മുഖ്യമന്ത്രിയുടെ മതേതരത്വം വിമര്‍ശിക്കപ്പെടുന്നു

Friday 8 June 2018 3:21 pm IST
തരംപോലെ പിണറായിക്ക് ഉപയോഗിക്കാനുള്ളതാണോ മതേതരത്വം. പ്രണബ് മുഖര്‍ജിയുടെ കാലത്ത് ഹമീദ് അന്‍സാരി ആയിരുന്നു ഉപരാഷ്ട്രപതി. പ്രണബ് മുഖര്‍ജി കാത്തുസൂക്ഷിക്കണം എന്ന് പിണറായി പറയുന്ന മതേതരത്വം ഹമീദ് അന്‍സാരിക്കും ബാധകമാണല്ലോ.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ 'മതേതരത്വം' വിമര്‍ശിക്കപ്പെടുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് മതേതരത്വത്തിന് ഭീഷണിയാണെന്ന് പിണറായി പ്രസ്താവിച്ചിരുന്നു. എന്നാല്‍ എസ്ഡിപിഎയുടെ കോഴിക്കോട്ടെ പരിപാടിയില്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുത്തപ്പോള്‍ ഇത്തരം വിമര്‍ശനം നടത്താന്‍ മുഖ്യമന്ത്രി തയാറായില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. 

സാമൂഹ്യ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്ക് രൂക്ഷമായ വിമര്‍ശനങ്ങളാണ്. മാധ്യമപ്രവര്‍ത്തകന്‍ എം.എസ് സനില്‍ കുമാര്‍ ഫേസ്‌ബുക്കില്‍ ഇങ്ങനെയെഴുതി: '' ആര്‍എസ്എസ് വര്‍ഗീയമായിരാഷ്ട്രത്തെ ഭിന്നിപ്പിക്കാന്‍ നടക്കുന്ന സംഘടന ആണെന്നും പ്രണബ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് മതേതരത്വത്തിന് ഭീഷണി ആണെന്നും മുഖ്യമന്ത്രി പറയുന്നു... തരംപോലെ പിണറായിക്ക് ഉപയോഗിക്കാനുള്ളതാണോ മതേതരത്വം. പ്രണബ് മുഖര്‍ജിയുടെ കാലത്ത് ഹമീദ് അന്‍സാരി ആയിരുന്നു ഉപരാഷ്ട്രപതി. പ്രണബ് മുഖര്‍ജി കാത്തുസൂക്ഷിക്കണം എന്ന് പിണറായി പറയുന്ന മതേതരത്വം ഹമീദ് അന്‍സാരിക്കും ബാധകമാണല്ലോ. എന്നാല്‍ എന്താണ് ഒരു വര്‍ഷം മുന്‍പ് ഹമീദ് അന്‍സാരി ചെയ്തത്? തീവ്രവാദ ആരോപണങ്ങളുടെ പേരില്‍ നിരോധിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം സെമിനാര്‍ ഉദ്ഘാടനം ചെയ്താണ് ഹമീദ് അന്‍സാരി മാതൃക ആയത്. ഉത്തരേന്ത്യയില്‍ എങ്ങും ആയിരുന്നില്ല പരിപാടി. ഇവിടെ ഈ കേരളത്തില്‍. പരിപാടിയുടെ മുഖ്യസംഘാടക മതപരിവര്‍ത്തന കേസുകളില്‍ അന്വേഷണം നേരിടുന്ന വുമണ്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ്; കാലിക്കറ്റ് സര്‍വകലാശാല വേദി പോലും നിഷേധിച്ച പരിപാടിയിലാണ് അന്‍സാരി പങ്കെടുത്തത്.

സര്‍വകലാശാല കാമ്പസിലെ സെമിനാര്‍ കോംപ്ലക്‌സിലാണ് ആദ്യം പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനിടെ ഇസ്ലാമിക് ചെയറിന്റെ ഭരണസമിതിയായ ഫെഡറേഷന്‍ ഓഫ് മുസ്ലിം കോളേജസ് ആണ് പരിപാടിക്കെതിരേ പരാതിയുമായി വൈസ് ചാന്‍സലറെ സമീപിച്ചത്. പരിപാടിയെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് ഭരണസമിതി സെക്രട്ടറിതന്നെ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് പരിപാടിക്കു വേദി നിഷേധിക്കാന്‍ വൈസ് ചാന്‍സിലര്‍ തീരുമാനിച്ചത്. വേദിക്കായി അപേക്ഷ നല്‍കുമ്പോള്‍ പരാമര്‍ശിക്കാത്ത സംഘടനകള്‍കൂടി പരിപാടിയില്‍ ഉള്‍പ്പെട്ടതും നടപടിക്കു കാരണമാണ്. ഇതേത്തുടര്‍ന്ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്.

ദേശീയ തലത്തില്‍ വിവാദമായ കേരള വിഷയങ്ങളുടെ ഒരു വശത്ത് എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. മതംമാറ്റ കേസുകളുടെ പേരിലും ഐസിസ് ബന്ധത്തിന്റെ പേരിലുമാണ് ഈ സംഘടന വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. തീവ്ര വര്‍ഗീയ നിലപാട് വെച്ചു പുലര്‍ത്തുന്ന സംഘടന. ഇതിനിടെയാണ് എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.  ഇത്രയും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സംഘടനയുടെ പരിപാടിയിലാണ് മുന്‍ ഉപരാഷ്ട്രപതി പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അന്‍സാരിക്ക് പിണറായി വിജയന്റെ പോലീസ് സുരക്ഷയും ഒരുക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയര്‍മാന്‍ ഇ അബൂബക്കറും ഹമീദ് അന്‍സാരിക്കൊപ്പം വേദി പങ്കിട്ടു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പറയുന്ന റിപ്പോര്‍ട്ടിലെ പ്രധാന കാര്യം തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിയ കേസാണ്. ഈ കേസുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാല്‍ കൈവെട്ട് കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് സുവ്യക്തമാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത കാലത്ത് നടന്ന പല തീവ്രവാദ സംഭവങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ മതം മാറ്റവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ ആതിരയെന്ന പെണ്‍കുട്ടി ഗുരുതരമായ ആരോപണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉന്നയിച്ചത്. അതേസമയം പോപ്പുലര്‍ ഫ്രണ്ട് ആണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന്‌ ബോധ്യമായതിനെത്തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍ ചടങ്ങില്‍ നിന്നു വിട്ടു നിന്നു.

ഹമീദ് അന്‍സാരിയെ വിമര്‍ശിക്കാന്‍ എന്തിനു താങ്കള്‍ ഭയപ്പെടുന്നു? അന്ന് ഒരക്ഷരം...മതേതരത്വം തകര്‍ന്നെന്നോ, ഭീഷണിയില്‍ എന്നോ ഉള്ള ഒരു വരിപോലും താങ്കളുടെ നാവില്‍ നിന്ന് ഉതിര്‍ന്നുവീണില്ലല്ലോ. പിന്നെ ഇപ്പോള്‍ താങ്കള്‍ക്ക് പ്രണബ് മുഖര്‍ജിയെ വിമര്‍ശിക്കാന്‍ ധാര്‍മികമായി എന്ത് യോഗ്യത ആണുള്ളത്. ശുദ്ധ ഇരട്ടത്താപ്പ്. അത് മാത്രമാണിത്.'' 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.