കുങ്കിയാനകളെ അയയ്ക്കുന്നത് പരിശീലനത്തിന്: വനംവകുപ്പ്

Friday 8 June 2018 1:26 am IST

കൊച്ചി: സംസ്ഥാനത്ത് നിന്നും മൂന്ന് ആനകളെ തമിഴ്‌നാട്ടിലെ മുതുമലയിലേക്ക് വിടുന്നത് വര്‍ദ്ധിച്ചു വരുന്ന കാട്ടാനശല്യം കണക്കിലെടുത്താണെന്ന് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.  പരിശീലനം പൂര്‍ത്തിയായ ശേഷം ഇവയെ തിരിച്ചു കൊണ്ടുവരും. മൂന്ന് മാസത്തേക്കാണ്  പരിശീലനമെങ്കിലും ചിലപ്പോള്‍  നീളുമെന്നും ഇതിനാല്‍ മടക്കയാത്രാ ഷെഡ്യൂള്‍ തയ്യാറാക്കാനാവില്ലെന്നും ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ബിഎന്‍ അഞ്ജന്‍ കുമാര്‍  മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. 

മൂന്ന് ആനകളെ പരിശീലനത്തിനായി കൊണ്ടുപോകാന്‍ വനം വകുപ്പ് തീരുമാനിച്ചെങ്കിലും തിരിച്ചു കൊണ്ടുവരാനുള്ള ഷെഡ്യൂള്‍  തയ്യാറാക്കിയിട്ടില്ലെന്നാരോപിച്ച് കോടനാട് സ്വദേശി ചന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സംസ്ഥാനത്ത് 2017 ല്‍ കാട്ടാനകളുടെ ആക്രമണത്തില്‍ 30 പേര്‍ കേരളത്തില്‍ മരിച്ചുവെന്നു സത്യവാങ്മൂലം പറയുന്നു. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചു കാട്ടിലേക്ക് വിടാനാണ് കുങ്കി ആനകളെ ഉപയോഗിക്കുന്നത്. രണ്ട് കുങ്കിയാനകളാണ് വനം വകുപ്പിനുള്ളത്. അടിയന്തര സാഹചര്യത്തില്‍ കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് വന്‍ തുക ചെലവിട്ട് കുങ്കി ആനകളെയും പാപ്പാന്‍മാരെയും കൊണ്ടു വരാറുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ആനകള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.