രാജ്യസഭയിലേക്ക് അച്ഛനോ മകനോ; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Friday 8 June 2018 11:58 am IST

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് കേരളാ കോണ്‍ഗ്രസ് നേതാക്കളായ കെ.എം മാണിയോ ജോസ് കെ. മാണിയോ മത്സരിച്ചേക്കും.  സ്ഥാനാര്‍ത്ഥിയെ നിഴ്ചയിക്കാനുള്ള കേരള കോണ്‍ഗ്രസ് (എം) ന്റെ പാര്‍ട്ടിയോഗം രാവിലെ തുടങ്ങി. എന്നാല്‍ യുഡി‌എഫ് യോഗത്തിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ. 

രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നും ഒഴിവുള്ള ഏക സീറ്റ് കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിന് നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടിക്ക് അകത്തുനിന്നും ഒരുപാട് വിമര്‍ശനം നേരിടേണ്ടിവന്നു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനിടെയാണ് കെ എം മാണി തങ്ങള്‍ യു ഡി എഫിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെയാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ തീരുമാനിച്ചത്. 

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ എതിര്‍പ്പുള്ള നേതാക്കള്‍ യുഡി‌എഫ് യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കും.   രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തിലും അതിശക്തമായ എതിര്‍പ്പുണ്ട്. വ്യാഴാഴ്ച രാത്രി പാലായിലും ആലപ്പുഴയിലും യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പാലായില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്തിന്റെ നയത്തില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു.   ആലപ്പുഴയില്‍  ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കരി ഓയില്‍ അഭിഷേകവും നടത്തി. ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ചു കോടതി പാലത്തിനു സമീപം ഡിസിസി സ്ഥാപിച്ച ബോര്‍ഡിലാണ് കരി ഓയില്‍ ഒഴിച്ചിരിക്കുന്നത്.

അതിനിടെ സിപിഎമ്മും സിപിഐയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. സിപിഐ ബിനോയ് വിശ്വത്തേയും സിപിഎം എളമരം കരീമിനേയുമാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.