സിപിഎം മേഖലാ റിപ്പോര്‍ട്ടിങ്: ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം

Friday 8 June 2018 1:36 am IST

കണ്ണൂര്‍: സിപിഎം മേഖലാ റിപ്പോര്‍ട്ടിംഗില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം. കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന വടക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗ് യോഗത്തിലാണ് ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിക്കാനാണ് യോഗം ചേര്‍ന്നത്. പോലീസ് വീഴ്ചകള്‍ ന്യായീകരിക്കാനാവില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി വരെയുള്ള പ്രാദേശിക നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു.

പോലീസുകാരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ വരാപ്പുഴ ഇനിയും ആവര്‍ത്തിക്കുമെന്നതടക്കമുള്ള കുറ്റപ്പെടുത്തല്‍ യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ചു. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നേട്ടത്തിന്റെ ശോഭപോലും കെടുത്തുന്ന രീതിയിലാണ് തിയറ്റര്‍ പീഡനക്കേസ് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ പോലീസ് നടപടിയുണ്ടായതെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വരാപ്പുഴയിലെ കസ്റ്റഡി മരണം പോലീസ് സേനയ്ക്ക് മാത്രമല്ല, ഭരണത്തിനും കൂടി ചീത്തപ്പേരുണ്ടാക്കി. മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്ത് വന്നതു സംബന്ധിച്ചും യോഗത്തില്‍ വിമര്‍ശനമുണ്ടായി. മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷനെതിരെയും യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ രംഗത്തെത്തി. കസ്റ്റഡിയിലെടുക്കുന്നവരോട് മാന്യമായി പെരുമാറണമെന്ന പെരുമാറ്റച്ചട്ടം പോലീസില്‍ കര്‍ശനമാക്കണം. ഇതിനായി പോലീസുകാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ എസ്പി എ.വി. ജോര്‍ജിനെ പോലീസ് അക്കാദമിയിലേക്ക് മാറ്റി സംരക്ഷിക്കുകയായിരുന്നുവെന്നും ഇത് പൊതു സമൂഹത്തെ നിരാശരാക്കിയെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. അതേസമയം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പോലീസിനെ പരസ്യമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രംഗത്ത് വന്നതിനെതിരെയും അംഗങ്ങള്‍ രംഗത്തെത്തി. എടപ്പാള്‍ തിയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ പ്രതികാരമായിരുന്നുവെന്ന തോന്നല്‍ സ്വാഭാവികമായുണ്ടാകുമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.