കോണ്‍ഗ്രസ്സുമായി സഖ്യ ശ്രമം; നായിഡുവിന് പാര്‍ട്ടിയില്‍ തിരിച്ചടി

Friday 8 June 2018 1:40 am IST

കുര്‍ണൂല്‍: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നീക്കങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് വന്‍ തിരിച്ചടി. കോണ്‍ഗ്രസ്സുമായി എന്തെങ്കിലും തരത്തിലുള്ള സഖ്യമുണ്ടാക്കിയാല്‍ താന്‍ തൂങ്ങിമരിക്കുമെന്ന് മുതിര്‍ന്ന ടിഡിപി നേതാവും ഉപമുഖ്യമന്ത്രിയുമായ കെ.ഇ. കൃഷ്ണമൂര്‍ത്തി മുന്നറിയിപ്പു നല്‍കി. നായിഡു മന്ത്രിസഭയില്‍ റവന്യു മന്ത്രികൂടിയാണ് കൃഷ്ണമൂര്‍ത്തി.

ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചില്ലെന്ന പേരില്‍ എന്‍ഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ച ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ്സിനോട് അടുക്കുന്നതിന്റെ സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ തെലുങ്കു ദേശം പാര്‍ട്ടിയില്‍ (ടിഡിപി) കടുത്ത ഭിന്നതയുണ്ടെന്നതിന്റെ  തെളിവാണ് കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍. സ്വന്തം മണ്ഡലമായ കുര്‍ണൂലില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം നിലപാടു വ്യക്തമാക്കിയത്.

ടിഡിപിയും കോണ്‍ഗ്രസ്സും തമ്മില്‍ സഖ്യമുണ്ടാക്കുന്ന പ്രശ്‌നം ഉദിക്കുന്നതേയില്ല. അങ്ങിനെ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ തൂങ്ങിമരിക്കും, കൃഷ്മൂര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പാര്‍ട്ടിക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്സിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ആന്ധ്രയില്‍ അധികാരത്തിലെത്തിയ പാര്‍ട്ടി അവരുമായി സഖ്യമുണ്ടാക്കുന്നതിനെതിരെയാണ് വിമര്‍ശനമുയരുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.