ഹസാര്‍ഡ് മിന്നി; ഈജിപ്ത് വീണു

Friday 8 June 2018 1:52 am IST

ബ്രസല്‍സ്: ഈദന്‍ ഹസാര്‍ഡിന്റെ മികവില്‍ ബെല്‍ജിയത്തിന് വിജയം. ലോകകപ്പ് സന്നാഹ മത്സരത്തില്‍ അവര്‍, സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയെ കൂടാതെയിറങ്ങിയ ഈജിപ്തിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. മികച്ച പ്രകടനം പുറത്തെടുത്ത ഹസാര്‍ഡ് ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച പോര്‍ച്ചുഗലുമായി സമനില പിടിച്ച ബെല്‍ജിയം ഇന്നലെ തകര്‍ത്തുകളിച്ചു. അതേസമയം സലയെ കൂടാതെ കളിച്ച ഈജിപ്തിന് അവസരത്തിനൊത്തുയരാനായില്ല. 27-ാം മിനിറ്റില്‍ ബെല്‍ജിയം മുന്നിലെത്തി. ഹസാര്‍ഡിന്റെ പാസ് റൊമേലു ലുക്കാകൂ ഗോളാക്കി മാറ്റി. ദേശീയ ടീമിനുവേണ്ടി ലുകാകുവിന്റെ 34-ാം ഗോളാണിത്. ഏഴു മിനിറ്റുകള്‍ക്കുശേഷം ഹസാര്‍ഡ് ലക്ഷ്യം കണ്ടു. ബെല്‍ജിയത്തിനായി 80 മത്സരങ്ങളില്‍ ഹസാര്‍ഡിന്റെ 22-ാം ഗോള്‍. അവസാന നിമിഷങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മറൗനി ഫെല്ലയ്‌നി ബെല്‍ജിയത്തിന്റെ മൂന്നാം ഗോളും കുറിച്ചു.

ബെല്‍ജിയം ആരാധകര്‍ക്ക് ആശ്വാസമായി ഈ വിജയം. ലോകകപ്പില്‍ ഗ്രൂപ്പ് ജി യില്‍ മത്സരിക്കുന്ന ബെല്‍ജിയം രണ്ടാം റൗണ്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ട് , ടുണീഷ്യ, പനാമ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ടീം വിജയിച്ചെങ്കിലും കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ആശങ്കകള്‍ തുടരുകയാണ്.പ്രധാന കളിക്കാരുടെ പരിക്കാണ് കോച്ചിനെ അലട്ടുന്നത്. പ്രതിരോധനിരയിലെ കരുത്തരായ തോമസ് വര്‍മീലന്‍, വിന്‍സന്റ കൊമ്പാനി എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ഈജിപ്തിനെതിരായ മത്സരത്തില്‍ തകര്‍ത്തുകളിച്ച ഹസാര്‍ഡിനും ആദ്യ മിനിറ്റില്‍ പരിക്കേറ്റു. രണ്ടാം പകുതിയില്‍ ഹസാര്‍ഡ് പുറത്തിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

ഈജിപ്തിനെതിരെ ഫോമിലേക്കുയരാനായി. ഒന്നാന്തരം അവസരങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഗോളും നേടി. ഇതു പോലത്തെ പ്രകടനം ആവര്‍ത്തിച്ചാല്‍ റഷ്യയില്‍ ടീമിന് മുന്നേറാനാകുമെന്ന്  ഹസാര്‍ഡ് പറഞ്ഞു.

മറ്റൊരു മത്സരത്തില്‍ നോര്‍വെ ഏകപക്ഷീയമായ ഒരു ഗോളിന് പനാമയെ പരാജയപ്പെടുത്തി.കളിയുടെ നാലാം മിനിറ്റില്‍ ജോഷ്വ കിങ്ങാണ് ഗോള്‍ നേടിയത്.

നേരത്തെ നടന്ന സന്നാഹ മത്സരങ്ങളില്‍ പനാമ വെയ്ല്‍സിനോടും അയര്‍ലന്‍ഡിനോടും സമനില പിടിച്ചു. അതേസമയം ഇറാന്‍, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളോട് തോറ്റു. സ്വിറ്റ്‌സര്‍ലന്‍ഡിനോട് എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് തോറ്റത്.

ഇതാദ്യമായി ലോകകപ്പിന് മത്സരിക്കാനെത്തുന്ന പനാമ ഗ്രൂപ്പ് ജിയില്‍ ആദ്യ മത്സരത്തില്‍ ജൂണ്‍ 18 ന് ബെല്‍ജിയത്തെ നേരിടും. ടുണീഷ്യയും ഇംഗ്ലണ്ടുമാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.