അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ് സര്‍വീസിന് നാളെ കന്നിയോട്ടം

Friday 8 June 2018 1:43 am IST

തിരുവനന്തപുരം: ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രം സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള കൊച്ചുവേളി-മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങും.  രാവിലെ 10 മണിക്ക് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി രാജെന്‍ ഗൊഹെയ്‌നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ചേര്‍ന്ന് ഫ്‌ളാഗ്ഓഫ് ചെയ്യും. ഇതോടൊപ്പം  പുനലൂര്‍-ചെങ്കോട്ട ബ്രോഡ്‌ഗേജ് പാതയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 1.15 ന് പുനലൂര്‍ റെയില്‍വേസ്റ്റേഷനിലും ചങ്ങനാശ്ശേരി റെയില്‍വെ സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം വൈകുന്നേരം 4.45 നും നടക്കും. 

വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന അന്ത്യോദയ എക്‌സ്പ്രസ് അടുത്ത ദിവസം രാവിലെ 9.15 ന് മംഗളൂരുവിലെത്തും. തിരിച്ച് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8 മണിക്ക് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 8.15 ന് കൊച്ചുവേളിയിലെത്തും. പൂര്‍ണമായും അണ്‍റിസര്‍വ്‌കോച്ചുകളാണ്  ട്രെയിനിലുള്ളത്.

ദീന്‍ദയാലു കോച്ചുകളിലേത് പോലെ അലൂമിനിയം കോമ്പോസിറ്റ് പാനലുകള്‍ ഉപയോഗിച്ചാണ് അന്ത്യോദയ എക്‌സ്പ്രസ്സിന്റെ കോച്ചുകളുടെ ഉള്‍വശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുഷ്യന്‍ സീറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍, ലാപ്‌ടോപ്പ് ചാര്‍ജിംഗ് പോയിന്റുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, മോഷണം തടയാനുള്ള സംവിധാനം, അഗ്നിശമനോപകരണങ്ങള്‍, ജൈവ ടോയ്‌ലറ്റ് എന്നിവ അന്ത്യോദയ കോച്ചുകളുടെ പ്രത്യേകതയാണ്.

49 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പുനലൂര്‍-ചെങ്കോട്ട ബ്രോഡ്‌ഗേജ് പാത. പാതയില്‍ 16 പ്രധാന പാലങ്ങളും 78 ചെറിയ പാലങ്ങളുമുണ്ട്. മൊത്തം 1.8 കിലോമീറ്റര്‍ വരുന്ന 5 തുരങ്കങ്ങളും പാതയിലുണ്ട്. 358 കോടിരൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്. 7.2 കോടി രൂപ ചെലവഴിച്ചാണ് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. കറന്റ്, അഡ്വാന്‍സ്ഡ് ബുക്കിംഗ് കൗണ്ടറുകള്‍, പാര്‍സല്‍ ബുക്കിംഗ് സൗകര്യം തുടങ്ങിയവ കെട്ടിടത്തിലുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.