കൂളായി പ്രണബ് ഒപ്പം നടന്ന് മോഹന്‍ ഭാഗവത്

Friday 8 June 2018 1:58 am IST
സ്വന്തം വസതിയിലെന്ന പോലെയായിരുന്നു ആര്‍എസ്എസ് ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ശരീരഭാഷ. പലപ്പോഴും സര്‍സംഘചാലക് മോഹന്‍ ഭാഗവതില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്ന പ്രണബിനെയാണ് കാണാന്‍ സാധിച്ചത്. കോണ്‍ഗ്രസ് നേതാക്കളും മകളും ഉള്‍പ്പെടെ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അദ്ദേഹത്തെ സ്പര്‍ശിച്ചതേയില്ല.

നാഗ്പൂര്‍: നാഗ്പൂര്‍ സന്ദര്‍ശനം ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയ കോളിളക്കങ്ങളൊന്നും പ്രണബിനെ അലട്ടിയില്ല. പ്രസന്നവദനനും ഊര്‍ജസ്വലനുമായിരുന്നു അദ്ദേഹം. സ്വന്തം വസതിയിലെന്ന പോലെയായിരുന്നു ആര്‍എസ്എസ് ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ശരീരഭാഷ. പലപ്പോഴും സര്‍സംഘചാലക് മോഹന്‍ ഭാഗവതില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്ന പ്രണബിനെയാണ് കാണാന്‍ സാധിച്ചത്. കോണ്‍ഗ്രസ് നേതാക്കളും മകളും ഉള്‍പ്പെടെ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അദ്ദേഹത്തെ സ്പര്‍ശിച്ചതേയില്ല. 

 ബുധനാഴ്ച വൈകിട്ട് തന്നെ പ്രണബ് നാഗ്പൂരിലെത്തിയിരുന്നു. നാഗ്പൂര്‍ രാജ്ഭവനില്‍ താമസിച്ച അദ്ദേഹത്തിന്റെ അത്താഴം മോഹന്‍ ഭാഗവതിനൊപ്പമായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മഗൃഹത്തിലെത്തിയ പ്രണബിനെ മോഹന്‍ ഭാഗവത് സ്വീകരിച്ചു. സര്‍ കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും അനുഗമിച്ചു. ഭാഗവതും പ്രണബും സംസാരിക്കുന്നതിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സന്ദര്‍ശക ബുക്കില്‍ ഹെഡ്‌ഗേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രനെന്ന് വിശേഷിപ്പിച്ചു. പ്രണബ് എന്താണ് സംസാരിക്കുകയെന്ന് ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്ക് വ്യക്തമായ സൂചനയായിരുന്നു ഇത്. ആര്‍എസ്എസ്സിനെതിരെ പ്രണബ് പരാമര്‍ശം നടത്തുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. 

ഡോക്ടര്‍ജിയുടെയും രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറിന്റെയും സ്മൃതികുടീരത്തില്‍ അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ആറരയ്ക്ക് മോഹന്‍ ഭാഗവതും പ്രണബും ഒരുമിച്ച് വേദിയിലെത്തി. ധ്വജാരോഹണത്തിലും പ്രാര്‍ത്ഥനാ സമയത്തും അദ്ദേഹം ദക്ഷയില്‍ നിന്നു. തുടര്‍ന്ന് ശാരീരിക പ്രദര്‍ശനമായിരുന്നു. ദണ്ഡ, നിയുദ്ധ, വ്യായാംയോഗ് തുടങ്ങിയവ ഗൗരവത്തോടെ വീക്ഷിച്ചു. സര്‍സംഘചാലകിന് ശേഷമായിരുന്നു രാജ്യം കാത്തിരുന്ന പ്രസംഗത്തിനായി പ്രണബ് എഴുന്നേറ്റത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.