ബിജെപിയല്ല ആര്‍എസ്എസ് എന്നത് കോണ്‍ഗ്രസ്സിന് മനസ്സിലാവില്ല: എം.ജി. വൈദ്യ

Friday 8 June 2018 1:29 am IST
കോണ്‍ഗ്രസ്സിന് ആര്‍എസ്എസ്സിനെ അറിയില്ല. അവര്‍ കരുതുന്നത് ആര്‍എസ്എസ് എന്നാല്‍ ബിജെപിയെന്നാണ്. ബിജെപിയോടുള്ള എതിര്‍പ്പിന്റെ കാരണം മനസ്സിലാവും. പക്ഷേ അവര്‍ മനസ്സിലാക്കേണ്ടത് ബിജെപി അല്ല ആര്‍എസ്എസ് എന്നതാണ്. ആര്‍എസ്എസ് ഒരു സമൂഹത്തിനകത്തുള്ള സംഘടനയല്ല. എല്ലാ സമൂഹത്തിന്റെയും സംഘടനയാണ്.

ന്യൂദല്‍ഹി: ബിജെപിയല്ല ആര്‍എസ്എസ് എന്നത് കോണ്‍ഗ്രസ്സിന് മനസ്സിലാവില്ലെന്ന് ആര്‍എസ്എസ് മുന്‍ വക്താവും മുതിര്‍ന്ന നേതാവുമായ എം.ജി. വൈദ്യ. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ്സിന്റെ തൃതീയ സംഘശിക്ഷാ വര്‍ഗിന്റെ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 കോണ്‍ഗ്രസ്സിന് ആര്‍എസ്എസ്സിനെ അറിയില്ല. അവര്‍ കരുതുന്നത് ആര്‍എസ്എസ് എന്നാല്‍ ബിജെപിയെന്നാണ്. ബിജെപിയോടുള്ള എതിര്‍പ്പിന്റെ കാരണം മനസ്സിലാവും. പക്ഷേ അവര്‍ മനസ്സിലാക്കേണ്ടത് ബിജെപി അല്ല ആര്‍എസ്എസ് എന്നതാണ്. ആര്‍എസ്എസ് ഒരു സമൂഹത്തിനകത്തുള്ള സംഘടനയല്ല. എല്ലാ സമൂഹത്തിന്റെയും സംഘടനയാണ്. 

 സമൂഹത്തില്‍ വിവിധ ശാഖകളുണ്ട്. ഈ എല്ലാ ശാഖകളിലും ആര്‍എസ്എസ്സിന്റെ സാന്നിധ്യമുണ്ട്. ബിജെപിയുടെ തീരുമാനങ്ങളില്‍ ആര്‍എസ്എസ് ഇടപെടാറില്ല. എന്നാല്‍ ആവശ്യപ്പെട്ടാല്‍ ഉപദേശം നല്‍കാറുണ്ട്. ആര്‍എസ്എസ്സിനെതിരെ തുടര്‍ച്ചയായി വിമര്‍ശനമുന്നയിക്കുകയാണ് രാഹുല്‍. അദ്ദേഹം കരുതുന്നത് ആര്‍എസ്എസ്സാണ് ബിജെപിക്ക് പുറകിലുള്ള ശക്തിയെന്നാണ്. ഞങ്ങള്‍ ജനങ്ങളോട് വോട്ടു ചെയ്യാന്‍ പറയും. എന്നാല്‍ ഒരിക്കലും ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല.

  1934-ല്‍ മഹാത്മാഗാന്ധി വാര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തിരുന്നു. 1963-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ്സിനെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. 3000 സ്വയംസേവകര്‍ ആര്‍എസ്എസ് യൂണിഫോമണിഞ്ഞ് പരേഡില്‍ പങ്കെടുത്തു. 1965ല്‍,ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധ കാലത്ത് ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്നത്തെ ആര്‍എസ്എസ് മേധാവി ഗോള്‍വല്‍ക്കറുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍എസ്എസ്സിന് ആരുമായും തൊട്ടുകൂടായ്മയില്ല. കോണ്‍ഗ്രസ്സിന്റേത് ഇടുങ്ങിയ മനസ്സാണ്. ആര്‍എസ്എസ് വേദിയില്‍ പ്രണബ് മുഖര്‍ജി കോണ്‍ഗ്രസ്സിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പ്രണബിനെ കോണ്‍ഗ്രസ്സിന് തന്നെ വിശ്വാസമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

2010-ല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആര്‍എസ്എസ്സിനെതിരെ പ്രണബ് ഉന്നയിച്ച പ്രമേയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എട്ടുവര്‍ഷം  കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കാമെന്നായിരുന്നു വൈദ്യയുടെ മറുപടി. ആര്‍എസ്എസ് എഴുതിക്കൊടുക്കുന്ന പ്രസംഗം വായിക്കുകയല്ല പ്രണബ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് പ്രകടിപ്പിക്കും. പ്രണബിന്റെ സന്ദര്‍ശനം ആര്‍എസ്എസ്സിന് ഗുണമോ, ദോഷമോ എന്നതല്ല. ആര്‍എസ്എസ്സിന്റെ, എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള കാഴ്ചപ്പാട് ജനങ്ങള്‍ക്ക് വ്യക്തമാവും.

ബിജെപിക്കെതിരായ പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷകക്ഷികളുടെ ലക്ഷ്യം എങ്ങിനെയും ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുക എന്നതാണ്. പക്ഷേ, എന്താണ് വേണ്ടതെന്ന് സാധാരണക്കാരായ വോട്ടര്‍മാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.