.  വിസ ശരിയാക്കി നല്‍കിയ ഏജന്റുമാരുടെ കെണിയില്‍ പെട്ടാണ് മക്കള്‍ ജയിലിലായതെന്നും സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ഇവരുടെ ഹര്‍ജിയില്‍ പറയുന്നു. 

കേസില്‍ വിചാരണ ഈ മാസം പൂര്‍ത്തിയാകും.  ഏജന്റുമാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നത് യുവാക്കളുടെ ജയില്‍ മോചനത്തിന് വഴിയൊരുക്കുമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യനെ അറിയിച്ചിട്ടുണ്ട്. 

 ഷാനി, റഫീസ്, റഷീദ്, ജയേഷ് എന്നിവരാണ് വിസ ശരിയാക്കി നല്‍കിയതെന്നും മയക്കുമരുന്ന് റാക്കറ്റിലുള്‍പ്പെട്ട ഇവര്‍ മക്കളെ ചതിക്കുകയായിരുന്നെന്നും അമ്മമാര്‍ ആരോപിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.